ഐഡിയ കൊള്ളാം, കാശ് വാരും; ദീപാവലിക്ക് ടെക്കിയുടെ താൽക്കാലിക പടക്കക്കട, സൈഡ് ബിസിനസ് പൊളിയെന്ന് സോഷ്യല്‍മീഡിയ
ടെക്കിയായ യുവാവും സുഹൃത്തുക്കളും വൈകുന്നേരം നാല് വരെയുള്ള ഓഫീസ് സമയം കഴിഞ്ഞ ശേഷമാണ് പടക്കക്കട തുറക്കുക.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ദീപാവലിയായി. ശബ്ദത്തിന്റെയും നിറങ്ങളുടെയും കൂടി ആഘോഷമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായിട്ടാണ് ദീപാവലി അറിയപ്പെടുന്നതെങ്കിലും പടക്കമില്ലാതെ എന്ത് ദീപാവലി ആഘോഷം? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാപാരികൾ വലിയ ലാഭമാണ് ദീപാവലിക്ക് ഉണ്ടാക്കുന്നത്. പടക്കം വിറ്റ് വലിയ കാശുണ്ടാക്കുന്നവരും ഉണ്ട്.
എന്തായാലും, ഒരു ടെക്കിയും അതുപോലെ തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഈ ദീപാവലിക്ക് അധികവരുമാനം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണ്.
റേ എന്ന യുവാവാണ് എക്സിൽ (മുമ്പ് ട്വിറ്റർ) താനും രണ്ട് സുഹൃത്തുക്കളും ചേർന്ന് പടക്കം വിൽക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. എക്സിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് നൽകിയ കാപ്ഷനിൽ പറയുന്നത്, 'ഈ ദീപാവലിക്ക് മറ്റ് 2 സുഹൃത്തുക്കൾക്കൊപ്പം (താൽക്കാലിക) പടക്കക്കട തുറക്കാൻ തയ്യാറായി. 10 മുതൽ 4 വരെ ഓഫീസ്/ കോഡിംഗും 4 മുതൽ 9 വരെ പടക്കക്കടയും' എന്നാണ്.
ടെക്കിയായ യുവാവും സുഹൃത്തുക്കളും വൈകുന്നേരം നാല് വരെയുള്ള ഓഫീസ് സമയം കഴിഞ്ഞ ശേഷമാണ് പടക്കക്കട തുറക്കുക. എന്തായാലും, എക്സിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. കുറേപ്പേർ റേയുടെ ഈ ബിസിനസിനെ അഭിനന്ദിച്ചു. എന്തായാലും, കാശുണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ ഒട്ടും മോശം കാര്യമല്ല എന്നാണ് അവരുടെ അഭിപ്രായം.
ഇങ്ങനെയൊരു ബിസിനസ് മൈൻഡ് എല്ലാവർക്കും ഉണ്ടാവുന്നത് നല്ലതാണ് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. നല്ല സൈഡ് ബിസിനസ് തന്നെ ഇത് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. വേറൊരാൾ ചോദിച്ചത്, ലൈസൻസും അനുമതിയുമൊക്കെ കൃത്യമായി എടുത്തിട്ടുണ്ടല്ലോ എന്നാണ്.
എന്തായാലും, ടെക്കിയുടെ ഈ ബിസിനസ് ഐഡിയ സോഷ്യൽ മീഡിയയ്ക്ക് ബോധിച്ചു എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്.
ദീപാവലി ലക്ഷ്യം വെച്ച് വ്യാപാരികൾ; 4.25 ലക്ഷം കോടിയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി സിഎഐടി