സ്വന്തം വിരലുകൾ മുറിച്ചെടുത്ത് യുവാവ്, കാരണം ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ താല്പര്യമില്ല
ആദ്യം പൊലീസിനോട് മയൂർ പറഞ്ഞത്, സുഹൃത്തിന്റെ വീട്ടിൽ പോകും വഴിയാണ് റോഡരികിൽ വീണത് എന്നാണ്. എന്നാൽ, പൊലീസ് സംശയിച്ചത് മന്ത്രവാദത്തിന് വേണ്ടി വിരൽ മുറിച്ചെടുത്തു എന്നാണ്.
വളരെ വിചിത്രമായ ഒരു വാർത്തയാണ് ഗുജറാത്തിൽ നിന്നും ഇന്ന് പുറത്ത് വന്നത്. ബന്ധുവിന്റെ വജ്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ മടിയായതു കാരണം യുവാവ് സ്വന്തം വിരലുകൾ മുറിച്ചു മാറ്റിയത്രെ. ഗുജറാത്തിലെ സൂറത്ത് സിറ്റി പോലീസ് പറയുന്നതനുസരിച്ച്, യുവാവിന് ബന്ധുവിന്റെ ഡയമണ്ട് സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യാൻ താല്പര്യമുണ്ടായിരുന്നില്ല. അതേ തുടർന്ന് അതൊഴിവാക്കാനായി മൂർച്ചയുള്ള ഒരു കത്തിയെടുത്ത് തന്റെ വിരലുകൾ മുറിക്കുകയായിരുന്നത്രെ.
മയൂർ താരാപറ എന്ന 32 -കാരനായ യുവാവാണ് ഇത് ചെയ്തത്. പൊലീസിനോട് ആദ്യം മയൂർ പറഞ്ഞത്, താൻ റോഡരികിൽ ബോധരഹിതനായി വീണുവെന്നും തന്റെ വിരലുകൾ ആരോ മുറിച്ചുമാറ്റിയതിനെ തുടർന്ന് കാണാനില്ല എന്നുമായിരുന്നു. എന്നാൽ, പൊലീസിന് അത് അത്രക്കങ്ങോട്ട് വിശ്വാസം വന്നിരുന്നില്ല. തുടർന്നാണ് വിശദമായ അന്വേഷണം നടന്നത്. അന്വേഷണത്തിൽ മയൂർ തന്നെയാണ് വിരലുകൾ മുറിച്ചു മാറ്റിയത് എന്ന് കണ്ടെത്തുകയായിരുന്നു.
വരാച്ച മിനി ബസാറിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി തുടരാൻ യുവാവിന് താല്പര്യം ഇല്ലായിരുന്നത്രെ. എന്നാൽ, ഇതെങ്ങനെ ബന്ധുവിനോട് പറയുമെന്നും അറിയില്ലായിരുന്നു. അങ്ങനെ പറയാൻ മടിച്ചിട്ടാണ് വിരലുകൾ മുറിച്ച് മാറ്റിയത്. വിരലുകൾ നഷ്ടപ്പെട്ടാൽ ആ ജോലി തനിക്ക് ചെയ്യാൻ കഴിയാതെയാവുമെന്നും അങ്ങനെ ജോലിയിൽ നിന്നും പുറത്ത് കടക്കാമെന്നുമാണ് യുവാവ് കണക്കുകൂട്ടിയത്.
ആദ്യം പൊലീസിനോട് മയൂർ പറഞ്ഞത്, സുഹൃത്തിന്റെ വീട്ടിൽ പോകും വഴിയാണ് റോഡരികിൽ വീണത് എന്നാണ്. എന്നാൽ, പൊലീസ് സംശയിച്ചത് മന്ത്രവാദത്തിന് വേണ്ടി വിരൽ മുറിച്ചെടുത്തു എന്നാണ്. അങ്ങനെയാണ് വിശദമായ അന്വേഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിൽ നിന്നും യുവാവ് തന്നെയാണ് ഇത് ചെയ്തത് എന്ന് മനസിലായി.
പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ സത്യം തുറന്നു പറഞ്ഞു. ഒടുവിൽ, മൂന്ന് വിരലുകൾ ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്നും കത്തി മറ്റൊരു ബാഗിൽ നിന്നും കണ്ടെത്തുകയായിരുന്നു.