'25,000 കോടിയുടെ മയക്കുമരുന്ന്, പാക് ബന്ധം, കടലിൽ മുങ്ങിയ മെത്ത്', മയക്കുമരുന്നിന്‍റെ മറ്റൊരു 'എൽ ഡൊറോഡ'
'ഹാജി സലീം, ഇന്ത്യ തേടുന്ന ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവാണ്. 2015ന് ശേഷം അന്താരാഷ്ട്ര മയക്കുമരുന്ന് ഭൂപടത്തിലെ തന്നെ ഏറ്റവും ശക്തമായി വളരുന്ന കാർട്ടൽ ഹാജി സലീമിന്റേതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പിടകൂടിയ മയക്കുമരുന്നിൽ 90ശതമാനം ഹാജി സലീം ശൃംഖലയുടെതാണ്'
കെജിഎഫ് 2 ക്ലൈമാക്സ് സീൻ, വലിയ സ്വർണ്ണശേഖരമുള്ള കപ്പലിൽ രക്ഷപ്പെടുന്ന റോക്കി ഇന്ത്യൻ നാവിക സേനയുമായി മുഖാമുഖം എത്തുന്നു, പിന്നീട് സിനിമയിൽ കാണിക്കുന്നത് നായകനും കപ്പലും വലിയ സ്വർണ്ണശേഖരവും കടലിൽ താഴുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ മഹാ സമുദ്രത്തിലും ഒരു കപ്പൽ മുങ്ങി. കണ്ടെയ്നറുകളിൽ വൻ മയക്കുമരുന്ന് ശേഖരവുമായി. അതും നാവിക സേന കപ്പലിന് മുന്നിൽ. ഇത് കഥയോ സിനിമയോ അല്ല മറിച്ച് നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ സ്ഥിരീകരിച്ച വിവരങ്ങളാണ്. സിനിമയെ വെല്ലുന്ന ഒരു ഇന്ത്യൻ ഓപ്പറേഷൻ. അതാണ് നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സമുദ്ര ഗുപ്ത. ഇന്ത്യയുടെ ചരിത്രത്തിൽ കടലിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. പിടിച്ചെടുത്തത് പാകിസ്താൻ കപ്പലിൽ ഉണ്ടായിരുന്നത് 2525 കിലോഗ്രാം മെത്താംഫിറ്റമിൻ.
സ്വർണ്ണത്തെക്കാൾ മൂല്യമുള്ള 'മെത്ത്'
നാർക്കോട്ടിക്സ് സർക്കിളിൽ മെത്താംഫറ്റിമിന്‍റെ ചുരുക്കപേരാണ് മെത്ത്. കോമണ്‍ മാൻസ് കൊക്കൈൻ എന്ന് അറിയപ്പെടുന്ന ലഹരി പദാർത്ഥം. ഇതിന്‍റെ ഏറ്റവും പ്യുവർ ഫോമാണ് പാക് കപ്പലിൽ നിന്നും കണ്ടെടുത്തത്. കൊച്ചിയിൽ എത്തിച്ച മയക്കുമരുന്ന് ബോക്സുകളിൽ നിന്നും നൂറിലേറെ ചാക്കുകളിലേക്കാണ് മാറ്റിയത്. അസാധാരണമായി ഇത്തവണ നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ഇത് മാധ്യമങ്ങൾക്ക് ചിത്രീകരിക്കാൻ അനുവാദം നല്‍കിയിരുന്നു. ഒരു ഗ്രാമിന് പതിനായിരം രൂപ വരെ മൂല്യമുണ്ടെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ പിടിച്ചെടുത്ത മൊത്തം മയക്കുമരുന്നിന്‍റെ മൂല്യം ഇരുപത്തിയയ്യായിരം കോടിയാണ്. പിടിച്ചത് ഇത്രയുമാണെങ്കിൽ ശരിക്കും എത്ര മയക്കുമരുന്ന് ഉണ്ടായിരുന്നിരിക്കണം. മുങ്ങിയ കപ്പലിലുള്ള കണ്ടൈനറുകളിൽ എത്രാ ആയിരം കോടിയുടെ മയക്കുമരുന്ന് ഉണ്ടാകും. ഇത് കണ്ടെത്താൻ ഓപ്പറേഷൻ സമുദ്ര ഗുപ്തക്ക് കഴിയുമോ. അന്താരാരാഷ്ട്ര കടൽ മേഖലയിലാണ് മുങ്ങിയതെങ്കിൽ ഇന്ത്യക്ക് ഇത് അത്ര എളുപ്പമാകില്ല. മയക്കുമരുന്നിന്റെ മറ്റൊരു എൽ ഡൊറോഡ ആകുമോ ഈ കപ്പൽ? പിടിയിലായ പാക് പൗരൻ സുബൈർ ദെറക്ഷായിൽ നിന്ന് കിട്ടുന്ന വിവരങ്ങളാണ് ഇനി അന്വേഷണത്തിൽ നിർണ്ണായകമാകുന്നത്.
സുവർണ്ണ ചന്ദ്രക്കലയും സുവർണ്ണ ത്രികോണവും
എൻസിബിയുടെ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന പാക് ബോട്ട് പിടിച്ചെടുത്തത് മെയ് 10നാണ്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ പിടിയിലാകുമ്പോൾ ദക്ഷിണ നാവിക കമാൻഡ് അടുത്തായത് കൊണ്ടാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും പിടികൂടിയ പാക് സ്വദേശി സുബൈറിനെയും ഐഎൻഎസ് തേഗിൽ(INS TEG) കൊച്ചിയിൽ എത്തിച്ചത്. ഇന്ത്യക്ക് ഭീഷണിയായി രണ്ട് കുപ്രസിദ്ധ പാതകളാണ് മയക്കുമരുന്ന് കടത്തിൽ ഉള്ളത്. ഒന്ന് ഇന്ത്യയുടെ പശ്ചിമ തീരത്തെ ലക്ഷ്യമാക്കിയുള്ള, ഇറാൻ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ എന്നിവയെ ബന്ധിപ്പിച്ചുള്ള സുവർണ്ണ ചന്ദ്രക്കല (GOLDEN CRESCENT). അഫ്ഗാനിസ്ഥാനിൽ കൃഷി ചെയ്യുന്ന കറുപ്പ് പാക്-ഇറാൻ ലാബുകളിൽ മയക്കുമരുന്ന് ഉത്പന്നങ്ങളാക്കി ഇറാനിലെ ചബാഹർ തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും പാകിസ്താൻ പിന്നിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നു, വലിയ കപ്പലുകളിൽ ഈ മയക്കുമരുന്ന് സമുദ്രാതിർത്തിയിൽ എത്തിച്ച് ചെറിയ ബോട്ടുകളിലേക്ക് മാറ്റും.
ഈ മയക്കുമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് രാഷ്ട്രങ്ങൾ ലക്ഷ്യമാക്കി യാത്ര തിരിക്കും. 2000 കിലോയിലേറെയുള്ള മയക്കുമരുന്ന് വീണ്ടും മിഡ് സീ എക്സ്ചേഞ്ചിലൂടെ ചെറിയ ബോട്ടുകളിലേക്ക് വീണ്ടും മാറ്റും. അങ്ങനെ 300, 400, 500 കിലോയിൽ ഹെറോയിനും, മെത്തും ഒരോ രാജ്യങ്ങളിലെയും തീരങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയെന്ന് എൻസിബി ഹെഡ്ക്വാർട്ടേഴ്സ് ഓപ്പറേഷൻസ് എസ്പി എം.ആർ.അരവിന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ മയക്കുമരുന്ന് ഇടനാഴി സുവർണ്ണ ത്രികോണമാണ്( GOLDEN TRIANGLE). ഇത് ലോകത്തെ പരമ്പരാഗതമായ മയക്കുമരുന്ന് ഇടനാഴികളിൽ ഒന്നാണ്. മ്യാൻമർ, ലാവോസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ് ഇത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടക്കുന്നത് ഈ ഇടനാഴിയിലൂടെയാണ്.
ലക്ഷ്യം ഇന്ത്യയോ?
ഏറ്റവും മൂല്യമേറിയതും ശുദ്ധ രൂപത്തിലുള്ളതുമായ മയക്കുമരുന്നാണ് സുവർണ്ണ ചന്ദ്രക്കല പിന്നിട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് എത്തുന്നത്. ഇന്ത്യയിൽ ഈ മയക്കുമരുന്നിന് പ്രധാനമായും മെട്രോ നഗരങ്ങളിലാണ് ആവശ്യക്കാറുള്ളതെന്ന് എൻസിബി സോണൽ ഡയറക്ടർ പി.അരവിന്ദൻ ഐപിഎസ് വ്യക്തമാക്കി. മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് കൂടുതലായും എത്തുന്നത്. അതുകൊണ്ട് തന്നെ ഈ മയക്കുമരുന്ന് വേട്ടക്ക് പിന്നാലെ ഈ ഇന്ത്യൻ നഗരങ്ങളിലും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രാസലഹരിയുടെ ഉപയോഗത്തിൽ മൂന്നാംകിട മയക്കുമരുന്നാണ് ഇന്ത്യയിൽ ചിലവാകുന്നത്. ഇത് കൂടുതലും ചെറുപട്ടണങ്ങളിലാണ്.
എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് തുടങ്ങിയവക്കാണ് രഹസ്യവിപണികൾ കൂടുതൽ. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏഴ് കോടി പേർ മയക്കുമരുന്നിന് അടിമകളാണ് എന്നാണ് എൻസിബി വ്യക്തമാക്കുന്നത്. ഇത് പല പ്രധാന രാഷ്ട്രങ്ങളുടെ ജനസംഖ്യയുടെ ഇരട്ടിയാണ്. അതുകൊണ്ട് ലോകത്തെ തന്നെ മയക്കുമരുന്ന് ശൃംഖലയിൽ ഇന്ത്യ പ്രധാനപ്പെട്ട കേന്ദ്രമാണ്. കോടിക്കണക്കിന് ഉപഭോക്താക്കളുണ്ടെങ്കിലും ഇന്ത്യ പോലെ വലിയ ഭൂപ്രദേശത്തെക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ വെല്ലുവിളികളാണ് നിലവാരമില്ലാത്ത മയക്കുമരുന്നുകളുടെ നിരക്ക് ഉയരാൻ കാരണം.
ഈ മയക്കുമരുന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും എങ്ങനെ ഇന്ത്യൻ തീരത്തെത്തുന്നു എന്നതാണ് കുഴക്കുന്ന ചോദ്യം. പാകിസ്താനുമായി അടുത്ത് കിടക്കുന്നത് കൊണ്ട് ഗുജറാത്തിലെ മുന്ദ്രാ തുറമുഖം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വേട്ട അധികവും. അതു കഴിഞ്ഞാൽ കൊച്ചിയുടെ പുറങ്കടലും പ്രധാന മേഖലയാകുകയാണ്. 2022 മെയ് മാസം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറ്റലിജൻസ് രണ്ടായിരം കോടിയുടെ മയക്കുമരുന്ന് പിടികൂടിയതോടെയാണ് കൊച്ചിക്ക് സമീപമുള്ള കടൽ മേഖല ശ്രദ്ധ നേടുന്നത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ നിന്നുമാണ് അന്ന് വലിയ അളവിൽ ഹെറോയിൻ ശേഖരം പിടികൂടിയത്. മംഗലാപുരം, കൊച്ചി, ലക്ഷദ്വീപ്, തൂത്തുകൂടി തീരമൊക്കെ കർശന നിരീക്ഷണത്തിലാണ്. പിന്നെയും നിരവധി മയക്കുമരുന്ന് വേട്ടകൾ കൊച്ചിക്ക് സമീപമുള്ള ഈ മേഖലയിൽ നടന്നു. തുടരെ തുടരെ ഈ മേഖലയിലെ മയക്കുമരുന്ന് വേട്ടകളും ഓപ്പറേഷൻ സമുദ്രഗുപ്തയും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
ഹാജി സലീം എന്ന ഏഷ്യൻ പാബ്ലോ എസ്കോബാർ
ഹാജി സലീം, ഇന്ത്യ തേടുന്ന ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ്. 2015ന് ശേഷം അന്താരാഷ്ട്ര മയക്കുമരുന്ന് ഭൂപടത്തിലെ തന്നെ ഏറ്റവും ശക്തമായി വളരുന്ന കാർട്ടൽ ഹാജി സലീമിന്റേതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പിടകൂടിയ മയക്കുമരുന്നിൽ 90ശതമാനം ഹാജി സലീം ശൃംഖലയുടെതാണ്. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പ്രധാന ഫണ്ടിംഗ് മയക്കുമരുന്ന് വ്യാപാരമാണ്. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും നൽകുന്ന തുകയുടെ ഒരു ഭാഗം പോകുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് എന്ന് നിസംശയം പറയാം. പാകിസ്താനിലും ദുബായിലും സ്വൈരവിഹാരം നടത്തുന്ന ഹാജി സലീമിനെ ഒന്ന് തൊടാൻ പോലും ഇന്ത്യക്കായിട്ടില്ല. കാരണം പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയാണ്. ഫണ്ടിംഗിനായി ഭീകരവാദ സംഘടനകൾ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ഹാജി സലീമിന് എല്ലാ പിന്തുണയും സംരക്ഷണവും ഐഎസ്ഐ ഒരുക്കുന്നു.
ഏഴ് പ്രധാന അന്തർദേശീയ ഫോറങ്ങളിലാണ് ഹാജി സലീമിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുത് .എന്നാൽ ഈ നീക്കങ്ങളൊന്നും ഫലം കണ്ടില്ലെന്ന് എൻസിബി മേധാവിയായ സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥനിൽ ജനിച്ച ഹാജി സലീം മയക്കുമരുന്ന് ലാബുകൾ വിപുലപ്പെടുത്തിയത് പാകിസ്താനിലാണ്. പാക് ബലൂചിസ്ഥാനിലാണ് പ്രധാന ലാബുകൾ. സുവർണ്ണ ചന്ദ്രക്കലയെന്ന മയക്കുമരുന്ന് ഇടനാഴിയെ ഇത്രയും സജീവമാക്കിയത് ഹാജി കാർട്ടലാണ്. ഇന്ത്യൻ മഹാസമുദ്രം പിന്നിട്ട് ഓസ്ട്രേലിയ വരെ വ്യാപിച്ച് കിടക്കുന്നതാണ് ഹാജിയുടെ സ്വാധീനം. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ചങ്ങാത്തം. ഹാജി സലീമിനെ ഉറക്കം കെടുത്തുന്നത് ഇന്ത്യൻ അന്വേഷണ ഏജൻസികളും നാവികസേനയുമാണ്. ഓപ്പറേഷൻ സമുദ്രഗുപ്ത ഹാജിസലീം സാമ്രാജ്യത്തിന് കൊടുത്ത പ്രഹരം ചെറുതല്ല.
റോളക്സും, ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സും
കെജിഎഫ് 2 ക്ലൈമാക്സ് ഓർമ്മിപ്പിച്ചാണ് ഈ ലേഖനം തുടങ്ങിയത്. എന്നാൽ തെന്നിന്ത്യൻ സിനിമകളുമായി ചേർത്ത് പറയാൻ ഇനിയുമുണ്ട് കാര്യങ്ങൾ. എൻസിബി പിടിച്ചെടുത്ത ബോക്സുകളിൽ ഉണ്ടായിരുന്നത് മൂന്ന് അടയാളങ്ങളാണ്. ഒന്ന് ഒരു തേളിന്‍റെ ചിത്രം പതിപ്പിച്ച ബോക്സുകൾ. തേൾ ചിഹ്നം സാധാരണയായി ഹാജി സലീം കാർട്ടൽ ഉപയോഗിക്കുന്ന അടയാളമാണ്. ഇനി അടുത്തതാണ് ശ്രദ്ധേയം ബിറ്റ്കോയിൻ ചിഹ്നവും, റോളക്സ് 555 എന്നെഴുതിയ സ്റ്റാമ്പും. ലോകേഷ് കനകരാജ് സംവിധാനം ചെയത് വിക്രം സിനിമ ഇന്ത്യയിലെ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ ഇറങ്ങുന്ന ഏജൻറ് അരുണ് കുമാർ വിക്രമിൻറെയും കൂട്ടാളികളുടെയും കഥയാണ്. ഇതിലെ പ്രധാന വില്ലനാണ് സൂര്യ അവതരിപ്പിച്ച റോളക്സ്. തമിഴ്നാട്ടിലെ മയക്കുമരുന്ന് ലാബുകൾ നടത്തുന്ന സന്താനത്തിനെ ഇല്ലാതാക്കി ചിത്രം അവസാനിക്കുമ്പോൾ ക്ലൈമാക്സിൽ രംഗത്തെത്തുന്ന കഥാപാത്രമാണ് റോളക്സ്. ശരിക്കുമുള്ള വില്ലനെ വിക്രം ഗ്യാം എങ്ങനെ നേരിടും എന്ന ആകാംക്ഷ ഉയർത്തിയാണ് ലോകേഷ് കനകരാജ് സിനിമ അവസാനിപ്പിക്കുന്നത്.
25000കോടി രൂപയുടെ മയക്കുമരുന്ന വേട്ട ചർച്ചയാകുമ്പോൾ റോളക്സ് 555 ബോക്സുകൾക്കൊപ്പം ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. എന്തായാലും സിനിമയും യഥാർത്ഥ സംഭവവും മയക്കുമരുന്നിന് എതിരെയാണ്. നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ ശരീരത്തിലേക്ക് ലഹരി പടർത്തി നമ്മുടെ യുവത്വത്തെ തന്നെ തളർത്തുന്ന രാസലഹരിയാണ് വലിയ അളവിൽ പിടിക്കപ്പെട്ടിരിക്കുന്നത്. ഓപ്പറേഷൻ സമുദ്രഗുപ്ത അതുകൊണ്ട് തന്നെ ഇന്ത്യൻ നേവിയുടെയും എൻസിബിയുടെയും ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.
Read More : 25000കോടിയുടെ മയക്കുമരുന്ന് വേട്ട; പാക് പൗരൻ കാരിയറെന്ന് എൻസിബി, വിശദവിവരങ്ങൾ ഇങ്ങനെ