ട്രാൻസിറ്റ് യാത്രക്കാരൻ എയർപോർട്ടിൽ വെച്ച് ജീവനക്കാരന് കൈമാറിയത് നാല് കിലോയോളം സ്വർണം; മുംബൈയിൽ വൻ സ്വർണവേട്ട
ട്രാൻസിറ്റിനിടെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ഏജൻസി ജീവനക്കാരന് എന്തോ സാധനം കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇരുവരെയും പിടികൂടുകയും ചെയ്തു.
മുംബൈ: ട്രാൻസിറ്റ് യാത്രക്കാരൻ രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. 2.714 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമോളം സ്വർണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് സ്വീകരിച്ചുവരികയായിരുന്ന നടപടികളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒരാളെ സംശയം തോന്നി. ഇയാളെ അധികൃതർ വിമാനത്താവളത്തിലുടനീളം നിരീക്ഷിച്ചു. ദുബൈയിൽ നിന്ന് എത്തിയ ഇയാൾ മാലിയിലേക്ക് പോകേണ്ടതായിരുന്നു. ട്രാൻസിറ്റിനിടെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ഏജൻസി ജീവനക്കാരന് എന്തോ സാധനം കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇരുവരെയും പിടികൂടുകയും ചെയ്തു. 12 ചെറിയ പൊതികളിലായി കടത്തിക്കൊണ്ടുവന്ന 24 കാരറ്റ് സ്വർണം പൊടി രൂപത്തിലായിരുന്നു. ആകെ 3.976 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഇതിന്. സ്വകാര്യ ഏജൻസി ജീവനക്കാരന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇരുവരെയും കസ്റ്റംസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം