ദുരന്തബാധിതരെ എയർലിഫ്റ്റ് ചെയ്തതിന് കേന്ദ്രം 132.62 കോടി ആവശ്യപ്പെട്ട നടപടി; കടുത്ത പ്രതിഷേധവുമായി കേരളം
വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധവുമായി കേരളം.
തിരുവനന്തപുരം: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാൻ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സർക്കാർ നീക്കമുണ്ട്.
ദുരന്തമുണ്ടായാൽ സൈന്യത്തിന്‍റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങൾ ദുരന്ത നിവാരണ നിധിയിൽ നിന്ന് നൽകണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതൽ വയനാട് ദുരന്തത്തിൽ പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയാണ് 132 കോടി 62 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിൽ വയനാടിന് മാത്രമുണ്ട് 69 കോടി 65 ലക്ഷം രൂപ.
എന്നാൽ ഉരുൾപ്പൊട്ടൽ ദുരിതാശ്വാസത്തിന് നൽകിയ വിശദമായ മെമ്മോറാണ്ടങ്ങളിലൊന്നിൽ പോലും കേന്ദ്രം ഇതുവരെ അനുഭാവം കാണിക്കാത്തതിൽ കൂടിയാണ് കേരളത്തിന്‍റെ പ്രതിഷേധം. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാനത്തെ പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്നു സർക്കാർ.
വിവിധ സേനകളുടെ ധനാകാര്യ വിഭാഗം സംസ്ഥാന സര്‍ക്കാരുകൾക്ക് ചെലവിന്റെ ബില്ല് നൽകുന്നത് ചട്ടപ്രകാരം എന്നാണ് കേന്ദ്ര വിശദീകരണം. എസ്ഡിആര്‍എഫ് ഫണ്ടിൽ നിന്നാണ് തുക നൽകേണ്ടതെന്നു എല്ലാ സംസ്ഥാനങ്ങൾക്കും വ്യോമസേന ബില്ല് നൽകാറുണ്ടെന്നും കേരളത്തോട് മാത്രമുള്ള സമീപനമെല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം 207 കോടിയുടെ ബില്ലാണ് ഉത്തരാഖണ്ഡിന് നൽകിയത്. പണം കൊടുക്കേണ്ടിവന്നാൽ എസ്എഡിആർഫിലെ തുക വീണ്ടും കുറയുമെന്നതാണ് സംസ്ഥാനത്തിൻറെ പ്രതിസന്ധി.