ഒരു രാത്രി ഉറങ്ങാൻ പതിനായിരം രൂപ; ഹോട്ടലാക്കി മാറ്റിയ സൈനിക ട്രക്ക് ശ്രദ്ധ നേടുന്നു
ഒരു കാലത്ത് യുദ്ധങ്ങളില്‍ ബോംബ് ഡിസ്പോസൽ ട്രക്കായി ഉപയോഗിച്ച വാഹനം ഇന്ന് സഞ്ചാരികള്‍ക്ക് ഒരു ദിവസത്തെ താമസം വാഗ്ദാനം ചെയ്യുന്നു. വാടക അല്പം കൂടുതലാണെന്ന് മാത്രം.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതുമയും സവിശേഷതയും നിറഞ്ഞ വ്യത്യസ്തങ്ങളായ ഡിസൈനുകളിലും ആശയങ്ങളിലും രൂപകൽപ്പന ചെയ്ത നിരവധി ഹോട്ടലുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അണ്ടർവാട്ടർ ഹോട്ടലുകൾ, ട്രീ ഹോട്ടലുകൾ, ഇഗ്ലൂ ഹോട്ടലുകൾ എന്നിങ്ങനെ നീളുന്നു ആ പരീക്ഷണങ്ങൾ. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൈനിക വാഹനത്തെ ഹോട്ടലായി രൂപകല്പന ചെയ്താൽ എങ്ങനെയുണ്ടാകും?
'ആർണി ദ ആർമി ട്രക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതുക്കിപ്പണിത ട്രക്ക്, ഇവിടെയെത്തുന്ന താമസക്കാർക്ക് സവിശേഷമായ അനുഭവമാണ് പ്രധാനം ചെയ്യുന്നത്. ഒരു രാത്രി ഈ ഹോട്ടലിൽ താമസിക്കാൻ പക്ഷേ, 10,000 രൂപയാണ് വാടക കൊടുക്കണമെന്ന് മാത്രം. ആർമി ട്രക്ക് ആണെന്ന് കരുതി ഇതിൽ ആഡംബരത്തിന് യാതൊരു കുറവുമില്ലെന്ന് ഹോട്ടല്‍ ഉടമകളും അവകാശപ്പെട്ടുന്നു. അതിശയകരമാംവിധം ആഡംബരത്തോടെയാണ് ഈ ട്രക്ക് ഹോട്ടലിലെ ഇൻറീരിയർ തീര്‍ത്തിരിക്കുന്നത്.
മഞ്ഞിലൂടെ തെന്നി മഹീന്ദ്ര ഥാർ, പുറത്തേക്ക് ചാടി രക്ഷപ്പെട്ട് ഡ്രൈവര്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ
ഇംഗ്ലണ്ടിലെ ഹാച്ച് ബ്യൂചാമ്പ് ഗ്രാമത്തിലാണ് ഈ അസാധാരണ ഹോട്ടൽ സ്ഥിതി ചെയ്യുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 1987-ൽ ബോംബ് ഡിസ്പോസൽ ട്രക്ക് ആയി രൂപകല്പന ചെയ്ത ഇത് ഇപ്പോൾ സുഖപ്രദമായ ഒരു താമസസ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. രണ്ട് അതിഥികൾക്കാണ് ട്രക്കിൽ ഒരു സമയം കഴിയാനുള്ള ഇടമുണ്ട്. അതുകൊണ്ടുതന്നെ ദമ്പതികൾക്കും സുഹൃത്തുക്കൾക്കും പ്രണയിനികള്‍ക്കും ഏറെ അനുയോജ്യമായ ഒരു യാത്രാ സങ്കേതമായി ഇത് മാറുന്നു.
ട്രക്കിനുള്ളിൽ ഒരു കിംഗ്-സൈസ് ബെഡ്, ഒരു കുളിമുറി, ഒരു അടുക്കള, വൈ-ഫൈ സൗകര്യം തുടങ്ങിയ എല്ലാ സൌകര്യങ്ങളുമുണ്ട്. പുറത്ത്, ബാർബിക്യൂ ഉപകരണങ്ങൾ, ഡൈനിംഗ് ഫർണിച്ചറുകൾ, അതിഥികൾക്ക് ഭക്ഷണം ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയുമുണ്ട്. കാഴ്ചയിൽ ട്രക്കിന്‍റെ പുറംഭാഗം അല്പം പരുക്കനായി അനുഭവപ്പെട്ടാലും ഇതിനുള്ളിൽ കയറിയാൽ ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരുകാലത്ത് ഒരു സൈനിക വാഹനമായിരുന്നു ഇതെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഇതിൽ രൂപ മാറ്റം വരുത്തിയിരിക്കുന്നത്.