മകളേ വരിക; പെൺകുഞ്ഞിനെ സ്വീകരിക്കാൻ ഈ കുടുംബം ചെയ്തത് കണ്ടോ?
വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തി. ഒരു സ്ത്രീയുടെ കമന്റ് ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു.
പെൺകുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ഒരു സമൂഹമായിരുന്നു ഇന്ത്യയിൽ ഒരു കാലത്ത്. പെൺകുഞ്ഞുങ്ങൾ ജനിച്ചതിന്റെ പേരിൽ അപമാനിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്ത എത്രയോ അമ്മമാർ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, കാലം മാറി ഇന്ന് പെൺകുഞ്ഞുങ്ങളെ ഇഷ്ടപ്പെടുകയും തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്ന നിലയിലേക്ക് നമ്മുടെ സമൂഹം എത്തിയിട്ടുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് നോയ്‍ഡയിൽ നിന്നുള്ള ഈ അതിമനോഹരമായ ചിത്രം.
ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് സുപ്രിയ എന്ന യൂസറാണ്. 'ഒരു പെൺകുട്ടി ജനിച്ചിരിക്കുന്നു, ദിസ് ഈസ് ഹോൾസം' എന്നാണ് ചിത്രത്തിനൊപ്പമുള്ള കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. ഇത് എവിടെ നിന്നുള്ള ചിത്രമാണ് എന്ന് വ്യക്തമല്ലെങ്കിലും യുപിയിലെ നോയ്‍ഡയിൽ നിന്നുള്ള ചിത്രമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അപാർട്മെന്റുകൾ എന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ കാണാം. അതിന് പുറത്തായി പെൺകുഞ്ഞിനെ സ്വീകരിക്കാൻ പിങ്ക് നിറത്തിലുള്ള ബലൂണുകൾ വഴി നീളെ വച്ചിരിക്കുന്നതും കാണാം. ആരുടേയും മനസിന് കുളിർമ്മയേകുന്നതാണ് ഈ കാഴ്ച എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തി. ഒരു സ്ത്രീയുടെ കമന്റ് ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. 'ഞാൻ ജനിച്ചപ്പോൾ എന്റെ കുടുംബത്തിലെ ആളുകൾ ആകെ അസ്വസ്ഥരായി. എന്റെ മുത്തശ്ശി കരഞ്ഞു. എന്റെ സ്വന്തം അമ്മ അവരൊരു പെൺകുഞ്ഞിനാണല്ലോ ജന്മം നൽകിയത് എന്നോർത്ത് അസ്വസ്ഥയായി. ഈ പോസ്റ്റ് കാണുന്നത് വരെ ഇത് എന്റെ ഉള്ളിൽ എവിടെയോ ആഴത്തിൽ കിടന്ന് എന്നെ അലട്ടുന്നുണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് കരച്ചിൽ നിർത്താൻ കഴിയുന്നില്ല' എന്നായിരുന്നു അവർ കുറിച്ചത്.
ഓരോ പെൺകുട്ടിയേയും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഓരോ കുടുംബവും സ്വാഗതം ചെയ്തെങ്കിൽ എന്നും നിരവധിപ്പേർ കമന്റ് നൽകി.