60 വർഷങ്ങളായി അടച്ചിട്ട ഒരു ദ്വീപ്, സന്ദർശനത്തിന് അനുമതിയില്ല, നി​ഗൂഢമാണ് കാഴ്ചകൾ! കാണാം...

എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് ഇവിടം സന്ദർശിക്കാൻ പ്രത്യേകാനുമതി ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ധൈര്യശാലികളായ ചിലർ അനുമതിയൊക്കെ നേടിയെടുത്ത ശേഷം ഈ ദ്വീപിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുമുണ്ട്.

North Brother Island an Island abandoned for 60 years rlp

തിരക്കേറിയ ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയഭാഗത്തായി, മാൻഹട്ടനിൽ നിന്ന് ഒരു മൈൽ യാത്ര ചെയ്താൽ എത്താവുന്ന ഒരു ദ്വീപുണ്ട്. വെറുമൊരു ദ്വീപല്ല, 60 വർഷത്തിലധികമായി ഉപേക്ഷിക്കപ്പെട്ട ഒരു ദ്വീപ്, നി​ഗൂഢമായ ഒരു ദ്വീപ്. 1963 -ൽ ഉപേക്ഷിക്കപ്പെട്ട നോർത്ത് ബ്രദർ ദ്വീപ് ആണത്.

നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ 22 ഏക്കർ വരുന്ന ദ്വീപ്. ഇവിടേക്ക് ആരെങ്കിലും പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. അതിന് കാരണം വേറൊന്നുമല്ല, ഇത്രയും വർഷങ്ങൾ അടച്ചിട്ടു എന്നതിനാൽ ഇവിടുത്തെ അപകടസാഹചര്യങ്ങൾ കണക്കിലെടുത്ത് തന്നെയാണത്. അത് മാത്രമല്ല, ദ്വീപ് സന്ദർശിക്കുന്നതിനും ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് പാർക്ക്‌സ് ആൻഡ് റിക്രിയേഷന്റെ പ്രത്യേക അനുമതി ആവശ്യമാണ്. 

എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് ഇവിടം സന്ദർശിക്കാൻ പ്രത്യേകാനുമതി ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ധൈര്യശാലികളായ ചിലർ അനുമതിയൊക്കെ നേടിയെടുത്ത ശേഷം ഈ ദ്വീപിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുമുണ്ട്. 2017 -ൽ, 'സയൻസ് ചാനലി'ൽ നിന്നുള്ള ഒരു സംഘത്തിന് അതുപോലെ ഈ ദ്വീപ് പര്യവേക്ഷണം ചെയ്യാൻ അധികൃതരിൽ നിന്നും അനുമതി ലഭിച്ചു. 'വാട്ട് ഓൺ എർത്ത് ഷോ'യുടെ ഭാ​ഗമായിരുന്നു ഇത്. എന്നാൽ, ദ്വീപ് സന്ദർശിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിന് ദ്വീപിനെ കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു ​ഗൈഡ് സന്ദർശകരെ അനു​ഗമിക്കും. 

ഇനി ഈ ദ്വീപിൽ എന്തൊക്കെയുണ്ട് എന്ന് നോക്കാം. ഒരു റിവർസൈഡ് ഹോസ്പിറ്റൽ ഇവിടെ ഉണ്ടായിരുന്നു, തുടക്കത്തിൽ പകർച്ചവ്യാധികളുള്ള ആളുകളെ ക്വാറന്റൈൻ ചെയ്യാനായിരുന്നു ഇത് ഉപയോ​ഗിച്ചിരുന്നത്. പിന്നീട്, രാജ്യത്തെ ആരോ​ഗ്യരം​ഗം മെച്ചപ്പെട്ടു. അതോടെ ദ്വീപിന് അതിന്റെ പ്രാധാന്യവും നഷ്ടപ്പെട്ടു. 1943 -ൽ ദ്വീപിൽ നിർമിച്ച ട്യൂബർകുലോസിസ് പവലിയനാവട്ടെ ടിബിയുടെ ഭീഷണി കുറഞ്ഞതോടെ കാലഹരണപ്പെട്ടു. പിന്നീട്, ഇത് ഉപയോ​ഗിച്ചത് രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തഭടന്മാരെയും പ്രായപൂർത്തിയാകാത്ത കുറ്റവാളികളെയും പാർപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു. അതിനുവേണ്ടി കെട്ടിടം നവീകരിക്കുകയും ചെയ്തു. 

ഫോട്ടോ​ഗ്രാഫർ ക്രിസ്റ്റഫർ പൈയ്ൻ ഈ ദ്വീപ് സന്ദർശിക്കാൻ ഭാ​ഗ്യം ലഭിച്ച അപൂർവം പേരിൽ ഒരാളാണ്. അദ്ദേഹം ബിബിസിയോട് പറഞ്ഞത്, 'നിങ്ങൾ ന​ഗരത്തിന്റെ നടുവിലാണ്. എന്നാൽ, ഈ ദ്വീപിലേക്ക് കാൽ കുത്തുമ്പോൾ നിങ്ങൾ തീർത്തും ഒറ്റയാവും. ഇങ്ങനെ ഒരു അനുഭവം മറ്റൊരിടത്തും എനിക്ക് കിട്ടിയിട്ടില്ല. മറ്റൊരു കാലത്തിലേക്കും മറ്റൊരു ലോകത്തിലേക്കും സഞ്ചരിക്കുന്നത് പോലെയായിരുന്നു അത്. അപ്പോഴും നിങ്ങൾക്ക് ന​ഗരത്തിന്റെ ശബ്ദവും കേൾക്കാം' എന്നാണ്. 

 

'അത് ഒരു പ്രത്യേകതരം അനുഭവം തന്നെയാണ്. ഒരുഭാ​ഗത്ത് നിങ്ങൾക്ക് ഇന്നത്തെ ന്യൂയോർക്ക് ന​ഗരത്തിന്റെ എല്ലാ ഒച്ചപ്പാടുകളും കേൾക്കാം. മറുഭാ​ഗത്ത് പതിറ്റാണ്ടുകളായി ഉപയോ​ഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരു ഭൂമിക...' എന്നും ക്രിസ്റ്റഫർ പറഞ്ഞു. 

വായിക്കാം: അന്ന് മഹാമാരിക്കാലത്ത് നാടാകെ ഭയം പരത്തിയ പാചകക്കാരി, ആരായിരുന്നു ടൈഫോയ്ഡ് മേരി?

അതേസമയം നോർത്ത് ബ്രദർ ദ്വീപിന് അതിന്റെ ചരിത്രത്തിലെ തന്നെ ഒരു ഇരുണ്ട അദ്ധ്യായവും ഉണ്ട്. സാൽമൊണല്ല ടൈഫിയുടെ ആദ്യവാഹകരിൽ ഒരാളാണ് ടൈഫോയ്ഡ് മേരി എന്നറിയപ്പെടുന്ന മേരി മല്ലൻ. ഇവരിൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാചകക്കാരിയായ ഇവരിൽ നിന്നും 51 മുതൽ 122 വരെ ആളുകളിലേക്ക് രോ​ഗം ബാധിച്ചു. അങ്ങനെ, 1938 നവംബറിൽ മരിക്കുന്നതുവരെ രണ്ട് പതിറ്റാണ്ടിലേറെക്കാലം മേരിയെ ഈ ദ്വീപിൽ ബലമായി തടവിലാക്കിയിരുന്നു. 

വായിക്കാം: പൂർണന​ഗ്നനായി എത്തി കുട്ടികളോട് മോശമായി പെരുമാറി, യുവാവിനെ ഓടിച്ചിട്ട് പിടിച്ചശേഷം മർദ്ദിച്ച് രക്ഷിതാക്കൾ

Latest Videos
Follow Us:
Download App:
  • android
  • ios