വെള്ളത്തിലും വലകെ‌ട്ടി ജീവിക്കുന്ന വിരുതൻ ചിലന്തികൾ, ശ്വസിക്കുന്നത് എങ്ങനെയെന്നറിഞ്ഞാൽ ആരും അമ്പരക്കും

ഏറെ വിചിത്രമാണ് ഇവയുടെ ശരീര സവിശേഷതകൾ. വെള്ളത്തിനുള്ളിലെ അതിജീവനത്തിന് ഇവയെ പ്രധാനമായും സഹായിക്കുന്നത് രോമാവൃതമായ ശരീരമാണ്.

Diving bell spiders spiders living in water rlp

നമ്മു‌ടെ ചുറ്റുപാടിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവികളാണ് ചിലന്തികൾ. വീട്ടിലും നാട്ടിലും കാട്ടിലുമെല്ലാം വലകെട്ടി പാർക്കുന്നവർ. എന്നാൽ, വെള്ളത്തിനടിയിലും ഈ വിരുതന്മാരിൽ ചിലർ വലകെ‌ട്ടി പാർക്കാറുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതേ അങ്ങനെയും ചില ചിലന്തികളുണ്ട്, ഡൈവിങ് ബെൽ സ്‌പൈഡർ എന്നാണ് ഇവയുടെ പേര്.

സവിശേഷ സ്വഭാവമുള്ള നിരവധി ജീവികൾ ഭൂമിയിൽ ഉണ്ട്. അക്കൂ‌ട്ടത്തിലെ ഒരു അത്ഭുത ജീവിയായി തന്നെ ഡൈവിങ് ബെൽ സ്‌പൈഡറിനെ വിശേഷിപ്പിക്കാം. ആർഗൈറോനെറ്റ അക്വാട്ടിക എന്നാണ് ഈ ചിലന്തിയു‌ടെ ശാസ്ത്രനാമം. വെള്ളത്തിനടയിലാണ് ഇവ ജീവിക്കുന്നതെങ്കിലും മീനുകൾക്കും മറ്റുമുള്ളതുപോലെ ശ്വസനാവയവമായ ചെകിളകൾ അഥവാ ഗിൽസ് ഇവയ്ക്കില്ല. അപ്പോൾ പിന്നെ ഇവ എങ്ങനെ ശ്വസിക്കും എന്നല്ലേ? ആ പ്രത്യേകതയാണ് നേരത്തെ പറഞ്ഞ അത്ഭുത ജീവി എന്ന വിശേഷണം ഈ ചിലന്തിക്ക് സമ്മാനിക്കുന്നത്. 

ഏറെ വിചിത്രമാണ് ഇവയുടെ ശരീര സവിശേഷതകൾ. വെള്ളത്തിനുള്ളിലെ അതിജീവനത്തിന് ഇവയെ പ്രധാനമായും സഹായിക്കുന്നത് രോമാവൃതമായ ശരീരമാണ്. ആദ്യം ഇവ സമുദ്രത്തിലെ ചെടികൾക്കു ചുറ്റും വലകൾ കെട്ടി ഒരു അറയുടെ ആകൃതിയുണ്ടാക്കും. തുടർന്ന്  ജലോപരിതലത്തിലേക്ക് പോയി അവിടെ നിന്നും വായു തങ്ങളുടെ രോമാവൃതമായ ശരീരത്തിൽ ശേഖരിച്ച് ഈ അറയ്ക്കുള്ളിലേക്കു കൊണ്ടുവരും. ഇത്തരത്തിൽ കൊണ്ടുവരുന്ന വായു അറയ്ക്കുള്ളിൽ നിക്ഷേപിച്ച് ഒരു വായുകുമിള അഥവാ എയർ ബബിൾ നിർമിച്ചെടുക്കും. ശേഷം ഇതിനുള്ളിലാണ് ചിലന്തികൾ കഴിയുക. സമയാസമയം പോലെ ഈ കുമിളയിലേക്ക് കൂടുതൽ വായു ഇവ എത്തിക്കും.

മനുഷ്യർ അന്തർവാഹിനികളിലും മറ്റും പ്രയോഗിച്ചിട്ടുള്ളതുപോലെയൊരു സാങ്കേതികരീതിയാണ് ഇവയു‌ടെയും അതിജീവനരീതി. യൂറോപ്പ്, മധ്യ- നോർത്ത് അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലാണ് ഈ ചിലന്തി കാണപ്പെടാറുള്ളത്. മറ്റു ചിലന്തികളെ അപേക്ഷിച്ച് ഈ വിഭാഗത്തിലെ ആൺചിലന്തികൾ പെൺചിലന്തികളേക്കാൾ വലുപ്പമുള്ളവയാണ്. ജലത്തിലുള്ള  കീടങ്ങളെയും ചെറിയ ജീവികളെയുമൊക്കെയാണ് ഡൈവിങ് ബെൽ സ്‌പൈഡർ ഭക്ഷിക്കുക. അതേസമയം ചില തവളകളും മത്സ്യങ്ങളും ഇവയേയും ഭക്ഷണമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios