ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്‍ വെച്ച് പിടികൂടിയത്. ലോറിയില്‍ വെളുത്ത ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ.
കോഴിക്കോട്: കൃത്യമായ രേഖകളോ ഉല്‍പന്നവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇല്ലാതെ കൊണ്ടുവരികയായിരുന്ന 4000 കിലോഗ്രാം ശര്‍ക്കര പിടികൂടി. തമിഴ്‌നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശര്‍ക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്‍ വെച്ച് പിടികൂടിയത്. ലോറിയില്‍ വെളുത്ത ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ. ഉല്‍പന്നവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ചാക്കില്‍ രേഖപ്പെടുത്തിയിരുന്നില്ല.
മായം ചേര്‍ത്തവയാകാം ഇതെന്നാണ് നിഗമനം. കുറഞ്ഞ വിലയിൽ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി എത്തിച്ചതാകാനാണ് സാധ്യതയെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. ഇത് പരിശോധനക്കായി അയക്കും. ജില്ലയില്‍ ലേബലില്ലാത്ത ശര്‍ക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃതമായി ഒരു ലോഡ് ശര്‍ക്കരയെത്തിയത്.
അതേസമയം, ക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വെലന്‍സ് സാമ്പിളുകളും പരിശോധനക്കയയ്ച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം