'ഏത് വി ഐ പി ആയാലും വരി തെറ്റിക്കാന്‍ പറ്റില്ല'; 'ക്യൂ' നില്‍ക്കുന്നതിനോട് ഇന്ത്യക്കാര്‍ക്കെന്താ ഇത്ര അലര്‍ജി?
നിമിഷ നേരത്തേക്ക് പകച്ചു നിന്നുപോയി നമ്മുടെ മന്ത്രി. സാധാരണക്കാരിയായ ഒരു കോളേജ് വിദ്യാർഥിനിയിൽ നിന്നും ഇത്തരത്തിലൊരു
പ്രതികരണം അദ്ദേഹം പ്രതീക്ഷിക്കയുണ്ടായില്ല. ആദ്യമൊന്ന് അമ്പരന്നെങ്കിലും, തന്റെ രാഷ്ട്രീയ പരിചയം അദ്ദേഹത്തെ അവിടെയും
തുണച്ചു.
നമ്മൾ ഇന്ത്യക്കാർ എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും നേരിട്ടിട്ടുള്ള ഒരു സാഹചര്യമുണ്ട്. എന്തെങ്കിലും ആവശ്യത്തിനായുള്ള നീണ്ടൊരു ക്യൂ. അതിന്റെ നടുക്കെവിടെയോ നിൽക്കുകയാണ് നിങ്ങൾ. പെട്ടെന്നതാ ഒരാൾ, 'ഇക്കണ്ട ക്യൂവൊന്നും തനിക്ക് ബാധകമല്ലേ..' എന്ന മട്ടിൽ നേരെ വരിയുടെ മുന്നിലേക്ക് വന്ന് ഇടിച്ചു കേറാൻ നോക്കുന്നു. വരിയിൽ നിൽക്കുന്ന എല്ലാവരും അക്ഷമരാവുന്നു. മിക്കവാറും അവസരങ്ങളിൽ അയാൾ അയാളുടെ മുഷ്കിൽ വിജയിക്കുന്നു, ചിലപ്പോഴൊക്കെ വരിനിൽക്കുന്നവരുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിൽ ആൾ തിരിച്ചുപോവുന്നു. ഇത് ഒരിടത്തു മാത്രം സംഭവിക്കുന്ന ഒന്നല്ല. സിനിമാ തിയറ്ററിൽ, സർക്കാർ ഓഫീസുകളിൽ, ബാങ്കുകളിൽ, ആശുപത്രികളിൽ, ക്ഷേത്രങ്ങളിൽ എന്നിങ്ങനെ എവിടെ വരിയുണ്ടോ അവിടെയൊക്കെ അതിനെ അട്ടിമറിക്കാൻ ഒരാളെങ്കിലും കാണും. പണം കൈപ്പറ്റിക്കൊണ്ട് ആരുമറിയാതെ ക്യൂവിനെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന ഇടനിലക്കാരുമുണ്ടാവും ഒട്ടുമിക്ക ഇടങ്ങളിലും. ഇങ്ങനെയുള്ള സംഭവങ്ങളും അതുണർത്തുന്ന ചൂടൻ വാക്കുതർക്കങ്ങളും കയ്യാങ്കളിയുമൊക്കെ നമ്മൾ എത്രയോ കണ്ടിരിക്കുന്നു...!
എന്നാൽ സ്വതവേ 'തുല്യ'രായ നമുക്കിടയിലൂടെ, തങ്ങളുടെ പദവികൾ അനുവദിച്ചുകൊടുക്കുന്ന 'വിഐപി സ്റ്റാറ്റസ്' കൊണ്ട് നെഞ്ചും വിരിച്ചുകൊണ്ടുതന്നെ ക്യൂ തെറ്റിച്ചുകൊണ്ട് മുന്നിലേക്ക്, പലപ്പോഴും പൊലീസ് എസ്കോർട്ടോടെ തന്നെ കടന്നുപോവുന്നവരും ഇന്ന് കുറവല്ല. രാഷ്ട്രീയക്കാരും, ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇങ്ങനെ കടന്നു പോവുമ്പോൾ മുഷ്ടിചുരുട്ടി, പല്ലുകടിച്ച് നമ്മുടെ രോഷം മനസ്സിൽ മറുവാക്കു പറഞ്ഞു തീർക്കാൻ മാത്രമേ നമുക്ക് പറ്റാറുള്ളൂ. എതിർത്തെന്തെങ്കിലും പറഞ്ഞാൽ അധികാരം എന്ന ആയുധമുപയോഗിച്ച് നമ്മുടെ നിത്യജീവിതത്തിൽ ആ പ്രിവിലേജ് അനുഭവിക്കുന്നവർക്ക് വരുത്താൻ സാധിക്കുന്ന ക്രമഭംഗങ്ങൾ ഓർത്തുതന്നെയാവും നമ്മളൊന്നും പ്രതികരിക്കാതിരിക്കുന്നതും. അവിടെയാണ് ചില ചെറുപ്പം പിള്ളേർ വ്യത്യസ്തരാവുന്നത്.
അത്തരത്തിൽ പ്രതികരണ ശേഷി കൈമോശം വന്നിട്ടില്ലാത്ത ഒരു ഉശിരൻ കോളേജ് വിദ്യാർത്ഥിനിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മഹാശിവരാത്രിനാളിൽ കർണാടകത്തിലെ ഒരു ശിവക്ഷേത്രത്തിൽ ദർശനത്തിനു പോയതായിരുന്നു ആഭ്യന്തര മന്ത്രി എം ബി പാട്ടീൽ. വിശേഷ ദിവസമായതിനാൽ പതിവിൽക്കവിഞ്ഞ തിരക്കുണ്ടായിരുന്നു അമ്പലത്തിൽ. ആളുകൾ മണിക്കൂറുകളോളം വരി നിന്നിട്ടായിരുന്നു അമ്പലത്തിനുള്ളിൽ കേറിപ്പറ്റുന്നതും ദർശനം നടത്തുന്നതും. അക്കൂട്ടത്തിൽ വരി നിൽക്കുകയായിരുന്നു ഈ പെൺകുട്ടിയ്ക്ക്, തങ്ങെളെയെല്ലാം പരിഹസിച്ചിട്ടെന്നോണം ക്യൂ വകവെയ്ക്കാതെ പരിവാര സമേതം നേരെ അമ്പലത്തിനകത്തേക്ക് മന്ത്രി കയറിപ്പോവുന്നത് കണ്ടപ്പോൾ കലിയടക്കാനായില്ല. വിഐപി ഹോം മിനിസ്റ്ററാണ് എന്നൊന്നും അവൾ ഓർത്തില്ല. നേരെ ചെന്ന് തടഞ്ഞു. എന്നിട്ട് ചോദിച്ചു. ''നിങ്ങൾക്കെന്താ ഞങ്ങളെപ്പോലെ ക്യൂ നിന്ന് കേറി ദർശനം നടത്തിയാൽ..?"
ആ വരികളിൽ നിന്ന് അവർ പോലീസിന്റെ തല്ലുകൊണ്ടു
നിമിഷ നേരത്തേക്ക് പകച്ചു നിന്നുപോയി നമ്മുടെ മന്ത്രി. സാധാരണക്കാരിയായ ഒരു കോളേജ് വിദ്യാർഥിനിയിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം അദ്ദേഹം പ്രതീക്ഷിക്കയുണ്ടായില്ല. ആദ്യമൊന്ന് അമ്പരന്നെങ്കിലും, തന്റെ രാഷ്ട്രീയ പരിചയം അദ്ദേഹത്തെ അവിടെയും തുണച്ചു. അന്നേ ദിവസം മറ്റൊരു പട്ടണത്തിൽ രണ്ട് ഉദ്ഘാടനച്ചടങ്ങുകൾക്കായി പോവേണ്ടതുണ്ടെന്നും, വിമാനത്തിന് നേരമാവാറായതുകൊണ്ടാണ് താൻ വരി നിൽക്കാത്തതെന്നും അല്ലെങ്കിൽ എവിടെയും ക്യൂ പാലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ കുട്ടി അടങ്ങി. തന്റെ കൂടെ ഒരു സെൽഫി കൂടെ എടുത്തിട്ടാണ് ആ കുട്ടിയെ മന്ത്രി സമാധാനിപ്പിച്ചു വിട്ടത്. ഈ സംഭവം കൈവിട്ടുപോവാതെ കെട്ടടങ്ങി. എന്നാൽ പൊതുവെ ഇങ്ങനെയുള്ള ക്യൂ ഭംഗങ്ങളെ ആരെങ്കിലും ചോദ്യം ചെയ്‌താൽ അത് സമാധാനത്തിൽ കലാശിക്കുക പതിവില്ല. ക്യൂ ലംഘിക്കുന്നയാളിന്റെ രാഷ്ട്രീയ - സാമ്പത്തിക സ്വാധീനങ്ങൾക്കനുസൃതമായി ചോദ്യം ചെയ്യുന്നയാൾക്ക് പലവിധേനയുള്ള ബുദ്ധിമുട്ടുകൾ ഇങ്ങനെയുള്ള പ്രതികരണങ്ങൾ വരുത്തിവെക്കാറുണ്ട്. മർദ്ദനങ്ങൾ മുതൽ ജീവാപായം വരെ ഉണ്ടായ കേസുകളുണ്ട്. നമുക്ക് ഈ ക്യൂ നില്‍പിനോട് എന്താണ് ഇത്രയ്ക്ക് അലർജി..? നമുക്കെന്താ എല്ലാവരെയും പോലെ ക്യൂ നിന്നാൽ..?
130 കോടിയിലധികം വരുന്ന ജനസംഖ്യയുള്ള ഇന്ത്യയിൽ നമുക്ക് വരി നിൽക്കുന്നതിൽ നിന്നും രക്ഷപ്പെടാനാവില്ല, ഒരിക്കലും.. വിമാനത്താവളത്തിലായാലും, തിരുപ്പതിയിൽ ദർശനത്തിനായാലും, അല്ല ഭാഗ്യം കേട്ട നേരത്താണെങ്കിൽ കോർപ്പറേഷൻ ടാപ്പിൽ നിന്നും വെള്ളം പിടിക്കാനായാലും ക്യൂ നിന്നേ പറ്റൂ. വി.രഘുനാഥൻ എന്ന എഴുത്തുകാരൻ 'എ ഗുഡ് ഇന്ത്യൻസ് ഗൈഡ് റ്റു ക്യൂ ജംപിങ്ങ്' എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
നമ്മൾ ഏറ്റവും അവസാനമായി നീണ്ട നിരകൾ കണ്ടത് മോദി സർക്കാർ നോട്ടു നിരോധിച്ച സമയത്തായിരുന്നു. ഒരു ജീവിതകാലത്തെ അദ്ധ്വാനം മുഴുവൻ ഒരു ദിവസം കൊണ്ട് അസാധുവായപ്പോൾ വിരണ്ടുപോയ ശരാശരി ഇന്ത്യൻ പൗരൻമാർ അന്ന് നിസ്സഹായരായി ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്നു. അവികസിതമായ, എന്നാൽ ജനസാന്ദ്രമായ പല പ്രദേശങ്ങളിലും ക്യൂകൾ കിലോമീറ്ററുകളോളം നീണ്ടു. ആ വരികളിൽ നിന്ന് അവർ പോലീസിന്റെ തല്ലുകൊണ്ടു. പലരും കുഴഞ്ഞുവീണു മരിക്കുകവരെ ചെയ്തു. അതിനിടയിലും ബാങ്കുകളുമായി പിൻവാതിൽ ബന്ധങ്ങളുള്ള മാന്യന്മാർ ഈ ക്യൂകളിലൊന്നും നിൽക്കാതെ കെട്ടുകണക്കിന് രണ്ടായിരത്തിന്‍റെ നോട്ടുകൾ കൈപ്പറ്റി.
ഇന്ത്യൻ വരികളുടെ ഒരു സവിശേഷത അവയുടെ നേർരേഖയിൽ അല്ലായ്കയാണ്. മുന്നിൽ എന്ത് നടക്കുന്നു എന്ന് വരിയിൽ നിൽക്കുന്ന എല്ലാവർക്കും അപ്പപ്പോൾ കാണണം. അതുകൊണ്ടു തന്നെ ക്യൂ ഇപ്പോഴും വശങ്ങളിലേക്ക് ചെരിഞ്ഞുചെരിഞ്ഞു പോവും. അശ്രദ്ധയുടെ ഏതെങ്കിലും നിമിഷത്തിൽ ഈ ക്യൂവിന് ബ്രാഞ്ചുകൾ മുളയ്ക്കും. പിന്നെ, അവർ തമ്മിലുള്ള സംഗമബിന്ദുവിൽ സംഘർഷങ്ങൾ ഉടലെടുക്കും. ഏത് ബ്രാഞ്ചാണ് യഥാർത്ഥ വരിയുടെ പ്രഭവകേന്ദ്രം എന്ന കാര്യത്തിൽ തമ്മിൽ തല്ലാവും, വഴക്കാവും. ഇന്ത്യൻ റോഡുകളിൽ ബ്ലോക്കുകൾ രൂപപ്പെട്ടാലും ഇതുതന്നെ അവസ്ഥ. ഒന്നിന് പിറകെ ഒന്നായി മര്യാദ പാലിച്ചുകൊണ്ട് ക്യൂവിലെ മെല്ലെ മെല്ലെ ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന കാറുകൾക്കും, ബസുകൾക്കും, ട്രക്കുകൾക്കും ഒക്കെ ഇടയിലൂടെ ഏതെങ്കിലുമൊരു മാന്യൻ അയാളുടെ വാഹനവുമായി റോങ്ങ് സൈഡിലൂടെ ഒരു മര്യാദയുമില്ലാതെ മുന്നോട്ടെടുക്കുന്നത് നമ്മൾ സർവ്വസാധാരണമായി കാണുന്നൊരു കാഴ്ചയല്ലേ..? എന്നിട്ട് ബ്ലോക്ക് തുടങ്ങുന്നിടത്ത് ചെന്ന് കുത്തിക്കയറാൻ നോക്കുന്നതും വരിയിലുള്ളവർ അതിനനുവദിക്കാതെ ബമ്പറോടു ബമ്പർ മുട്ടിച്ച് മത്സരിക്കുന്നതും ഒക്കെ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.
വരിയിൽ അകലം പാലിച്ച് നിൽക്കാൻ നമുക്ക് ഒട്ടുമറിയില്ല
ഇത്തരത്തിലുള്ള ക്യൂ ലംഘനങ്ങൾ തുടർച്ചയായി നടത്താൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത് അവരുടെ മനസ്സിലെ തിണ്ണമിടുക്ക് എന്ന വികാരമാണ്. കയ്യൂക്കുള്ളവൻ തന്നെയാണ് പലപ്പോഴും ഇന്ത്യയിലെങ്ങും കാര്യക്കാരൻ. നിയമം ലംഘിക്കുന്നത് പലപ്പോഴും കാര്യമായ പ്രത്യാഘാതങ്ങളൊന്നും തന്നെ ഉണ്ടാക്കാതിരിക്കുമ്പോൾ പ്രത്യേകിച്ചും. വരിതെറ്റിച്ച് റോങ്ങ് സൈഡിലൂടെ കയറിച്ചെല്ലുന്ന വാഹനത്തെ ഒരു ട്രാഫിക് പോലീസുകാരനും തടയുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. കൗണ്ടറുകളിലുള്ളവർ പലപ്പോഴും ആളുകൾ ക്യൂ പാലിച്ചു തന്നെയാണോ വരുന്നത് എന്ന് ശ്രദ്ധിക്കാതെ വരുന്നവർക്കൊക്കെ സർവീസുകൾ നൽകുന്നു. വരി നിൽക്കുന്നവരാവട്ടെ പലപ്പോഴും അടികൂടാൻ മടിച്ച് മുറുമുറുപ്പോടെയെങ്കിലും വരിതെറ്റിക്കുന്ന അലവലാതിയെ കണ്ടില്ലെന്നു നടിക്കുന്നു.
ഇന്ത്യയിലെ വരി നിൽപ്പ് ലോകത്തിന്റെ മറ്റൊരു ഭാഗത്തുമുള്ള വരിനിൽപ്പുപോലെ അല്ലേയല്ല. വരി നിൽക്കുക എന്നതിന്റെ മഹത്വത്തെ അംഗീകരിച്ചു കൊടുക്കുന്നവരേയല്ല നമ്മളാരും. ജപ്പാൻകാരാണ് വരിനില്‍പ്പിന്‍റെ കാര്യത്തിലെ വിശ്വമാതൃകകൾ. ഭൂകമ്പങ്ങൾക്കും, സുനാമികൾക്കും, യുദ്ധക്കെടുതികൾക്കും ഒക്കെ ഇടയിലും അവർ മാന്യമായി ക്യൂ നിന്ന ചരിത്രമേയുള്ളൂ. നമ്മൾ അങ്ങനെയല്ല. ക്യൂ നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നോ, അന്യജീവികളോടുള്ള നമ്മുടെ ബാധ്യതയാണെന്നോ ഒന്നും കരുതിയല്ല നമ്മൾ ക്യൂ നിൽക്കുന്നത്. അത് അവിടെ ലാത്തിയും പിടിച്ചു നിൽക്കുന്ന പൊലീസുകാരനെ ഭയന്നിട്ടുമാത്രമാണ്. പലയിടത്തും ക്യൂ തെറ്റിച്ചു കയറുന്ന നമുക്കുതന്നെ മറ്റൊരാൾ നമ്മൾ നിൽക്കുന്ന ക്യൂ തെറ്റിച്ചു മുന്നിൽ കേറിയാൽ ദേഷ്യം വരും. പക്ഷേ, പലയിടത്തും 'ഒരു സീനുണ്ടാക്കണ്ടല്ലോ..' എന്ന് കരുതി മാന്യന്മാരായ നമ്മൾ പ്രതികരിക്കാതിരിക്കും. ' ദയവായി നിങ്ങൾ ക്യൂ പാലിച്ചു വരണം' എന്ന വളരെ സ്വാഭാവികമായ ഒരു ഓർമ്മപ്പെടുത്തലിന്റെ അത്ര ആളുകളെ ശുണ്ഠി പിടിപ്പിക്കുന്ന മറ്റൊന്നും കാണില്ല. ക്യൂ നിൽക്കുന്ന കാര്യത്തിൽ ജപ്പാൻകാരോട് ഏതെങ്കിലും തരത്തിൽ കിടപിടിക്കുന്നവരുണ്ടെങ്കിൽ അത് നമ്മുടെ കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിൽ ക്യൂ നിൽക്കുന്ന സാത്വികരായ മദ്യപാനികൾ മാത്രമാണ്. അവർക്കിടയിൽ യാതൊരുവിധത്തിലുള്ള തർക്കങ്ങളും ഉടലെടുക്കാറില്ല. ആരും ബിവറേജസിൽ ക്യൂ തെറ്റിക്കാൻ നോക്കാറില്ല. ഇനി നോക്കിയാൽ തന്നെ അവിടെ ആരും അത് അനുവദിക്കുകയുമില്ല.
ഏകാഗ്രതയാണ് ഇന്ത്യയിൽ ക്യൂ നിൽക്കാൻ വേണ്ട മറ്റൊരു അത്യാവശ്യ ഘടകം
ഇനി അഥവാ നമ്മൾ ക്യൂ നിന്നു എന്നുതന്നെ വെക്കുക. വരിയിൽ അകലം പാലിച്ച് നിൽക്കാൻ നമുക്ക് ഒട്ടുമറിയില്ല. മുന്നിൽ നിൽക്കുന്നവന്റെ കഴുത്തിൽ നമ്മുടെ ഉഷ്ണനിശ്വാസങ്ങൾ അടിച്ചാലേ നമുക്ക് തൃപ്തി വരൂ. അരയടിയെങ്ങാനും ഇടവിട്ട് നിന്നാൽ ആ ഗ്യാപ്പിലേക്ക് വല്ലവരും കേറി നിന്നുകളഞ്ഞാലോ എന്നുള്ള ഭയം നമുക്കുണ്ട്. ഒരു ക്യൂവിൽ നിന്നിട്ടുവന്നാൽ പിന്നെ വേറെ മസ്സാജിങ്ങിനൊന്നും പോവേണ്ട. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം വിവാഹച്ചടങ്ങുകൾക്കുള്ള സദ്യാഹാളിലേക്കുള്ള പ്രവേശനവാതിൽക്കലാണ് കാണാനാവുക. പെണ്ണും ചെറുക്കനും ഒന്ന് താലികെട്ടാൻ പോലും കാത്തുനിൽക്കാതെ ഓടിപ്പോയി അവിടെ ഇടം പിടിക്കും മലയാളി. അവിടെ ക്യൂ ഉണ്ട് എന്നൊന്നും പറയാൻ പറ്റില്ല. ആകെ ഉള്ള കുടുസ്സായ ഇത്തിരിയിടത്തിൽ നിറഞ്ഞുകവിഞ്ഞങ്ങു നിൽക്കുകയാണ് ജനാവലി. അപ്പുറത്തുനിന്നും വാതിൽ തുറക്കുന്ന കാറ്ററിങ്ങ് തൊഴിലാളി കുറ്റി വിടുവിച്ച് ജീവനുംകൊണ്ട് ഓടുകയാണ്. വാതിൽ തള്ളിത്തുറന്ന്, ഇടുക്കിയിലെ ഷട്ടർ തുറന്നാൽ വെള്ളം വരും പോലെയാണ് ജനങ്ങൾ സീറ്റുപിടിക്കാനായി ഓടുന്നത്. ആ കസേരകളിൽ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് ഇടം കിട്ടാതെ ഇളിഭ്യരായി അടുത്ത പന്തിക്ക് കാത്തുനിൽക്കാൻ വിധിക്കപ്പെടുന്നവരെയും കാണാം നമുക്ക്. നമ്മുടെ ഓഡിറ്റോറിയങ്ങളൊക്കെ എത്രയോ പുരോഗമിച്ചെങ്കിലും, വലിപ്പം വെച്ചെങ്കിലും സദ്യയ്ക്കുള്ള ഈ നെട്ടോട്ടത്തിനും തിക്കിനും തിരക്കിനും മാത്രം ഒരു മാറ്റവുമില്ലിന്നും.
അമ്പെയ്യാൻ നിൽക്കുന്ന അർജ്ജുനന്റെ ഏകാഗ്രതയാണ് ഇന്ത്യയിൽ ക്യൂ നിൽക്കാൻ വേണ്ട മറ്റൊരു അത്യാവശ്യ ഘടകം. നിമിഷ നേരത്തേക്ക് നിങ്ങളുടെ ശ്രദ്ധയൊന്ന് തെറ്റി എന്നുകരുതുക. നിങ്ങൾക്കു മുന്നിലെ ആൾ ഒരടി മുന്നോട്ടുവച്ചിട്ടും നിങ്ങൾ അത് ശ്രദ്ധിക്കാതെ അവിടെത്തന്നെ നിന്നുകളഞ്ഞാൽ, വരിയിൽ നിങ്ങളുടെ പിന്നിൽ നിൽക്കുന്നയാൾ ആ സ്ഥാനം പിടിച്ചിരിക്കും. പിന്നെ നിങ്ങൾക്ക് തിരിച്ച് ആ ക്യൂവിലേക്ക് പ്രവേശിക്കുക വളരെ പ്രയാസമായിരിക്കും. ഇത് ഒരു പക്ഷെ ഇന്ത്യ എന്ന നാടിൻറെ ഭൂമിശാസ്ത്രപരമായ പരിമിതിയായിരിക്കും. പരിമിതമായ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ശീലിച്ചുപോയതിന്റെ ഒരു ഹാങ്ങോവർ. അതുകൊണ്ടാവും, ഇന്ത്യയിൽ ക്യൂവിന്റെ ബഹുമാനിക്കാത്ത വില്ലന്മാരൊക്കെയും ജോലിയാവശ്യങ്ങൾക്കായി അന്യനാടുകളിൽ ചെന്നിറങ്ങുന്ന നിമിഷം തൊട്ട് തികഞ്ഞ മാന്യന്മാരായി ഒട്ടും അക്ഷമ കാണിക്കാതെ വരിനിൽക്കുന്നത്. അങ്ങനെ ദീർഘകാലം അച്ചടക്കത്തോടെ ക്യൂ നിന്നു ശീലിച്ചിട്ടും ഇടക്കെപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ വീണ്ടും പഴയ വില്ലത്തരങ്ങൾ പുറത്തെടുക്കുന്നത്.
ഇന്ത്യക്കാരെ ക്യൂ പാലിക്കാത്തവരായി മാറ്റിയതിൽ സിനിമകൾക്കും വലിയ പങ്കുണ്ട്. അമിതാബ് ബച്ചൻ 'കാലിയ' എന്ന ചിത്രത്തിൽ പറയുന്ന ഡയലോഗുണ്ടല്ലോ, "ഹം ജഹാ ഘഡേ ഹോത്തെ ഹേ, ലൈൻ വഹീ സെ ശുരൂ ഹോതെ ഹേ.. " അതായത്, ഞാൻ എവിടെ നിൽക്കുന്നുവോ, ലൈൻ തുടങ്ങുന്നത് അവിടെ നിന്നാണ്. ഇതൊക്കെ കേട്ട് പുറത്തിറങ്ങുന്നവൻ അത് പ്രാവർത്തികമാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.