ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കുന്നംകുളമങ്ങാടിയില്‍ കണ്ണന്‍ മീങ്കറിയുടെ മണം പരക്കുന്നതാണ് ക്രിസ്തുമസിന്‍റെ അടയാളമെന്നാണ് പരക്കെ പറയുന്നത്
കുന്നംകുളം: കൂർക്കയിട്ട ബീഫും കായയിട്ട പോർക്കും നിരക്കുന്ന തീൻ മേശയിലെ രുചി ലാവണ്യമാണ് കുന്നംകുളത്തുകാരുടെ മാങ്ങയിട്ട കണ്ണൻ മീൻ കറി. മാങ്ങയിട്ട കണ്ണൻ മീൻ കറിയില്ലാതെ "ന്തൂട്ട് " ക്രിസ്മസ് എന്ന് ചോദിക്കുന്ന കുന്നംകുളമങ്ങാടിയിലെ പനയ്ക്കൽ വീട്ടിലെ ക്രിസ്തുമസ് വിരുന്ന് ഇങ്ങനെയാണ്. പത്തമ്പത്തിയേഴ് കൊല്ലം മുന്പ് ചെങ്ങന്നൂരുനിന്ന് കുന്നംകുളത്തെ പനയ്ക്കല്‍ തമ്പാനെ കല്യാണം കഴിച്ചു വരുമ്പോള്‍ ജ്യോതി തമ്പാന് കുന്നംകുളത്തെ രുചികളെല്ലാം അപരിചിതമായിരുന്നു.
കൂര്‍ക്കയിട്ട ബീഫും കായയിട്ട പോര്‍ക്കും ഉരുളക്കിഴങ്ങിട്ട കോഴിയുമെല്ലാം അടുക്കളയുടെ രസ താളത്തില്‍ ഓടിക്കളിച്ചു. പെരുന്നാളിനും ക്രിസ്മസിനും തീന്‍മേശയില്‍ ഹരം പകര്‍ന്നു നിരന്നതിലേറ്റവും ലാവണ്യമുള്ള കറിയേതെന്ന് ചോദിച്ചാല് അമ്മയ്ക്കൊപ്പം വട്ടം നിന്ന് മക്കളും കൊച്ചു മക്കളും പറയും മാങ്ങയിട്ട കണ്ണന്‍ മീന്‍ കറിയെന്ന്.
undefined
മൂന്നാം പാലിലും രണ്ടാം പാലിലും മുങ്ങിക്കിടക്കുന്ന കണ്ണനെന്ന വരാലിനെ മാങ്ങയിലും പൊടികളിലും പുതപ്പിച്ച് ചട്ടീലിട്ട് വറ്റിക്കും. വറ്റി, വറ്റിവരുമ്പോള്‍ തീയിത്തിരി കുറച്ചു കൊടുത്തിളക്കും. ഒന്നാം പാല്‍ ചേര്‍ത്ത് പാകമായിക്കിടക്കുന്ന കണ്ണന്‍ കറിയിലേക്ക് ചുവന്നുള്ളി ചതച്ചു മുളക് താളിച്ച് ചേര്‍ത്ത് പത്തു മിനിറ്റ് അടച്ചു വയ്ക്കും. കുന്നംകുളത്തുകാരുടെ ഫേവറിറ്റ് വിഭവം തയ്യാർ. ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കുന്നംകുളമങ്ങാടിയില്‍ കണ്ണന്‍ മീങ്കറിയുടെ മണം പരക്കുന്നതാണ് ക്രിസ്തുമസിന്‍റെ അടയാളമെന്നാണ് പരക്കെ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം