ബെലാറസ് ഉന്നത നേതാക്കളുടെ സന്ദർശനത്തിനിടെ പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാൻഖാൻ അനുകൂലികളുടെ പ്രക്ഷോഭം
മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഇസ്ലാമാബാദിലേക്ക്. ലോക്ഡൌണും ഇന്റർനെറ്റ് നിരോധനവുമായി സർക്കാർ
ലാഹോർ: ബെലാറസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാൻഖാൻ അനുകൂലികളുടെ പ്രക്ഷോഭം. മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്‌ഥാനമായ ഇസ്ലാമാബാദിലേക്ക് മാർച്ച് ചെയ്യുന്നത്. മാർച്ച് ആരംഭിച്ചതോടെ നഗരത്തിന്റെ അതിർത്തികൾ അടച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ബെലാറസ് ഊർജ്ജ മന്ത്രി, നീതിന്യായ മന്ത്രി, ഗതാഗത മന്ത്രി, പരമ്പരാഗത വിഭവ മന്ത്രിയടക്കമുള്ള സംഘമാണ് ബെലാറസ് പ്രസിഡന്റിനൊപ്പും പാക് സന്ദർശനത്തിന് എത്തിയിട്ടുള്ളത്.
ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പാർലമെന്‍റിന് സമീപം ഒത്തുകൂടാനാണ് രാജ്യമെങ്ങും ഉള്ള തെഹ്‌രീകെ ഇൻസാഫ് അനുയായികളോട് നിർദേശിച്ചിരിക്കുന്നത്. മൊബൈൽ സർവീസ് റദ്ദാക്കിയ സാഹചര്യമാണ് പാകിസ്ഥാനിലുള്ളത്. രാജ്യത്ത് പല ഭാഗത്തും ഇന്റർനെറ്റ് സേവനവും തടഞ്ഞിട്ടുണ്ട്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചതായി പൊലീസ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് ജയിലിൽ ആണ് ഇമ്രാൻ ഖാനുള്ളത്.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ രാജ്യ തലസ്ഥാനത്ത് തുടരാനുള്ള നിർദ്ദേശമാണ് ഖാൻ അനുയായികൾക്ക് നൽകിയിട്ടുള്ളത്. അഴിമതി കേസിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് 72കാരനായ ഇമ്രാൻ ഖാൻ. ഞായറാഴ്ചയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പലയിടത്തും പൊലീസും ഇമ്രാൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗം നടത്തി. മുൻ പ്രഥമ വനിതയും ഇമ്രാൻ ഖാന്റെ പത്നിയുമായി ബുഷ്റ ബീബി അടക്കമുള്ളവരാണ് പ്രതിഷേധ മാർച്ചിനെ നയിക്കുന്നത്.
ഇസ്ലാമബാദിന് മധ്യഭാഗത്തായുള്ള ഡി ചൌക്കിലേക്ക് എത്തിച്ചേരാനാണ് പ്രതിഷേധക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി, പാർലമെന്റ് അടക്കമുള്ള നിരവധി സർക്കാർ ഓഫീസുകൾ ഈ മേഖലയിലാണ് പ്രവർത്തിക്കുന്നത്. പ്രതിഷേധക്കാരുടെ പ്രധാന സംഘം ഇന്ന് ഉച്ചയോടെ ഇസ്ലാമബാദിലെത്തുമെന്നാണ് പാർട്ടി അനുഭാവികൾ അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം