22 കൊല്ലം കാത്തിരുന്നു, അച്ഛന്റെ കൊലപാതകിയെ ട്രക്ക് കയറ്റിക്കൊന്ന് മകൻ
പിതാവ് കൊല്ലപ്പെടുമ്പോൾ എട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗോപാൽ, നഖത്തിനെ കൊല്ലാൻ ഒരു അവസരം കാത്ത് നിൽക്കുകയായിരുന്നത്രെ.
22 വർഷം കാത്തിരുന്ന് അച്ഛനെ കൊന്നയാളെ കൊലപ്പെടുത്തി മകൻ. അഹമ്മദാബാദിലെ ബൊഡക്‌ദേവിലാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവാവാണ് തൻ്റെ പിതാവിൻ്റെ കൊലപാതകിയെ പിതാവിനെ കൊന്ന അതേ രീതിയിൽ കൊലപ്പെടുത്തിയത്.
പ്രതിക്ക് വെറും എട്ട് വയസ് മാത്രം പ്രായപ്പോഴാണ് പിതാവ് കൊല്ലപ്പെടുന്നത്. അന്നുമുതൽ പിതാവിനെ കൊലപ്പെടുത്തിയയാളെ കൊലപ്പെടുത്താൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നത്രെ ഇയാൾ. രാജസ്ഥാനിലെ ജയ്‌സാൽമീർ സ്വദേശിയും തൽതേജ് നിവാസിയുമായ നഖത്ത് സിംഗ് ഭാട്ടിയാണ് (50) ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിക്കപ്പ് ട്രക്ക് ഇടിച്ച് മരിച്ചത്. ആദ്യം എല്ലാവരും കരുതിയിരുന്നത് ഇത് ഒരു സാധാരണ അപകടമരണമാണ് എന്നാണ്.
എന്നാൽ, പിന്നീടുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണ് എന്ന് മനസിലാവുന്നത്. 22 വർഷത്തെ പദ്ധതിയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒടുവിൽ ഇയാളെ കൊലപ്പെടുത്തിയ കേസിൽ ഗോപാൽ സിംഗ് ഭാട്ടി എന്ന 30 -കാരൻ അറസ്റ്റിലാവുകയായിരുന്നു.
2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു. ഇവർക്ക് ഏഴ് വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. അത് കഴിഞ്ഞപ്പോൾ എല്ലാവരും ജയിലിൽ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാൽ, പിതാവ് കൊല്ലപ്പെടുമ്പോൾ എട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗോപാൽ, നഖത്തിനെ കൊല്ലാൻ ഒരു അവസരം കാത്ത് നിൽക്കുകയായിരുന്നത്രെ.
രാത്രിയായാൽ അപരിചിതരായ ആണുങ്ങളെത്തും, വാതിലിൽ മുട്ടും, ശുചിമുറിയിൽ പോലും പോവാനാവാതെ പെൺകുട്ടികൾ
തൽതേജിലെ ഒരു റെസിഡൻഷ്യൽ കോളനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു നഖത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് ഗോപാൽ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് ഇയാളെ ഇടിച്ചുവീഴ്ത്തുന്നത്. പിന്നാലെ പിക്കപ്പ് ട്രക്ക് നഖത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയും ചെയ്ത ശേഷം അവിടെ നിന്നും രക്ഷപ്പെടാനും ഗോപാൽ ശ്രമിച്ചിരുന്നു.
എന്നാൽ, അധികം ദൂരെയല്ലാത്ത ഒരിടത്ത് നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതായിരുന്നു കേസ്. എന്നാൽ, ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടത്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു ഗ്രാമത്തിൽ നിന്നും ഗോപാൽ ട്രക്ക് വാങ്ങിയത്. ഗോപാലിന്റെ മൊബൈലിൽ നിന്നും കൊലപാതകം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതിന്റെ തെളിവുകളും കണ്ടെത്തി.
ഗോപാലിന്റെയും നഖത്തിന്റെയും ഗ്രാമങ്ങളിൽ നിന്നുള്ളവർ കുറേ കാലങ്ങളായി പകയിലും ശത്രുതയിലും തുടരുന്നവരാണ്. പലവട്ടം രണ്ട് ഗ്രാമങ്ങളിലുള്ളവരേയും വിളിച്ച് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം എന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം