ഡിസ്‌ലെക്‌സിയ ബാധിച്ച കുട്ടികളുടെ സ്വന്തം ടീച്ചറമ്മ പറയുന്നു...
''കുട്ടികളിലെ പഠനവൈകല്യമാണ് ഡിസ് ലെക്‌സിയ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അതിനെക്കുറിച്ച് മനസ്സിലാക്കാതെ, പ്രതികരിക്കുമ്പോൾ അത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കും. അതിനേക്കാള്‍ സങ്കടകരമായിരിക്കും അവരുടെ അമ്മമാരുടെ അവസ്ഥ. അവരും നാളത്തെ തലമുറയുടെ, സമൂഹത്തിന്റെ ഭാഗമാണ്'' സന്ധ്യയുടെ വാക്കുകള്‍.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 'താരേ സമീന്‍ പര്‍' എന്ന ചലച്ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ഇഷാന്‍ നന്ദകിഷോര്‍ അവസ്തി എന്ന എന്ന എട്ടുവയസ്സുകാരനും അവന്റെ അധ്യാപകനായ നികുംഭും ചേര്‍ന്ന് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയമായിരുന്നു. ഡിസ് ലെക്സിയ എന്ന അവസ്ഥയായിരുന്നു ഇഷാന്. നികുംഭ് എങ്ങനെയാണ് ഇഷാനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് ഈ ചിത്രം പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നു.
അമീര്‍ ഖാന്‍ ജീവന്‍ നല്‍കിയ നികുംഭ് എന്ന അധ്യാപകനാണ് ഇഷാനെ മാറ്റിമറിക്കുന്നത്. അത്തരം ഒരു പാട് അധ്യാപകരുണ്ട്, നമുക്കിടയില്‍. തിരുവനന്തപുരത്ത് ഇത്തരം കുട്ടികള്‍ക്കായി ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നടത്തുന്ന സന്ധ്യാ പ്രജിന്‍ എന്ന വീട്ടമ്മ അത്തരം ഒരാളാണ്. ഇഷാനെപ്പോലെ അനേകം കുട്ടികളുടെ സ്വന്തം ടീച്ചറമ്മ. ഡിസ് ലെക്സിയ ബാധിച്ച സ്വന്തം മകനാണ് അവരെ ഈ വഴിയിലെത്തിച്ചത്. അത്ര നല്ലതല്ലാത്ത കാരണങ്ങളാല്‍ ഡിസ് ലെക്‌സിയ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ സന്ധ്യയ്ക്കും ചിലത് പറയാനുണ്ട്.
തേജസ് എന്ന ഏഴാം ക്ലാസ്സുകാരനായ സന്ധ്യയുടെ മകനും ഡിസ് ലെക്സിയ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടിയാണ്. ''എന്താണ് ഡിസ് ലെക്‌സിയ എന്ന് അധികമാര്‍ക്കും അറിയില്ല. രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തിലെ മറ്റുള്ള ആളുകള്‍ക്കും ഇതിനെക്കുറിച്ച് അടിസ്ഥാനപരമായി അറിയില്ല. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പോലും ചിലപ്പോള്‍ കുട്ടികളുടെ ഈ അവസ്ഥ കണ്ടെത്താന്‍ സാധിക്കാറില്ല. അവരെ രക്ഷിച്ചെടുക്കണമെങ്കില്‍ എന്താണ് ഇതെന്ന് അറിയണം.'' സന്ധ്യ വിശദീകരിക്കുന്നു.
''കുട്ടികളിലെ പഠനവൈകല്യമാണ് ഡിസ് ലെക്‌സിയ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അതിനെക്കുറിച്ച് മനസ്സിലാക്കാതെ, പ്രതികരിക്കുമ്പോള്‍ അത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കും. അതിനേക്കാള്‍ സങ്കടകരമായിരിക്കും അവരുടെ അമ്മമാരുടെ അവസ്ഥ. അവരും നാളത്തെ തലമുറയുടെ, സമൂഹത്തിന്റെ ഭാഗമാണ്'' സന്ധ്യയുടെ വാക്കുകള്‍.
ഡിസ് ലെക്സിയ ബാധിച്ച കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ആശ്രയം അമ്മ തന്നെയാണ്. കാരണം അവരെ സാധാരണ കുട്ടികള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ അമ്മയുടെ അപാരക്ഷമ തന്നെ വേണമെന്ന് സന്ധ്യ കൂട്ടിച്ചേര്‍ക്കുന്നു. ''മിക്ക വീടുകളിലും അമ്മമാരാണ് കുട്ടികളെ പഠിപ്പിക്കാന്‍ ഒപ്പമിരിക്കുന്നത്. സാധാരണ കുട്ടികളെപ്പോലെ ആയിരിക്കില്ല അവര്‍ അക്ഷരങ്ങള്‍ കാണുന്നതും വായിക്കുന്നതും. 'വാസ്' എന്ന് ഇംഗ്‌ളീഷിലെഴുതിയാല്‍ അവര്‍ വായിക്കുന്നത് 'സോ' എന്നായിരിക്കും. കുട്ടികളുടെ ഈ അവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്ത അമ്മമാരും അധ്യാപകരും അവരെ ശിക്ഷിക്കാറാണ് പതിവ്. അവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കുകയാണ് വേണ്ടത്. ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. ''അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചെടുക്കേണ്ടതെ''ന്നും സന്ധ്യ കൂട്ടിച്ചേര്‍ക്കുന്നു.
എല്‍കെജി ക്ലാസില്‍ പഠിക്കുമ്പോഴാണ് സന്ധ്യയുടെയും പ്രജിന്റെയും മകന്‍ തേജസിന് ഡിസ് ലെക്‌സിയ ഉണ്ടെന്ന് കണ്ടെത്തുന്നത്. തേജസിനെ ചേര്‍ക്കാന്‍ ഒരു സ്‌കൂള്‍ കണ്ടെത്തുന്ന കാര്യത്തില്‍ പരാജയപ്പെട്ടപ്പോള്‍ അത്തരമൊരു സ്‌കൂള്‍ ആരംഭിക്കാമെന്ന് ഇവര്‍ തീരുമാനിച്ചു. അങ്ങനെ അഞ്ച് വര്‍ഷം മുമ്പാണ് തിരുവനന്തപുരം വട്ടവിളയില്‍ 'ട്രാവന്‍കൂര്‍ നാഷണല്‍ സ്‌കൂള്‍' തുടങ്ങുന്നത്. പ്രജിന്‍ ബാബുവാണ് സ്‌കൂള്‍ ചെയര്‍മാന്‍. ഇപ്പോള്‍ ഇവിടെ എണ്‍പത് കുട്ടികളാണുള്ളത്. ഇത്തരം കുഞ്ഞുങ്ങള്‍ അരികുവത്കരിക്കപ്പെടേണ്ടവരല്ലെന്നും അവരും സാധാരണ കുട്ടികളെപ്പോലെ സമൂഹത്തില്‍ ജീവിക്കട്ടെയെന്നും സന്ധ്യയും പ്രജിനും ഒരേ സ്വരത്തില്‍ പറയുന്നു.