കണ്ടാലൊരു കുഞ്ഞു മൺവീട്, രണ്ട് നിലകളുണ്ട്, അകത്തെ കാഴ്ചകൾ കണ്ട് ഞെട്ടി ട്രാവൽ വ്ലോഗർ
അടുക്കളയാണ് ആദ്യം കാണുന്നത് അതിൽ പാത്രങ്ങളും മറ്റും വച്ചിട്ടുണ്ട്. പിന്നീട്, ചെറിയ പടികളും കാണാം. ആ പടിക്കെട്ട് കയറിപ്പോകുമ്പോൾ മുകളിലും മുറി കാണാം.
ട്രാവൽ വ്ലോഗർമാർ ഷെയർ ചെയ്യുന്ന പല വീഡിയോകളും നമ്മെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കാറുണ്ട്. അതുവരെ കണ്ടിട്ടില്ലാത്ത പല കാഴ്ചകളും നാം കാണുന്നത് അത്തരം വീഡിയോകളിലൂടെയായിരിക്കും. അതുപോലെ, ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് നമ്മെ അമ്പരപ്പിക്കുകയാണ് Ghumakkad Laali എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന വ്ലോഗർ.
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഖജുരാഹോ ഗ്രാമത്തിൽ നിന്നുമാണ് ഈ കാഴ്ച പകർത്തിയിരിക്കുന്നത്. രണ്ട് നിലകളുള്ള അതിമനോഹരമായ ഒരു മൺവീടാണ് വീഡിയോയിൽ കാണുന്നത്. കുടുംബം അവളെ തങ്ങളുടെ പരമ്പരാഗതമായ മൺവീട്ടിലേക്ക് ക്ഷണിക്കുന്നത് വൈറലായിരിക്കുന്ന ഈ വീഡിയോയിൽ കാണാം. ആ കുഞ്ഞു ഗ്രാമത്തിൽ അത്തരമൊരു വീട് കണ്ടപ്പോൾ ട്രാവൽ വ്ലോഗർ അന്തംവിട്ടു പോവുകയായിരുന്നു. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന ചില വീടുകളോട് ചെറിയ സാദൃശ്യമുണ്ട് ഈ വീടുകൾക്ക്.
ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ യാത്ര ചെയ്യുകയും അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്ക് വയ്ക്കുകയും ചെയ്യാറുണ്ട് Ghumakkad Laali. വെള്ളം ചോദിച്ചുകൊണ്ടാണ് വ്ലോഗർ ആ വീട്ടിലേക്ക് പോകുന്നത്. എന്നാൽ, വീട്ടുമുറ്റത്തുണ്ടായിരുന്ന സ്ത്രീ അവൾക്ക് വെള്ളം കൊടുക്കുക മാത്രമല്ല ചെയ്യുന്നത്, തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുക കൂടിയാണ്.
വീഡിയോയിൽ വെള്ളച്ചായമടിച്ച വീട്ടിലേക്ക് വ്ലോഗർ കയറിപ്പോകുന്നത് കാണാം. അടുക്കളയാണ് ആദ്യം കാണുന്നത് അതിൽ പാത്രങ്ങളും മറ്റും വച്ചിട്ടുണ്ട്. പിന്നീട്, ചെറിയ പടികളും കാണാം. ആ പടിക്കെട്ട് കയറിപ്പോകുമ്പോൾ മുകളിലും മുറി കാണാം. ആ മുറിയിലും നല്ലപോലെ സ്ഥലമുണ്ട്. അതിനൊപ്പം തന്നെ പുറത്തെ പൊള്ളുന്ന ചൂട് അകത്തില്ല എന്നും പറയുന്നു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും ഇന്ന് കാണുന്ന കോൺക്രീറ്റു വീടുകളെയും ഇത്തരം മൺവീടുകളെയും തമ്മിൽ താരതമ്യപ്പെടുത്തി. ഇത്തരം മൺവീടുകൾ ഏറെക്കാലം നിലനിൽക്കുന്നതാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.