രാജ്യത്തിനായി, മരണം വരെ മായാത്ത മുറിവേറ്റ പെണ്‍കുട്ടി; അവളെ എങ്ങനെയാണ് ചരിത്രം മറന്നു പോയത്?
ആ വാർത്ത കേട്ടറിഞ്ഞ സാക്കിക്കോയുടെ സഹോദരൻ തന്റെ പതിനൊന്നു വയസ്സുള്ള പെങ്ങളുടെ പേരും കൊടുത്തു, ആ അവസരത്തിനായി. രണ്ടുണ്ടായിരുന്നു കാരണം. ഒന്ന്, അത് കുടുംബത്തിന്റെ യശസ്സുയർത്തും. രണ്ട്, വീട്ടിൽ ഒരു വയറിനുള്ള വക കുറച്ചന്വേഷിച്ചാൽ മതിയല്ലോ.
ജപ്പാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊർജ്ജം പകർന്ന ഒരു യുവതി... പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, അതായത് മെയ്ജി കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ഒരു സമുറായിയുടെ മകളായിരുന്നു അവൾ. സ്വന്തം ജീവിതത്തിൽ ആ പെൺകുട്ടി നയിച്ച വിപ്ലവങ്ങളുടെ കഥയാണിത്.
അവളുടെ പേര് സാക്കിക്കോ യമാക്കാവ എന്നാണ്. അവളുടെ ഗ്രാമം ആഭ്യന്തര യുദ്ധങ്ങളുടെ ചൂടിലമർന്നപ്പോൾ, കുഞ്ഞ് സാക്കിക്കോയ്ക്ക് വെറും എട്ടുവയസ്സുമാത്രമായിരുന്നു പ്രായം. ജപ്പാനിലെ ഐസു പരമ്പരയിൽ പെട്ട ഒരു സമുറായി കുടുംബമായിരുന്നു അവളുടേത്. യുദ്ധത്തിൽ തോറ്റുകൊണ്ടിരിക്കുകയായിരുന്നു അവർ. പോരാട്ടത്തിന്റെ അവസാന ഘട്ടം.
അവര്‍ അതിനു തയ്യാറെടുത്തു. നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു അവർക്കത്
ശത്രു സൈന്യം ഐസു കോട്ട വളഞ്ഞ് ആക്രമണം തുടങ്ങി. കുടുംബത്തിലെ പുരുഷന്മാരൊക്കെ പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കലായിരുന്നു അവിടത്തെ സമുറായ് പെണ്ണുങ്ങളുടെ കർത്തവ്യം. അതിൽ മുഴുകി സാക്കിക്കോയും. തോക്കുമായി പടപൊരുതിയ കുടുംബത്തിലെ മുതിർന്നവർക്ക് വേണ്ട തിരകളെത്തിച്ചു കൊടുത്തും, കാലിയായ ഷെല്ലുകളുമായി സ്റ്റോർ മുറിയിലേക്ക് തിരിച്ചോടിയും ആ പടക്കളത്തിൽ നിറഞ്ഞു നിന്നു അവൾ
ആർട്ടിലറി തൊടുത്തുവിടുന്ന ഷെല്ലുകൾ പൊട്ടാതെ വന്നു വീഴുമ്പോൾ കരിമ്പടം കൊണ്ട് പുതച്ച് തീ കെടുത്താൻ ശ്രമിച്ചു പെണ്ണുങ്ങൾ. അങ്ങനെ വന്നുവീണ ഒരു ഷെല്ലിനുനേരെ പാഞ്ഞുചെന്നപ്പോൾ അത് പൊട്ടിത്തെറിച്ച് സ്വന്തം നാത്തൂൻ കൊല്ലപ്പെടുന്നത് കണ്ടുനിന്നു സാക്കിക്കോ. ആ ഷെല്ലിൽ നിന്നും ചീറിവന്ന ഒരു ചില്ലിൻ കഷ്ണം അവളുടെ കഴുത്തിൽ മരണം വരെയും മായാത്ത ഒരു മുറിപ്പാടുണ്ടാക്കി. പക്ഷേ, അവൾ മരിച്ചില്ല.
നാട്ടിലും വിദേശത്തുമായുള്ള യുദ്ധങ്ങളൊക്കെ അവസാനിച്ചപ്പോൾ ജപ്പാന്, നിലനില്പിനുവേണ്ടി താൽക്കാലികമായെങ്കിലും, തങ്ങളുടെ വിദേശവിരുദ്ധ നയങ്ങൾ പലതും പിൻവലിക്കേണ്ടി വന്നു. തങ്ങളെ ആക്രമിച്ചു കീഴടക്കിയ വൈദേശിക ശക്തികളെ, അവരുടെ നാട്ടിൽ ചെന്ന്, അവിടത്തെ യൂണിവേഴ്‌സിറ്റികളിൽ നൂതനസാങ്കേതിക വിദ്യകൾ അഭ്യസിച്ച്, അവരിൽ നിന്നും തന്നെ പാഠങ്ങളുൾക്കൊണ്ട് മാത്രമേ പരാജയപ്പെടുത്താനാവൂ എന്ന് അവർ തിരിച്ചറിഞ്ഞു. അവര്‍ അതിനു തയ്യാറെടുത്തു. നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു അവർക്കത്.
ഒരേയൊരു തടസ്സം മാത്രം മുന്നിൽ. ജപ്പാനിൽ ഒരാൾക്കും ജാപ്പനീസല്ലാതെ മറ്റൊരു ഭാഷയുമറിയില്ല. ഇംഗ്ലീഷ് ഒട്ടുമറിയില്ല. എന്നിരുന്നാലും തോൽവി സമ്മതിക്കാൻ ജപ്പാൻ ഗവണ്മെന്റ് തയ്യാറായിരുന്നില്ല. അമേരിക്കയിൽ പോയി ഉന്നതവിദ്യാഭ്യാസം ചെയ്യാൻ തയ്യാറാവുന്നവരുടെ കുടുംബത്തിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ. ഒപ്പം പഠനത്തിന്റെ സകല ചെലവുകളും വഹിക്കാനും സർക്കാർ തയ്യാറായി.
ആ വാർത്ത കേട്ടറിഞ്ഞ സാക്കിക്കോയുടെ സഹോദരൻ തന്റെ പതിനൊന്നു വയസ്സുള്ള പെങ്ങളുടെ പേരും കൊടുത്തു, ആ അവസരത്തിനായി. രണ്ടുണ്ടായിരുന്നു കാരണം. ഒന്ന്, അത് കുടുംബത്തിന്റെ യശസ്സുയർത്തും. രണ്ട്, വീട്ടിൽ ഒരു വയറിനുള്ള വക കുറച്ചന്വേഷിച്ചാൽ മതിയല്ലോ.
വിവരമറിഞ്ഞ അവൾ മാത്രം നടുങ്ങി. അവൾക്ക് ഇംഗ്ലീഷിലെ ഒരക്ഷരം പോലുമറിയില്ലായിരുന്നു. അന്നുവരെ അച്ഛനമ്മമാരെ പിരിഞ്ഞ് ഒരു രാത്രിപോലും ഉറങ്ങിയിട്ടില്ലായിരുന്നു. തന്റെ ഗ്രാമം വിട്ടൊരിടത്തും പോയിട്ടില്ലായിരുന്നു. സ്വന്തം നാടുവിട്ട് എങ്ങോട്ടെങ്കിലും പോകാൻ അക്കാലത്ത് ജപ്പാൻകാർക്ക് വലിയ വിമുഖതയായിരുന്നു
അങ്ങനെ തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഒമ്പതിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മറ്റു നാല് പെൺകുട്ടികളോടൊപ്പം സാക്കിക്കോ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്ക് മുമ്പ്, അവസാനമായി ഒരിക്കൽ കൂടി അവൾ തന്റെ അമ്മയെ കണ്ടു. ആ അമ്മ ജീവിതത്തിൽ പുതിയൊരു പ്രയാണത്തിന് ഇറങ്ങിത്തിരിക്കുന്ന തന്റെ മകൾക്ക് പുതിയൊരു പേരും കൂടി ചാർത്തിനൽകി. സുതേമാത്സു...! വളരെ വിഷാദച്ഛവിയുള്ള ഒരു പേരായിരുന്നു അത്. തിരസ്കാരത്തിനുള്ള ജാപ്പനീസ് വാക്കും, പരാജയപ്പെട്ട ഒരു ഐസു ദേവതയുടെ പേരും ചേർത്തുണ്ടാക്കിയ പുതിയ പേര്.. അവളുടെ പഴയ ജീവിതത്തിന് ആ രംഗത്തോടെ തിരശ്ശീല വീഴുകയാണ്.
അങ്ങനെ അവൾ സതേമാത്സുവായി..!
ഉപരിപഠനാർത്ഥം അവൾ അമേരിക്കയിൽ വന്നിറങ്ങുമ്പോൾ, ആഭ്യന്തരകലാപമേൽപ്പിച്ച ക്ഷതങ്ങളിൽ നിന്നും അമേരിക്കയും മുക്തിനേടുന്ന കാലമായിരുന്നു. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതുലോകം അവരെ അവിടെ എതിരേറ്റു. ആദ്യമായി അവർ ഒരു കറുത്ത വർഗ്ഗക്കാരനെ കണ്ടുമുട്ടുന്നത് അക്കാലത്താണ്. അങ്ങനെ അപരിചിതമായ ഒരു ഭാഷയിലേക്കും സംസ്കാരത്തിലേക്കും അവർ അഞ്ചുപെണ്ണുങ്ങളും സാവകാശം ഇറങ്ങിച്ചെന്നു. പൂർവദേശത്തുനിന്നും വന്നിറങ്ങിയ സുന്ദരികളുടെ ഫോട്ടോ പിടിക്കാൻ തത്പരരായിരുന്ന അമേരിക്കയിലെ പാപ്പരാസികളുടെ കണ്ണിൽപ്പെടാതെ അവർ പതുങ്ങിനടന്നു.
അയാളുടെ ദേഹത്ത് വെടിയുണ്ടയേറ്റ പാടുകളുണ്ടായിരുന്നു
ഒരു സുപ്രഭാതത്തിലുണ്ടായ ആ പറിച്ചുനടൽ ഏൽപ്പിച്ച സാംസ്കാരികാഘാതം അതിജീവിക്കാൻ ഐവർസംഘത്തിലെ മൂത്ത രണ്ടു പെൺകുട്ടികൾക്കും സാധിച്ചില്ല. പാതിവഴി പഠിത്തം നിർത്തി അവർ തിരികെ ജപ്പാനിലേക്ക് മടങ്ങി. ബാക്കി മൂന്നുപേരും പിടിച്ചുനിൽക്കാൻ തന്നെ തീരുമാനിച്ചു. അപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിരുന്നില്ല. പരസ്പരാമാശ്രയിച്ച് ഒന്നിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് അവർ മൂന്നുപേരും മാസങ്ങൾ കഴിഞ്ഞിട്ടും ഇംഗ്ലീഷ് പഠിച്ചെടുത്തിരുന്നില്ല. ആ ഒരൊറ്റക്കാരണം കൊണ്ട് അവരെ തമ്മിൽ പിരിച്ച് മൂന്ന് വെവ്വേറെ വളർത്തു കുടുംബങ്ങളിലാക്കി. സുതേമാത്സു എന്ന പേര് അവളുടെ പുതിയ കുടുംബത്തിൽ ആരുടേയും നാക്കിനു വഴങ്ങുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് അതിനോട് സാമ്യമുള്ള, എന്നാൽ വിളിക്കാൻ പറ്റുന്ന മറ്റൊരു പേര് അവർ കണ്ടെത്തി, സ്റ്റേമാറ്റ്സ്..
അങ്ങനെ അവൾ സ്‌റ്റേമാറ്റ്സ് ആയി.
അവർ അവളെ സ്‌കൂളിലയച്ചു പഠിപ്പിച്ചു. മിടുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ. പഠിച്ച ക്‌ളാസുകളിലെല്ലാം ഒന്നാമതായി അവൾ ജയിച്ചുകേറി. സ്‌കൂളിൽ നിന്നും കോളജിലെത്തി. ബിരുദം നേടി. ഒടുവിൽ അമേരിക്കയിലെ അവളുടെ പഠനകാലം അവസാനിച്ചു. ഗവണ്മെന്റിന്റെ ധനസഹായങ്ങൾ നിലച്ചു. ജന്മനാട്ടിലേക്ക് തിരിച്ചുപോയേ പറ്റൂ എന്ന അവസ്ഥയിൽ, അവൾ നാട്ടിലേക്ക് തിരിച്ചു പോരാൻ തയ്യാറെടുത്തു. അവളായിരുന്നു അപ്പോൾ ഏറ്റവും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ജാപ്പനീസ് യുവതി.
അമേരിക്കയിൽ ചെലവിട്ട ഒരു ദശാബ്ദത്തിനു ശേഷം ജപ്പാനിൽ തിരിച്ചെത്തിയ സുതേമാത്സുവിനെ രാജ്യം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ, അപ്പോഴേക്കും സ്ഥിതിഗതികൾ മാറിമറിഞ്ഞിരുന്നു. യുദ്ധാനന്തരം ഉടലെടുത്തിരുന്ന അരക്ഷിതാവസ്ഥയിൽ നിന്നും ജപ്പാൻ കരകയറിയതോടൊപ്പം, അവരുടെ പാശ്ചാത്യ വിദ്യാഭ്യാസത്തോടുള്ള സൗമ്യ മനോഭാവവും ഇല്ലാതായി. വീണ്ടും പഴയ പരമ്പരാഗത സ്വദേശിവാദത്തിലേക്ക് ജപ്പാൻ മടങ്ങിപ്പോയി. ഇംഗ്ലീഷിനെ കൂട്ടിത്തൊടീക്കാത്ത ജപ്പാനിൽ സുതേമാത്സുവിനെപ്പോലുള്ളവർക്ക് ഇടമില്ലാതെയായി.
പക്ഷേ, തോൽവി സമ്മതിക്കാൻ അവൾ തയ്യാറായിരുന്നില്ല. തന്നോടൊപ്പം തിരിച്ചുവന്ന ഷിഗെ, ഉമേ എന്നിവരുമായി സുതേമാത്സു വീണ്ടും കൈകോർത്തു. ജപ്പാനിലെ സ്ത്രീകൾക്കുവേണ്ടി സ്‌കൂളുകൾ തുറക്കാനുള്ള പദ്ധതികൾ പലതും അവർ ആവിഷ്കരിച്ചു. പക്ഷേ, രണ്ടുകാര്യങ്ങൾ അവരുടെ വഴിമുടക്കി നിന്നു. ഒന്ന്, മൂലധനം. രണ്ട്, സാമൂഹിക പിന്തുണ. രണ്ടും അവൾക്ക് കിട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നും.
അദ്ദേഹത്തിന്റെ പേര്, ഇവാവോ ഒയാമ എന്നായിരുന്നു. വർഷങ്ങളോളം പോരാട്ടങ്ങൾ നയിച്ച ജാപ്പനീസ് പട്ടാളത്തിലെ ഒരു ജനറൽ. അയാൾ ഐസുവിലെ യുദ്ധത്തിലും പങ്കെടുത്തിരുന്നു. ശത്രുപക്ഷത്തിനുവേണ്ടി..! അയാളുടെ ദേഹത്ത് വെടിയുണ്ടയേറ്റ പാടുകളുണ്ടായിരുന്നു. ഒരു പക്ഷേ, സുതേമാത്സു ചുമന്നുകൊണ്ടുകൊടുത്ത വെടിയുണ്ടകളിൽ ഏതെങ്കിലുമൊക്കെ അയാൾക്ക് ഏറ്റിട്ടുണ്ടാവും. അവളുടെ നാത്തൂനെ കൊന്ന ഷെൽ ചിലപ്പോൾ അയാൾ തൊടുത്തുവിട്ടതായിരുന്നിരിക്കും.
എന്തായാലും.. അദ്ദേഹത്തിന് വേണ്ടിയിരുന്നത് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച ഒരു വധുവിനെയായിരുന്നു. ഒരു വിവാഹാലോചനയും കൊണ്ടാണ് ഇവായോ സുതേമാത്സുവിനെ സമീപിക്കുന്നത്. നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാൽ ഐസു കുടുംബം ആ ആലോചന കേട്ടപാടെ നിരസിച്ചു. എന്നാൽ സുതേമാത്സു അതേപ്പറ്റി വിശദമായി ചിന്തിച്ചു.
ചുരുങ്ങിയത് പത്തിരുപതു വയസ്സെങ്കിലും മൂപ്പുണ്ടായിരുന്ന ഇവായോയെ സുതേമാത്സുവിന് തന്റെ ഭർത്താവിന്റെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും ആവില്ലായിരിക്കുന്നു. പക്ഷേ, തന്റെ നാട്ടിലെ പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കാൻ വേണ്ടി എന്തിനും തയ്യാറായ ഒരു മാനസികാവസ്ഥയായിരുന്നു അപ്പോൾ അവളുടേത്. മാത്രമല്ല, ചെറുപ്പം മുതൽ രാജ്യത്തിനായി ത്യാഗങ്ങൾ സഹിച്ചു മാത്രം പോന്ന അവളെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയല്ലായിരുന്നു.
അങ്ങനെ അവൾ സുതേമാത്സു ഒയാമയായി.
ഒരു വിവാഹം നൽകിയ സാമ്പത്തിക ഭദ്രതയുടെ അസ്തിവാരത്തിൽ സുതേമാത്സു തന്റെ 'പിയറെസ്സസ് സ്‌കൂൾ' ആരംഭിച്ചു. അമേരിക്കയിൽ അവളുടെ സഹപാഠിയായിരുന്ന ഉമേ ആയിരുന്നു ആദ്യ അധ്യാപികമാരിൽ ഒരാൾ. അമേരിക്കയിലെ അവളുടെ വളർത്തുകുടുംബത്തിലെ ഒരു സഹോദരി മറ്റൊരു അധ്യാപികയായെത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസമേകാനുള്ള സുതേമാത്സുയുടെ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പുകളുണ്ടായി. അവളെ വിവാദങ്ങൾ വേട്ടയാടി. അതിലൊന്നും തളരാതെ അവൾ തന്റെ പ്രവൃത്തികൾ തുടർന്നു..
ആ കോളേജ് സ്ഥാപിക്കുന്നതിന് വേണ്ട സാമ്പത്തിക ചെലവുകൾ സുതേമാത്സു വഹിച്ചു
ഒടുവിൽ, സ്ത്രീ വിദ്യാഭ്യാസത്തിനായുള്ള സുതേമാത്സുവിന്റെ പ്രവർത്തനങ്ങളും, പ്രചാരണങ്ങളും ഫലം കണ്ടു. 1899 -ൽ ജാപ്പനീസ് ഗവണ്മെന്റ് എല്ലാ ജില്ലയിലും പെൺകുട്ടികൾക്കായി ഒരു സ്‌കൂളെങ്കിലും സ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. അടുത്ത വർഷം ഉമേ പിയറെസ്സെസ്സ് സ്‌കൂൾ വിട്ട്, പെൺകുട്ടികൾക്കായി ഒരു കോളേജ് സ്ഥാപിച്ചു. ആ കോളേജ് സ്ഥാപിക്കുന്നതിന് വേണ്ട സാമ്പത്തിക ചെലവുകൾ സുതേമാത്സു വഹിച്ചു. സ്‌കൂളിന്റെ പ്രവർത്തനങ്ങളേറ്റെടുക്കാൻ അവർ മറ്റൊരു കർമ്മകുശലയായ വനിതയെ കണ്ടെത്തി. പക്ഷേ, അകാലത്തിൽ ബാധിച്ചൊരു സന്നിപാതജ്വരം സുതേമാത്സുവിന്റെ ജീവനെടുത്തു.
ഇന്ന് ജപ്പാനിലെ പാഠപുസ്തകങ്ങളിൽ ജപ്പാനിലെ സ്ത്രീവിദ്യാഭ്യാസത്തിന്റെ പരിണാമദശകളെപ്പറ്റി പറയുന്നിടത്തെല്ലാം 'ഉമേ സുഡാ' എന്ന ധീരവനിതയെപ്പറ്റിയുള്ള പരാമർശങ്ങൾ മാത്രമേയുള്ളു. അവരുടെ ത്യാഗങ്ങളെപ്പറ്റിയും, ദീർഘദർശിത്വത്തെപ്പറ്റിയുമെല്ലാം ഇന്നത്തെ യുവതലമുറ പഠിക്കുന്നു. എന്നാൽ പാഠപുസ്തകങ്ങളുടെ താളുകളിലൊന്നും ഇടം കിട്ടാതെ, വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു പേരുണ്ട്.. അത് സാക്കിക്കോ യമാക്കാവ എന്നാണ്. അത് സുതേമാത്സു എന്നാണ്. അത് സ്‌റ്റേമാറ്റ്സ് എന്നാണ്.. അത് മിസ്. ഒയാമോ എന്നാണ്..
അങ്ങനെ മറന്നുപോവരുത് നമ്മളാ പേരുകൾ..!
വിവരങ്ങൾക്ക് കടപ്പാട് : 'റിജക്റ്റഡ് പ്രിൻസെസ്സസ്'