ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുമോ? എങ്കില്‍ നിങ്ങളുടെ കരള്‍ ഇതുപോലെയാകും; 'ലിവർ ഡോക്ടർ' പങ്കുവച്ച ചിത്രം വൈറല്‍
ആഴ്ചയില്‍ ഒരു തവണ മദ്യപിച്ച് കരൾ പോയ വ്യക്തിയുടെയും അദ്ദേഹത്തിന് കരൾ പകുത്ത് നല്‍കിയ ഭാര്യയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് ലിവര്‍ ഡോക്ടർ എന്ന് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഡോക്ടര്‍ മദ്യാപാനികളുടെ കരളിന്‍റെ വിശ്വരൂപം കാണിച്ച് തന്നത്.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന മുൻകരുതൽ നിർദ്ദേശം ദിവസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും നമ്മൾ കേൾക്കുന്നുണ്ടാകും. കേട്ടുകേട്ട് പഴക്കം വന്നത് കൊണ്ട് തന്നെ ഗൗരവപൂർവ്വം പരിഗണിക്കേണ്ട ഈ നിർദ്ദേശത്തെ പലപ്പോഴും തള്ളിക്കളയുന്ന പ്രവണതയും കണ്ടുവരാറുണ്ട്. എന്നാൽ ഈ വാചകത്തിൽ പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സമൂഹ മാധ്യമങ്ങളിൽ 'ലിവർ ഡോക്' എന്ന് അറിയപ്പെടുന്ന ഡോ ആബെ ഫിലിപ്പ് അടുത്തിടെ പങ്കുവെച്ച ഒരു ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഡോക്ടർ ആബെയുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കുകയും മദ്യപാനത്തിന്‍റെ അപകട സാധ്യതകളെ കുറിച്ചുള്ള സജീവ ചർച്ചകൾക്കും തുടക്കമിട്ടു. മിതമായ അളവിൽ ആണെങ്കിൽ കൂടിയും തുടർച്ചയായി മദ്യം കഴിക്കുന്നവരിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നാം ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് തെളിയിക്കുന്നതായിരുന്നു ഡോ ആബെ ഫിലിപ്പിന്‍റെ പോസ്റ്റ്. ഇടയ്ക്കിടെ മാത്രം മദ്യം കഴിക്കുന്ന 32 -കാരനായ ഒരു പുരുഷന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും കരളിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഡോക്ടർ ആബെ മദ്യപാനത്തിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയത്.
സിസേറിയന് പിന്നാലെ ശ്വാസ തടസം, രണ്ടാം ദിവസം കുഞ്ഞ് മരിച്ചു; മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് കുടുംബം
ഡോ. ആബെ ഫിലിപ്പ് പങ്കുവെച്ച രണ്ട് ചിത്രങ്ങളിൽ ആദ്യത്തേത് ആഴ്ചയിൽ ഒരിക്കൽ മാത്രം മദ്യപിക്കുന്ന ഒരാളുടെ കരളിന്‍റെയും രണ്ടാമത്തേത് അയാളുടെ ജീവൻ രക്ഷിക്കാനായി കരൾ പകുത്ത് നൽകാൻ തയ്യാറായ ഭാര്യയുടെ ആരോഗ്യമുള്ള കരളിന്‍റെയും ചിത്രമായിരുന്നു. വാരാന്ത്യങ്ങളിൽ മാത്രം തുടർച്ചയായി മദ്യപിച്ചിരുന്ന 32 കാരന് ഗുരുതരമായ കരൾ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഭാര്യ തന്‍റെ കരളിന്‍റെ ഒരു ഭാഗം പകുത്ത് നൽകാൻ തീരുമാനിച്ചത്. മദ്യപാനികളെയും അല്ലാത്തവരെയും ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.
മദ്യപാനിയായ വ്യക്തിയുടെ കരൾ കറുത്ത് രക്തമയം തെല്ലുമില്ലാതെ മുറിവുകൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് കരൾ നൽകിയ ഭാര്യയുടെ കരൾ ചുമപ്പും പിങ്കും കലർന്ന നിറത്തിലും ആരോഗ്യകരമുള്ളതുമായി കാണപ്പെട്ടു. രണ്ട് കരളുകളും തമ്മിലുള്ള തീവ്രമായ വ്യത്യാസം ഡോക്ടർമാരെയും കാഴ്ചക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു. മദ്യപാനത്തിന്‍റെ അപകട സാധ്യതകളെക്കുറിച്ച് തന്‍റെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയ ഡോ. ആബെ, ചെറിയ അളവിൽ ആഴ്ചയിൽ ഒരിക്കൽ കുടിക്കുന്നത് പോലും കരളിന്‍റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഊന്നിപ്പറഞ്ഞു.
2025 -ൽ മൂന്നാം ലോക മഹായുദ്ധം, പക്ഷേ...; പുതുവര്‍ഷ പ്രവചനങ്ങളുമായി ബ്രസീലിയന്‍ പാരാ സൈക്കോളജിസ്റ്റ്