ഗര്‍ഭപാത്രമില്ലാതെ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കിയത് ഇങ്ങനെ, ഇന്ത്യയില്‍ ഈ ചികിത്സ വിജയിക്കുന്നത് ആദ്യം

സ്ത്രീജന്യ അർബുദമല്ലാതെ തന്നെ ഗര്‍ഭാശയം നീക്കം ചെയ്യേണ്ടി വരുന്ന ഒരുപാട് അവസ്ഥകളുണ്ട്. ഈ അവസരങ്ങളില്‍ അപകടകരമായ അർബുദ രോഗം ഇല്ലാത്ത 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളില്‍ അണ്ഡാശയങ്ങള്‍ നീക്കം ചെയ്യാതിരിക്കുന്നതായിരിക്കും ഉത്തമം. ഗര്‍ഭാശയ അർബുദത്തിനുള്ള സര്‍ജറിയില്‍ അണ്ഡാശയങ്ങള്‍ കൂടി നീക്കം ചെയ്യുകയാണ് സാധാരണ പതിവ്. പ്രാരംഭ ഘട്ടത്തിലെ അർബുദത്തിൽ അണ്ഡാശയം നിലനിര്‍ത്തുന്നതില്‍ വലിയ അപകടമില്ല.

dr priya selvaraj speaking

ഗർഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത യുവതി അമ്മയായ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഗർഭപാത്രം നീക്കം ചെയ്തപ്പോൾ ഇനിയൊരിക്കലും അമ്മയാകാനുള്ള ഭാഗ്യം തനിക്കില്ലെന്ന് ഉറപ്പിച്ച മലയാളിയായ നേഹയാണ് കഴിഞ്ഞമാസം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയാകണമെന്നുള്ള നേഹയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാൻ മുൻകയ്യെടുത്തത് ചെന്നൈ ജി ജി ആശുപത്രിയിലെ ഫേർട്ടിലിറ്റി സ്പെഷ്യലിസ്റ്റായ ഡോ. പ്രിയ സെൽവരാജാണ്. നേഹയെ പോലെ മറ്റ് പെൺകുട്ടികൾക്കും അമ്മയാകാനുള്ള അവസരമുണ്ടെന്ന് തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോ. പ്രിയ സെൽവരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഗർഭപാത്രം എടുത്ത് മാറ്റുക എന്നത് മാത്രമായിരുന്നു രോഗത്തെ അതിജീവിക്കാനുള്ള ഏകമാർഗം

2014 -ലാണ് നേഹയ്ക്ക് അർബുദമാണെന്ന് കണ്ടെത്തിയത്. അന്ന് അവർക്ക് 26 വയസായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ മാസമായിരുന്നു അത്. പിന്നീട് നടത്തിയ പരിശോധനകളിൽ ഗർഭപാത്രം എടുത്ത് മാറ്റുക എന്നത് മാത്രമായിരുന്നു രോഗത്തെ അതിജീവിക്കാനുള്ള ഏകമാർഗം. അങ്ങനെ കൊച്ചി ലാക്ഷോർ ആശുപത്രിയിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റായ ഡോ. ചിത്രതാരയുടെ നേത‍ൃത്വത്തിൽ നേഹയുടെ ഗർഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്തു. 

അസുഖം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കുന്നതിനുള്ള മുൻകരുതലെന്നോളം രക്തയോട്ടം തടസപ്പെടാതെ തന്നെ ആരോഗ്യമുള്ള വലത് അണ്ഡാശയം വയറ്റിനുള്ളിലെ ത്വക്കിനടിയില്‍ സുരക്ഷിതമായി മാറ്റിയിരുന്നു. നേഹയുടെ കാര്യത്തിലും ഡോ. ചിത്രതാര കാണിച്ച ഈ കരുതൽ ഒന്നുകൊണ്ട് മാത്രമാണ് നേഹയ്ക്ക് അമ്മയാകാനുള്ള അവസരം ലഭിച്ചതെന്ന് ഡോക്ടർ പ്രിയ സെൽവരാജ് പറയുന്നു.

ഇത്തരത്തിൽ ഗര്‍ഭാശയ അർബുദം മുറിച്ചു നീക്കുന്നതിനൊപ്പം അണ്ഡാശയങ്ങള്‍ വയറിലെ ത്വക്കിനടിയില്‍ സുരക്ഷിതമാക്കി വയ്ക്കാനുള്ള ശസ്ത്രക്രിയയിൽ വിദഗ്ധയാണ് ഡോ. ചിത്രതാര. രോഗിയുടെ സ്ത്രൈണത നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതിനാണ് ഈ രീതി അവലംബിക്കുന്നത്. ഇതുമൂലം സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാകില്ല. ശസ്ത്രക്രിയ നടത്തിയ വസ്തി പ്രദേശത്ത് റേഡിയോതെറാപ്പി വേണ്ടി വന്നാല്‍ അണ്ഡാശയത്തിന് കേടുണ്ടാകാതെ സംരക്ഷിക്കാനുമാകും.

ഡോ. പ്രിയ സെല്‍വരാജിന്‍റെ കീഴില്‍ ചികിത്സ തുടങ്ങി

സ്ത്രീജന്യ അർബുദമല്ലാതെ തന്നെ ഗര്‍ഭാശയം നീക്കം ചെയ്യേണ്ടി വരുന്ന ഒരുപാട് അവസ്ഥകളുണ്ട്. ഈ അവസരങ്ങളില്‍ അപകടകരമായ അർബുദ രോഗം ഇല്ലാത്ത 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളില്‍ അണ്ഡാശയങ്ങള്‍ നീക്കം ചെയ്യാതിരിക്കുന്നതായിരിക്കും ഉത്തമം. ഗര്‍ഭാശയ അർബുദത്തിനുള്ള സര്‍ജറിയില്‍ അണ്ഡാശയങ്ങള്‍ കൂടി നീക്കം ചെയ്യുകയാണ് സാധാരണ പതിവ്. പ്രാരംഭ ഘട്ടത്തിലെ അർബുദത്തിൽ അണ്ഡാശയം നിലനിര്‍ത്തുന്നതില്‍ വലിയ അപകടമില്ല.

എന്നാല്‍, അണ്ഡാശയം തല്‍സ്ഥാനത്ത് തന്നെ നിലനിര്‍ത്തുമ്പോള്‍ പിന്നീട് റേഡിയേഷന്‍ വേണ്ടി വന്നാല്‍ അതിന്റെ ഫലമായി അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായേക്കാം. മാത്രമല്ല റേഡിയേഷന്‍ മൂലം അണ്ഡങ്ങളില്‍ ജനിതക വ്യതിയാനം ഉണ്ടാകാം. അങ്ങനെയായാല്‍ കുഞ്ഞുണ്ടാകാനുള്ള ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങൾക്കായി ഈ അണ്ഡങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി അണ്ഡാശയങ്ങളെ റേഡിയേഷന്‍ കൊടുക്കുന്ന വസ്തി പ്രദേശത്ത് നിന്ന് മാറ്റി വയറ്റിനകത്ത് തന്നെ മേല്‍വയറ്റില്‍ സൂക്ഷിക്കുന്ന രീതി പ്രചാരത്തിലുണ്ട്. എന്നാല്‍ വയറ്റിലെ ത്വക്കിനടിയില്‍ സൂക്ഷിക്കുന്ന ശസ്ത്രക്രിയാരീതി ഇന്ത്യയില്‍ ആദ്യമായി പരീക്ഷിച്ചത് ഡോ. ചിത്രതാരയാണ്. 

ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്കൊരു അമ്മയാകണമെന്ന ആഗ്രഹം നേഹ ചിത്രതാരയുമായി പങ്കുവച്ചിരുന്നു. ചെറുപ്പക്കാരിയായ നേഹയുടെ ആഗ്രഹം തള്ളിക്കളയാൻ ചിത്രതാര തയ്യാറായിരുന്നില്ല. അങ്ങനെ ചിത്രതാരയുടെ നിർദ്ദേശപ്രകാരമാണ് 2016 -ൽ നേഹ ഭർത്താവിനൊപ്പം ചികിത്സയ്ക്കായി ചെന്നൈ ജി ജി ആശുപത്രിയിൽ എത്തിയത്. ഡോ. പ്രിയ സെല്‍വരാജിന്‍റെ കീഴില്‍ ചികിത്സ തുടങ്ങി. തൊലിക്കടിയിൽ സംരക്ഷിച്ച വലത് അണ്ഡാശയത്തിൽ നിന്ന് അണ്ഡം ശേഖരിച്ചായിരുന്നു ചികിത്സ. എന്നാൽ തൊലിക്കടിയിൽ നിന്നും അണ്ഡം ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. 

''എന്നാൽ, ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് പോകാൻ താൻ തയ്യാറായിരുന്നില്ല. കാരണം നേഹ വളരെ ചെറുപ്പമാണ്. ഏതൊരു പെൺകുട്ടിയെയും പോലെ അവൾക്കും അമ്മയാകാനുള്ള ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അവളെ നിരാശയാക്കി മടക്കി അയക്കാൻ കഴിയില്ലായിരുന്നു. ഏത് വിധേയനേയും അവൾക്കൊരു കുഞ്ഞിക്കാല് കാണാനുള്ള അവസരം ഒരുക്കണമെന്ന് താനും അതിയായി ആഗ്രഹിച്ചിരുന്നു. ''

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമം വിജയം കാണുന്നത്

''അങ്ങനെ കഠിന പരിശ്രമത്തിലൂടെ അണ്ഡം ശേഖരിക്കുകയും, ആ അണ്ഡവും ബീജവും വാടക ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. മൂന്ന് വർഷത്തിനിടെ മൂന്ന് തവണയാണ് ഇത്തരത്തിൽ അണ്ഡവും ബീജവും ശേഖരിച്ച് വാടക ഗർഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്. ഒടുവിൽ മൂന്നാമത്തെ പരിശ്രമത്തിൽ ചികിത്സ വിജയം കണ്ടു. നേഹയും കുഞ്ഞും സുഖമായിരിക്കുന്നതായും'' -പ്രിയ സെൽവരാജ് പറഞ്ഞു.  

''ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമം വിജയം കാണുന്നത്. ശേഖരിച്ച അണ്ഡവും ബീജവും ഗർഭപാത്രത്തിലേക്ക് നിക്ഷേപിച്ചാൽ അതെത്രമാത്രം ഗർഭിണിയാകുന്നതിനുള്ള സാധ്യത ഉറപ്പ് നൽകുമെന്ന് പറയാനാകില്ല. എന്നാലും, ഒരു പരീക്ഷണത്തിന് തയ്യാറായിരുന്നു. കാരണം അർബുദ രോഗം മൂലം ഗർഭപാത്രം നീക്കം ചെയ്ത യുവതികൾക്ക് അമ്മയാകാനുള്ള സാധ്യതയുണ്ടെന്ന് തെളിയിച്ച് കൊടുക്കണമായിരുന്നു. ഇനിയൊരിക്കലും തനിക്കൊരു അമ്മയാകാൻ കഴിയില്ലെന്ന് ആലോചിച്ച് കണ്ണീരൊഴുക്കുന്ന ഓരോ പെൺകുട്ടിയും അറിയണം സാധ്യതകളൊന്നും അവസാനിക്കുന്നില്ലെന്ന്. ക്ഷമയോടെ ദൃഢനിശ്ചയത്തോടെ കാത്തിരുന്നാൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ചിലപ്പോൾ നിങ്ങൾക്കും ഉണ്ടാകുമെന്ന് അവർക്ക് കാണിച്ച് കൊടുക്കണമായിരുന്നു. അത് കൊണ്ടും കൂടിയാണ് ഒന്നും രണ്ടും ശ്രമങ്ങൾ പാളിയപ്പോളും മൂന്നാമതൊരു ശ്രമവും കൂടി നടത്തിയതെ''ന്നും പ്രിയ സെൽവരാജ് പറയുന്നു. 

അന്തരിച്ച തമിഴ് നടൻ ജെമിനി ഗണേശന്റെ മകൾ ഡോ. കമല സെൽവരാജിന്റെ മകളാണ് ഡോ. പ്രിയ സെൽവരാജ്.

(ചിത്രത്തില്‍ ഡോ. പ്രിയ സെല്‍വരാജും, അമ്മയും നേഹയുടെ കുഞ്ഞിനൊപ്പം)

Latest Videos
Follow Us:
Download App:
  • android
  • ios