'എന്റെ എഫ് ബി കമന്റ് ബോക്‌സ് നിറയെ ബലാല്‍സംഗ ഭീഷണികളായിരുന്നു'
ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാത്ത മാധ്യമപ്രവര്‍ത്തക!സമാധാന നൊബേല്‍ സമ്മാനം നേടിയ മരിയ റെസ്സയുടെ അസാധാരണ ജീവിതകഥ
''ഒരു മണിക്കൂറിനുള്ളില്‍ ശരാശരി 90 വധഭീഷണികളാണ് എന്റെ ഫോണിലേക്ക് കോളായും മെസേജായും വന്നു കൊണ്ടിരുന്നത്. ഫേസ്ബുക്കില്‍ എന്റെ പോസ്റ്റുകള്‍ക്കു താഴെ നിറയുന്ന ബലാല്‍സംഗം ചെയ്തു കൊന്നുകളയുമെന്ന കമന്റുകള്‍ക്ക് പുറമേ ആണിത്.''-ഒരു അഭിമുഖത്തില്‍ മരിയ ഇങ്ങനെ പറയുന്നു. ഇതിനു പുറമേ, ആ രാജ്യത്തിന്റെ ഭരണാധികാരി പരസ്യമായി പല വട്ടം പറഞ്ഞ ഒരു ഭീഷണി കൂടി ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ''മാധ്യമ പ്രവര്‍ത്തകര്‍ ആയതു കൊണ്ടു മാത്രം നിങ്ങള്‍ വധിക്കപ്പെടില്ല എന്നു പറയാനാവില്ല''എന്നായിരുന്നു പ്രസിഡന്റിന്റെ ഭീഷണി.
അമേരിക്കന്‍ സംവിധായിക റമോണ എസ് ഡയസ് സംവിധാനം ചെയ്ത 'എ തൗസന്റ് കട്ട്‌സ് എന്ന' ഡോക്യുമെന്ററി ചിത്രം ഫിലിപ്പീന്‍ മാധ്യമപ്രവര്‍ത്തക മരിയ റെസെയെ കുറിച്ചാണ്. സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം ലഭിച്ച മരിയ ഏകാധിപതിയായ റൊഡ്രിഗോ ദുതേര്‍തെ ഭരിക്കുന്ന ഫിലിപ്പീന്‍സില്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത് എന്നാണ് ആ സിനിമ പകര്‍ത്തുന്നത്.
വെടിയേല്‍ക്കാതിരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചാണ് സിനിമയില്‍ പലപ്പോഴും മരിയ പ്രത്യക്ഷപ്പെടുന്നത്. സദാസമയവും അവരുടെ കൂടെ സായുധരായ അംഗരക്ഷകരുണ്ട്. അവരുടെ മാധ്യമസ്ഥാപനത്തിനു മുന്നിലും എപ്പോഴും സായുധ കാവല്‍ക്കാരുണ്ട്. എന്തിനാണ് ഒരു മാധ്യമപ്രവര്‍ത്തക ഇത്രയും ഭയന്നു ജീവിക്കുന്നത്? എന്തു കൊണ്ടാണ് അവരിങ്ങനെ സദാ ഭീഷണിക്കു കീഴില്‍ ജീവിക്കേണ്ടി വരുന്നത്?
''ഒരു മണിക്കൂറിനുള്ളില്‍ ശരാശരി 90 വധഭീഷണികളാണ് എന്റെ ഫോണിലേക്ക് കോളായും മെസേജായും വന്നു കൊണ്ടിരുന്നത്. ഫേസ്ബുക്കില്‍ എന്റെ പോസ്റ്റുകള്‍ക്കു താഴെ നിറയുന്ന ബലാല്‍സംഗം ചെയ്തു കൊന്നുകളയുമെന്ന കമന്റുകള്‍ക്ക് പുറമേ ആണിത്.''-ഒരു അഭിമുഖത്തില്‍ മരിയ ഇങ്ങനെ പറയുന്നു. ഇതിനു പുറമേ, ആ രാജ്യത്തിന്റെ ഭരണാധികാരി പരസ്യമായി പല വട്ടം പറഞ്ഞ ഒരു ഭീഷണി കൂടി ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ''മാധ്യമ പ്രവര്‍ത്തകര്‍ ആയതു കൊണ്ടു മാത്രം നിങ്ങള്‍ വധിക്കപ്പെടില്ല എന്നു പറയാനാവില്ല''എന്നായിരുന്നു പ്രസിഡന്റിന്റെ ഭീഷണി.
ഇതു തന്നെയാണ്, ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചു നടക്കാന്‍ മരിയയെ പ്രേരിപ്പിക്കുന്നത്. സായുധ അംഗരക്ഷകരില്ലാതെ സ്വന്തം നാട്ടില്‍ ജീവിക്കാനാവാത്ത അവസ്ഥയിലാണ് അവരെന്ന്, ആ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും. ഓഫ് ലൈന്‍ ജീവിതത്തില്‍ മാത്രമല്ല, ഓണ്‍ലൈന്‍ ജീവിതത്തിലും അവര്‍ സദാ ഭീഷണികള്‍ക്കു മുന്നിലാണ്. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഓണ്‍ലൈന്‍ ട്രോള്‍ ആര്‍മി വര്‍ഷങ്ങളായി ഈ മാധ്യമപ്രവര്‍ത്തകയുടെ പുറകിലാണ്. അവര്‍ നിരന്തരമായി മരിയക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. വ്യാജവാര്‍ത്തകള്‍, ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ഫോട്ടോകള്‍, മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോകള്‍ എന്നിവ മാത്രമല്ല, മരിയ പറയുന്ന ഓരോ വാക്കിനെയും പരിഹസിക്കുന്ന വൃത്തികെട്ട ട്രോളുകള്‍, ബലാല്‍സംഗ ഭീഷണി മുഴക്കുന്ന പോസ്റ്റുകള്‍, കൊന്നുകളയുമെന്ന ഫേസ്ബുക്ക് കമന്റുകള്‍. ആയിരക്കണക്കിന് പേര്‍ അടങ്ങുന്ന ഈ സൈബര്‍ ആര്‍മി മരിയയുടെ ഫോണ്‍ നമ്പര്‍ വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ഏതു നേരത്തും ആളുകളെക്കൊണ്ട് വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.
മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള വഴി
ഫിലിപ്പീന്‍സില്‍ ജനിച്ച മരിയ അമേരിക്കയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫിലിപ്പീന്‍സിലെ ഏകാധിപതിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജനാധിപത്യധ്വംസന നിയമം ഏര്‍പ്പെടുത്തിയപ്പോഴാണ് മരിയയുടെ കുടുംബം കൊച്ചുകുട്ടിയായ അവരെയും കൊണ്ട് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. വെള്ളക്കാരായ കുട്ടികള്‍ക്കിടയിലുള്ള കുട്ടിക്കാലം ആദ്യകാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ, അമേരിക്കയിലെ പ്രശസ്തമായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ അവര്‍ ബിരുദം പൂര്‍ത്തിയാക്കി. പിന്നീടാണ്, ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോവാന്‍ അവര്‍ തീരുമാനിച്ചത്. ആ കാലമായപ്പോഴേക്കും ഏകാധിപതിയായ മാര്‍ക്കോസിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. ഫിലിപ്പീന്‍സില്‍ ജനാധിപത്യം തിരിച്ചു വന്നു. അങ്ങനെയാണ് മരിയ ഫിലിപ്പീന്‍സിലേക്ക് മടങ്ങിച്ചെന്നത്. അവിടെ എത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തനം ജീവിതമാര്‍ഗമായി സ്വീകരിച്ചു.
ഫിലിപ്പീന്‍സിലെ ഒരു പ്രദേശിക ചാനലിലായിരുന്നു ജോലി ആരംഭിച്ചത്് പിന്നീട്, സി എന്‍ എന്‍ ചാനലിന്റെ ബ്യൂറാ ചീഫായി. അതിനു ശേഷം ഫിലിപ്പീന്‍സിലെ ഒന്നാം നമ്പര്‍ ചാനലായ എ ബി എസ് സി ബിയുടെ ന്യൂസ് ഹെഡായി. അവിടന്നാണ് അവര്‍ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് വന്നത്. മൂന്ന് സഹപ്രവര്‍ത്തകമാര്‍ക്കൊപ്പം ചാനല്‍ വിട്ട അവര്‍ പരിമിത സാഹചര്യങ്ങളിലാണ് സ്വന്തം ഓണ്‍ലൈന്‍ മാധ്യമം തുടങ്ങിയത്. സോഷ്യല്‍ മീഡിയാ സാദ്ധ്യതകള്‍ നന്നായി ഉപയോഗിച്ച റാപ്ലര്‍ അതിവേഗം മുന്‍നിരയിലെത്തി. ഫിലിപ്പീന്‍സില്‍ ഇന്നതില്‍ നൂറിലേറെ ജീവനക്കാരുണ്ട്. ഏറ്റവും വായിക്കപ്പെടുന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ മാധ്യമമാണ് അതിന്ന്. ലോകം ഏറ്റവും വിശ്വാസ്യത പുലര്‍ത്തുന്ന ഫിലിപ്പീന്‍ മാധ്യമവും അതാണ്.
റോഡ്രിഗോ ദുതേര്‍തെ.
ഭരണാധികാരിയുടെ തലവേദന
എന്നിട്ടും എന്തു കൊണ്ടാണ് ഫിലിപ്പീന്‍ ഭരണകൂടം മരിയയെയും അവരുടെ മാധ്യമത്തെയും ശത്രുവായി കാണുന്നത്? ഫിലിപ്പീന്‍സ് ഭരണാധികാരിയെക്കുറിച്ച് അറിഞ്ഞാലേ അതു മനസ്സിലാവൂ. അഞ്ചു വര്‍ഷമായി ഫിലിപ്പീന്‍സ് ഭരിക്കുന്നത്, എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനായ ഒരു ഭരണാധികാരിയാണ്. മുന്‍ മേയറായിരുന്ന റോഡ്രിഗോ ദുതേര്‍തെ. 2016-ല്‍ അധികാരമേറ്റ അന്ന് മുതല്‍ അദ്ദേഹം ആരംഭിച്ച 'മയക്കുമരുന്നിനെതിരായ യുദ്ധം' ആയിരക്കണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. പൊലീസിനെയും പട്ടാളത്തെയും ഭരണകൂടത്തെയും ഉപയോഗിച്ച് അയാള്‍ മര്‍ദ്ദക ഭരണം നടത്തുകയാണ്. എല്ലാ പ്രശ്‌നത്തിനും അയാള്‍ കാണുന്ന പരിഹാരം കൊലപാതകമാണ്. ലോകമെങ്ങും വിമര്‍ശനം ഉയര്‍ന്നിട്ടും അതൊന്നും വകവെയ്ക്കാതൊണ് അദ്ദേഹം മുന്നോട്ടു പോവുന്നത്.
ഈ പ്രസിഡന്റിന്റെ ഏറ്റവും വലിയ തലവേദനയാണ് മരിയ എന്ന മാധ്യമപ്രവര്‍ത്തക. മിക്കവാറും മാധ്യമങ്ങള്‍ പ്രസിഡന്റിന്റെ ചൊല്‍പ്പടിക്കാരായി മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക ഉയര്‍ത്തിപ്പിടിച്ച് ധീരമായ മാധ്യമപ്രവര്‍ത്തനം നടത്തുകയായിരുന്നു അവര്‍. 2012-ല്‍ അവര്‍ ആരംഭിച്ച റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം നിര്‍ഭയമായ റിപ്പോര്‍ട്ടിംഗ്, മൂര്‍ച്ചയുള്ള വിശകലനം, സമഗ്രമായ കവേറജ് എന്നിവയിലൂടെ അതിവേഗമാണ് രാജ്യത്തെ ഏറ്റവും വായിക്കപ്പെടുന്ന മാധ്യമമായി മാറിയത്. ലോകമെങ്ങും അറിയപ്പെടുന്ന മരിയ ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ്ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചു. ലോക പ്രശസ്തമായ പുസ്തകങ്ങളും അവര്‍ എഴുതിയിട്ടുണ്ട്.
മരിയയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍
മരിയ എഡിറ്ററായ മാധ്യമസ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തര ശ്രമങ്ങള്‍ നടത്തുകയാണ്. വിദേശികള്‍ക്കു വേണ്ടി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് മരിയയുടെ മാധ്യമം എന്നാണ് പ്രസിഡന്റ് പരസ്യമായി പറയുന്നത്. ഇതിനായി പണം മുടക്കുന്നത് അമേരിക്കന്‍ മുതലാളിമാരാണ് എന്നും അദ്ദേഹം ആരോപിച്ചു. രാജ്യദ്രോഹ കുറ്റമാണ് മരിയ ചെയ്യുന്നതെന്നും പ്രസിഡന്റ് പല വട്ടം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മരിയയുടെ മാധ്യമ സ്ഥാപനം അടച്ചുപൂട്ടാനാണ് പിന്നീട് ശ്രമങ്ങള്‍ നടന്നത്. മരിയ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് നിരന്തരം ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ നടത്തി. എല്ലാ രേഖകളും ശരിയായിട്ടും 133 മില്യന്‍ ഫിലിപ്പീന്‍സ് പെസോ പിഴ ചുമത്തി. മരിയയുടെ സ്ഥാപനത്തിനെതിരെ സര്‍ക്കാര്‍ ഇതുവരെ 11 കേസുകളാണ് ചുമത്തിയത്. അതില്‍ ആറെണ്ണം ക്രിമനല്‍ കേസുകളാണ്. വിദേശ നിക്ഷേപ പ്രശ്‌ന പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. എന്നാല്‍, കോടതി പിന്നീട് ഈ നടപടി പിന്‍വലിച്ചു. പല കേസുകളും കോടതി തള്ളിക്കഞ്ഞെങ്കിലും പുതിയ കേസുകള്‍ കൊണ്ടുവന്നു.
അതിനിടെയാണ് അവരെ കഴിഞ്ഞ വര്‍ഷം ജയിലിലടച്ചത്. സര്‍ക്കാറിന്റെ സ്വന്തക്കാരനായ ഒരു വ്യവസായപ്രമുഖന്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ആറു മാസം തടവുശിക്ഷ വിധിച്ചത്. നല്‍കിയത്. വിദേശ നിര്‍മിതമായ വാഹനങ്ങള്‍ നികുതി വെട്ടിച്ച് രാജ്യത്തു കടത്തിയ കേസില്‍ രക്ഷപ്പെടാന്‍ ഈ വന്‍കിട വ്യവസായി ചീഫ്ജസ്റ്റിസിന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത മരിയയുടെ മാധ്യമമായ റാപ്ലര്‍ തെളിവു സഹിതം പുറത്തു കൊണ്ടുവന്നതിനു ശേഷമാണ് മരിയയ്‌ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. പ്രസിഡന്റിന്റെ വിമര്‍ശകരെ ഒതുക്കുന്നതിനായി പുതുതായി കൊണ്ടുവന്ന ഓണ്‍ലൈന്‍ മാരണ നിയമത്തിലെ വിവാദ വകുപ്പുകള്‍ ഉപയോഗിച്ചാണ് മരിയക്കെതിരെ കേസ് നല്‍കിയത്.
തേടിയെത്തിയ നൊബേല്‍ സമ്മാനം
ഈ സാഹചര്യത്തിലാണ് 2021-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയയെ തേടിയെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള ഇരുവരുടെയും പോരാട്ടത്തിനുള്ള ആദരമായാണ് പുരസ്‌കാരമെന്നാണ് നോബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കിയത്. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്നും പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. അംഗീകാരപത്രത്തോടൊപ്പം പത്ത് മില്യന്‍ സ്വീഡിഷ് ക്രോണ (ഒന്‍പത് കോടി രൂപ) ജേതാക്കള്‍ക്ക് ലഭിക്കുക.
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ്, റിപ്പോര്‍ട്ടേഴ്‌സ് വിത്തൌട്ട് ബോര്‍ഡേഴ്‌സ്, ലോകാരോഗ്യ സംഘടന എന്നിങ്ങനെ 329 എന്‍ട്രികളില്‍നിന്നാണ് മരിയയെയും മുറാതോവിനെയും തെരഞ്ഞെടുത്തത്.