തിലോപ്പിയ കഴിക്കാന്‍ കൊതി, കുക്കിംഗില്‍ പാളി, ജീവൻ രക്ഷിക്കാന്‍ 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കി

By Web Team  |  First Published Sep 17, 2023, 11:27 AM IST

മത്സ്യം പൂര്‍ണമായും പാകമാവുന്നതിന് മുന്‍പ് കഴിച്ചത് മൂലമുണ്ടായ ബാക്ടീരിയ അണുബാധയായിരുന്നു 40കാരിക്കുണ്ടായത്

40 year old mother loses all four limbs after she caught bacterial infection from eating undercooked tilapia etj

സാന്‍ജോസ്: പൂര്‍ണമായി പാകം ചെയ്യാത്ത മത്സ്യത്തില്‍ നിന്നുമുണ്ടായ അണുബാധയേ തുടര്‍ന്ന് 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കി. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് സംഭവം. ലോറ ബാറാജാസ് എന്ന 40 കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ വ്യാഴാഴ്ചയാണ് കൈകാലുകള്‍ മുറിച്ച് നീക്കിയത്. അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. ആറ് വയസുകാരനായ കുട്ടിയുടെ അമ്മയായ ലോറ ജൂലൈ മാസത്തിലാണ് അവശനിലയിലായത്.

സാന്‍ജോസിലെ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെയായിരുന്നു ഇവര്‍ അവശനിലയിലായത്. മത്സ്യം പൂര്‍ണമായും പാകമാവുന്നതിന് മുന്‍പ് കഴിച്ചത് മൂലമുണ്ടായ ബാക്ടീരിയ അണുബാധയായിരുന്നു 40കാരിക്കുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ലോറയുടെ വിരലുകളും കാലുകളും കീഴ് ചുണ്ടും കറുത്ത നിറമായി മാറിയിരുന്നു. കിഡ്നി തകരാറും ലോറക്ക് സംഭവിച്ചതോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്നയിനം ബാക്ടീരിയയില്‍ നിന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യ നിലയെ ബാധിച്ചതെന്നാണ് നിരീക്ഷണം.

Latest Videos

അടുത്തിടെ സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിഭാഗം ഇത്തരം അണുബാധയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുറിവുകളിലൂടെയോ പൂര്‍ണമായി പാകം ചെയ്യാത്ത ചിലയിനം മത്സ്യ വിഭവങ്ങളിലൂടെയുമാണ് ഇത്തരം അണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. ഓരോ വര്‍ഷവും 150 മുതല്‍ 200 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ ബാര്‍ഡോയില്‍ മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചിരുന്നു. 'ബോട്ടുലിസം' എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image