Asianet News MalayalamAsianet News Malayalam

രാത്രികളിൽ വിചിത്രമായ ശബ്ദം കേൾക്കും, മേല്‍ക്കൂരയില്‍ വീട്ടുകാരെ ഭയപ്പെടുത്തുന്ന കാഴ്ച, ഞെട്ടി നെറ്റിസണ്‍സും

ഇതിന്റെ ഭയാനകദൃശ്യം പിന്നീട് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ആദ്യം തന്നെ ജനലിനു പുറത്ത് തേനീച്ചകൾ പറക്കുന്നത് കാണാം.

strange sounds from ceiling find out thousands of bees
Author
First Published Jul 5, 2024, 11:58 AM IST

രാത്രി ഉറങ്ങാൻ പോകുമ്പോൾ വിചിത്രമായ ചില ശബ്ദങ്ങൾ കേൾക്കുന്നു. എന്നാൽ, അവ വരുന്നത് എവിടെ നിന്നാണെന്ന് മാത്രം പിടികിട്ടുന്നില്ല. ആദ്യമായി ഇങ്ങനെ ഒരു പരാതി പറയുന്നത് ആ വീട്ടുടമസ്ഥയുടെ കൊച്ചുമക്കളായിരുന്നു. എന്നാൽ, എന്താണ് വിചിത്രമായ ആ ശബ്ദത്തിന് പിന്നിലെ സം​ഗതിയെന്ന് കണ്ടെത്തിയപ്പോഴാകട്ടെ വീട്ടുകാർ ശരിക്കും ഭയന്നു വിറച്ചുപോയി. സ്കോട്ട്ലാൻഡിലെ ഇൻവെർനെസിലാണ് സംഭവം. വീടിന്റെ മേൽക്കൂരയിൽ കണ്ടെത്തിയത് ഏറെക്കുറെ രണ്ട് ലക്ഷത്തോളം വരുന്ന തേനീച്ചകളെയാണത്രെ. 

വർഷങ്ങളായി ഈ വീട്ടിൽ തേനീച്ചകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാ ദിവസവും രാത്രിയിൽ കുട്ടികൾ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പരിശോധിച്ചപ്പോൾ തേനീച്ചകളുടെ മൂന്ന് കോളനികളാണ് വീടിന്റെ സീലിം​ഗിലായി കണ്ടെത്തിയത്. ഓരോ കോളനിയിലും 60,000 തേനീച്ചകൾ വരെയുണ്ടായിരുന്നു എന്ന് പറയുന്നു. പിന്നീട്, ഈ തേനീച്ചക്കൂട്ടത്തെ കൂടുകളിലേക്ക് മാറ്റാൻ ലോക്ക് നെസ് ഹണി കമ്പനിയിലെ തേനീച്ച വളർത്തുന്ന ആൻഡ്രൂ കാർഡ് എന്നയാളെ വീട്ടുകാർ വിളിക്കുകയായിരുന്നു.  

ജോലി ആരംഭിക്കുന്നതിന് മുമ്പ്, ആൻഡ്രൂ പകർത്തിയ ഇതിന്റെ ഭയാനകദൃശ്യം പിന്നീട് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ആദ്യം തന്നെ ജനലിനു പുറത്ത് തേനീച്ചകൾ പറക്കുന്നത് കാണാം. എന്നാൽ, ക്യാമറ മുകളിലേക്ക് തിരിക്കുമ്പോഴാണ് പേടിച്ച് കാണുന്നവർ പോലും വിറച്ചുപോകുന്ന ആ ദൃശ്യങ്ങൾ തെളിയുന്നത്. നൂറുകണക്കിന് തേനീച്ചകളായിരുന്നു അവിടെയുണ്ടായിരുന്നത്.

ആൻഡ്രൂ പങ്കുവച്ച ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ നെറ്റിസൺസിനെ ഭയപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയൊരു വീട്ടിൽ ഇതൊന്നുമറിയാതെ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചാണ് പലരും പറഞ്ഞത്. അതുപോലെ, ആ തേനീച്ചകളെ മുഴുവൻ ഒഴിപ്പിച്ച ശേഷമുള്ള ദൃശ്യങ്ങൾ കൂടി പങ്കുവയ്ക്കാമോ എന്ന് ചോദിച്ചവരും ഉണ്ട്. ഇത്തരം സാഹചര്യമുണ്ടായാൽ തേനീച്ചകളെ ഉപദ്രവിക്കാൻ നിൽക്കാതെ അവയെ വളർത്തുന്നവരെ വിളിക്കാൻ ശ്രദ്ധിക്കണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios