വാൾമാർട്ടിന്റെ വിവിധ ശൃംഖലയിലേക്ക് വിതരണം ചെയ്ത ഇറച്ചിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയത്
പെൻസിൽവാനിയ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലൂടെ വിൽപന ചെയ്ത എട്ട് ടൺ ബീഫ് തിരിച്ചെടുക്കുന്നു. ഇറച്ചിയിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പെൻസിൽവാനിയയിലെ വാൾമാർട്ടിലൂടെ വിതരണം ചെയ്ത 8 ടൺ ഗ്രൌണ്ട് ബീഫാണ് തിരികെ എടുക്കുന്നത്. കാർഗിൽ മീറ്റ് സൊല്യൂഷ്യൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വാൾമാർട്ടിന്റെ വിവിധ ശൃംഖലയിലേക്ക് വിതരണം ചെയ്ത ഇറച്ചിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് ദേശീയ തലത്തിൽ അമേരിക്കയിലെ കൃഷി വകുപ്പ് ഇറച്ചി തിരികെയെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനോടകം ഇറച്ചി കഴിച്ചതിന് പിന്നാലെ ഇതുവരെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കണക്ടികട്ട്, മെരിലാൻഡ്, മസാച്യുസെറ്റ്സ്, ന്യൂ ഹാംപ്ഷെയർ, ന്യൂയോർക്ക്, നോർത്ത് കരോലിന, ഓഹായോ, പെനിസിൽവാനിയ, വേർമോന്റ്, വിർജീനിയ, വാഷിംഗ്ടൺ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ വിതരണം ചെയ്ത ഇറച്ചിയിൽ ബാക്ടീരിയ എങ്ങനെയെത്തിയെന്നതിനേക്കുറിച്ച് ഇതുവരേയും പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
undefined
കടുത്ത വയറിളക്കം, വയറുവേദന,കടുത്ത ക്ഷീണം, പനി എന്നിവയാണ് ഇ കൊളി ബാക്ടീരിയ ബാധയുടെ പ്രധാനലക്ഷണങ്ങൾ. ബാക്ടീരിയയുമായി സമ്പർക്കത്തിലെത്തിയാൽ മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ആരോഗ്യമുള്ള മിക്കവരും ബാക്ടീരിയ ബാധ ഒരു ആഴ്ചയ്ക്കുള്ളിൽ അതിജീവിക്കുമെങ്കിലും കുട്ടികളിലും മറ്റും ബാക്ടീരിയ ബാധ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കുട്ടികളിൽ കിഡ്നി തകരാർ അടക്കമുള്ളവയിലേക്ക് ഇ കൊളി ബാധ കാരണമാകാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം