വിമാനയാത്രയ്ക്കിടെ പ്രസവവേദന; ഫോണിലൂടെയുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്ത് പൈലറ്റ്
വിമാനത്തിലെ ജീവനക്കാർ കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേര് 'സ്‌കൈ' എന്നാണ്.
വിമാനത്തിനുള്ളില്‍വെച്ച് യാത്രക്കാർക്ക് ഉണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകൾ പലപ്പോഴും സഹയാത്രികരിലും ജീവനക്കാരിലും പരിഭ്രാന്തിയുണ്ടാക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം തായ്‌വാനിലെ തായ്‌പേയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിയറ്റ്‌ജെറ്റ് വിമാനത്തിൽ വളരെ വ്യത്യസ്തമായ ഒരു അടിയന്തരാവസ്ഥ ഉണ്ടായി. യാത്രക്കാരിയായ ഒരു സ്ത്രീക്ക് വിമാനം പുറപ്പെട്ട് ഏതാനും സമയം പിന്നിട്ടതിന് ശേഷം പ്രസവവേദനയുണ്ടായി. സഹയാത്രികരും ജീവനക്കാരും എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായപ്പോൾ വിമാനത്തിന്‍റെ ക്യാപ്റ്റൻ തന്നെ രക്ഷകനായി മാറി.
മെഡിക്കൽ രംഗത്ത് യാതൊരു മുൻപരിചയങ്ങളുമില്ലാതിരുന്ന അദ്ദേഹം ഡോക്ടർമാരിൽ നിന്നും ഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാണ് അമ്മയുടെയും കുഞ്ഞിന്‍റെയും സംരക്ഷകനായത്. തന്‍റെ പൈലറ്റിംഗ് വൈദഗ്ധ്യത്തിന് നിരവധി പ്രശംസകൾ ലഭിച്ചിട്ടുള്ള ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ ആണ് നിർണായകഘട്ടത്തിൽ യുവതിയ്ക്കും കുഞ്ഞിനും രക്ഷകനായത്.
ശുചിമുറിക്കുള്ളിൽ പോയപ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന ഉണ്ടായത്. അവർ ഉടൻ വിമാനത്തിനുള്ളിലെ കാബിൻക്രൂ അംഗങ്ങളെ വിവരമറിയിച്ചു. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായ ജീവനക്കാർ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുലിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ വിമാനത്തിന്‍റെ നിയന്ത്രണം സഹപൈലറ്റിനെ ഏൽപ്പിച്ച് അദ്ദേഹം കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി. ശുചിമുറിയിലെത്തിയ അദ്ദേഹം യുവതി, സജീവമായ പ്രസവവേദനയിലാണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ യാത്രക്കാരിൽ ആരെങ്കിലും ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിച്ചു. നിർഭാഗ്യവശാൽ, അന്ന് യാത്രക്കാർക്കിടയിൽ ഡോക്ടർമാരില്ലായിരുന്നു.
ഒടുവിൽ ആ നിർണായക ഘട്ടത്തിന്‍റെ ചുമതല ക്യാപ്റ്റൻ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. തന്‍റെ സെൽ ഫോണിലൂടെ അദ്ദേഹം ഡോക്ടർമാരെ ബന്ധപ്പെട്ട് സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചു. അങ്ങനെ ഭൂമിക്ക് ആയിരക്കണക്കിന് അടി മുകളിലായിരിക്കെ ആ കുഞ്ഞ് അദ്ദേഹത്തിന്‍റെ കൈകളിലൂടെ പിറന്നുവീണു. യാത്രക്കാർ നിറകണ്ണുകളോടെ കൈകളടിച്ച് ആ കുഞ്ഞിനെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.
13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !
തന്‍റെ 18 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ വികാരഭരിതനായി പറഞ്ഞു. തായ്‌ലൻഡിലെ ബാങ്കോക്കിൽ വിമാനമിറങ്ങിയ ഉടൻ വിദഗ്ദ വൈദ്യസംഘം അമ്മയെയും കുഞ്ഞിനെയും പരിചരിച്ചു, രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ ജീവനക്കാർ കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേര് 'സ്‌കൈ' എന്നാണ്. ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ട്രാവൽ മെഡിസിൻ 2020-ൽ നടത്തിയ ഒരു പഠനത്തിൽ, 1929 -നും 2018 -നും ഇടയിൽ 74 കുട്ടികൾ വിമാനങ്ങളിൽ പിറന്നിട്ടുണ്ട്, അതിൽ മൂന്ന് പേർ മാത്രം രക്ഷപ്പെട്ടില്ല. മിക്ക ഗർഭിണികൾക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെങ്കിലും, വിമാന യാത്രയ്ക്ക് മുമ്പ് ഗര്‍ഭിണികള്‍ ഡോക്ടര്‍മാരില്‍ നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്.
ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !