ഭക്ഷണത്തിൽ ഡെലിവറി മാൻ മൂത്രമൊഴിച്ചെന്ന് യുവതി, സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ശരിക്കും ഞെട്ടി
നിരവധി തവണ ഡെലിവറി ഡ്രൈവർ താൻ നിരപരാധിയാണ് എന്നും, അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്നും ആവർത്തിച്ച് പറഞ്ഞു. എന്നാൽ, സ്ത്രീ അയാളെ വിശ്വസിക്കാനേ തയ്യാറായില്ല.
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തതാണ് ട്രാവലറായ യുവതി. എന്നാൽ, പുറത്തുവച്ച ഭക്ഷണം എടുക്കാൻ ചെന്നപ്പോഴാകട്ടെ അതാകെ മൂത്രത്തിൽ കുളിച്ചിരിക്കുന്നു. ദേഷ്യം കയറിയ യുവതി ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ നല്ല ചീത്തയും വിളിച്ചു.
ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു യുവതി താമസിച്ചിരുന്നത്. അവിടെ വച്ചാണ് യുവതിക്ക് ഈ അനുഭവമുണ്ടായത്. മൊബൈലിൽ ഭക്ഷണമെത്തിയതായുള്ള നോട്ടിഫിക്കേഷൻ വന്നയുടനെ തന്നെ യുവതി വാതിൽ തുറന്നു. പുറത്ത് വച്ചിരുന്ന ഭക്ഷണത്തിനടുത്തെത്തിയപ്പോഴാണ് അതിൽ നിറയെ മൂത്രം കണ്ടത്. ഉടനെ തന്നെ യുവതി അതിന്റെ ചിത്രമെടുത്ത് അത് ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. ഒപ്പം ഒരു മെസ്സേജും അയച്ചു. 'എനിക്ക് കൊണ്ടുവച്ച ഭക്ഷണത്തിൽ നിറയെ മൂത്രമാണ്. നിങ്ങൾക്ക് യാതൊരു മര്യാദയുമില്ല' എന്നായിരുന്നു മെസ്സേജ്.
ആകെ അന്തംവിട്ടുപോയ ഡെലിവറി ഡ്രൈവർ, 'എനിക്ക് മര്യാദയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്' എന്ന് തിരികെ ഒരു മെസ്സേജ് അയച്ചു. ദേഷ്യം വന്ന യുവതി ഉടനെ തന്നെ അയാളെ ഫോണിൽ വിളിച്ചു. 'നിങ്ങൾ ചെയ്ത ഒരു കാര്യം എന്തുകൊണ്ടാണ് നിങ്ങൾക്ക് സമ്മതിക്കാൻ പറ്റാത്തത്. ആ ഭക്ഷണം തൊട്ട രണ്ടേരണ്ടു വ്യക്തികൾ ഞാനും നിങ്ങളുമാണ്. ഞാൻ എനിക്കുള്ള ഭക്ഷണത്തിൽ മൂത്രമൊഴിക്കുമോ' എന്നാണ് വിളിച്ച ശേഷം യുവതി ചോദിച്ചത്.
നിരവധി തവണ ഡെലിവറി ഡ്രൈവർ താൻ നിരപരാധിയാണ് എന്നും, അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്നും ആവർത്തിച്ച് പറഞ്ഞു. എന്നാൽ, സ്ത്രീ അയാളെ വിശ്വസിക്കാനേ തയ്യാറായില്ല. ഒടുവിൽ ഡെലിവറി ഡ്രൈവർ തന്നെയാണ് യുവതിയോട് സിസിടിവി പരിശോധിക്കാൻ പറയുന്നത്. ഉടനെ തന്നെ യുവതി ഗസ്റ്റ് ഹൗസ് ഉടമയെ വിളിച്ചു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് അടുത്ത വീട്ടിലെ പട്ടി വന്ന് ഭക്ഷണത്തിൽ മൂത്രമൊഴിച്ചിട്ട് പോകുന്നതായി കണ്ടത്.
ഇത് കണ്ടതോടെ യുവതി ആകെ വല്ലാതായി. ഉടനെ തന്നെ അവർ ഡെലിവറി ഡ്രൈവറെ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം