ചൈനയിൽ അടച്ചുപൂട്ടിയത് 10,000 -ത്തിലധികം കിന്റർഗാർട്ടനുകൾ, ജനന നിരക്ക് കുറഞ്ഞത് രാജ്യത്തിന് തലവേദന
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരിക്കൽ ഒറ്റക്കുട്ടി നയം നിലനിന്നിരുന്ന രാജ്യമാണ് ചൈന. എന്നാലിപ്പോൾ, ജനനനിരക്ക് കുറഞ്ഞുവരുന്നത് രാജ്യത്തിന് തലവേദന സൃഷ്ടിച്ചിരിക്കയാണ്. അതോടെ, രണ്ടും മൂന്നും കുഞ്ഞുങ്ങളുണ്ടായാൽ ആനുകൂല്യങ്ങൾ വരെ വിവിധ പ്രദേശത്ത് വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ, രാജ്യത്തുടനീളമായി ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടേണ്ടി വന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പുതുതായി പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാലാണ് രാജ്യത്ത് വ്യാപകമായി കിന്റർഗാർട്ടനുകൾ അടച്ചുപൂട്ടേണ്ടി വന്നത്. ജനനനിരക്കിൽ രാജ്യത്തുണ്ടായ ഗണ്യമായ കുറവാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.
ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2023 -ൽ ചൈനയിലുടനീളമായി 274,400 കിൻ്റർഗാർട്ടനുകളുണ്ടായിരുന്നത്. 2022 -ൽ ഇത് 289,200 ആയിരുന്നു. 14000 -ത്തിലധികം കിന്റർഗാർട്ടനുകൾ ഒറ്റവർഷം കൊണ്ട് അടച്ചുപൂട്ടിയത്. ചൈനയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ജനനനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്.
കിൻ്റർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2023 -ൽ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് 40.9 ദശലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഗവൺമെൻ്റിൻ്റെ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം കുറവാണ് ഇതിൽ കാണിക്കുന്നത്. 2022 -ൽ കിൻ്റർഗാർട്ടനുകളുടെ എണ്ണം 1.9% കുറഞ്ഞപ്പോൾ കിൻ്റർഗാർട്ടനുകളിൽ ചേർന്ന കുട്ടികളുടെ എണ്ണം 3.7% കുറഞ്ഞു. പല കിന്റർഗാർട്ടനുകളും പ്രായമായവരെ നോക്കുന്ന സംരക്ഷണകേന്ദ്രങ്ങളായി പരിണമിച്ചു.
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. പിന്നാലെ, ജനനനിരക്ക് കൂട്ടുന്നതിന് വേണ്ടിയും, ദമ്പതികളെ കുഞ്ഞുങ്ങൾ വേണമെന്ന തീരുമാനം എടുപ്പിക്കുന്നതിന് വേണ്ടിയും നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു.
ചില പ്രദേശങ്ങൾ രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് സബ്‌സിഡികൾ വരെ വാഗ്ദ്ധാനം ചെയ്തിരുന്നു. തെക്കൻ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഒരു ഗ്രാമം രണ്ടാമത്തെ കുഞ്ഞ് ജനിച്ചാൽ 10,000 യുവാനും (1,18,248.76 Indian Rupee) മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 30,000 യുവാനുമാണ് ബോണസായി വാഗ്ദ്ധാനം ചെയ്തത് എന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
'അനുയോജ്യമായ പ്രായ'ത്തിൽ കുട്ടിയും കുടുംബവും വേണം; സർവേയുമായി ചൈന