ആത്മീയ പ്രഭാഷകയുടെ കൈയില്‍ രണ്ട് ലക്ഷത്തിന്‍റെ ബാഗ്; 'സർവ്വം കാപട്യ'മെന്ന് നിരാശരായി സോഷ്യൽ മീഡിയ
ആത്മീയ പ്രഭാഷകര്‍ക്ക് ലൗകിക സ്വത്തുക്കളോട് താത്പര്യമുണ്ടാകാമോ ഒരു വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍.
മനുഷ്യന്റെ നിരാശയ്ക്ക് കാരണം ഭൗതികതയോടും മറ്റ് ലൗകിക സ്വത്തുക്കളോടുമുള്ള അമിത താത്പര്യമാണെന്നാണ് എല്ലാ മതങ്ങളുടെയും ആത്മീയ ഗുരുക്കന്മാർ അവകാശപ്പെടാറുണ്ട്. അതേസമയം സമ്പത്ത് ഏറെ ഉള്ള ഇടങ്ങളിലൊന്നാണ് ദേവാലയങ്ങൾ. ഈ വൈരുദ്ധ്യം എല്ലാ മതങ്ങളിലും കാണാം. അത് പോലെ തന്നെ ലൗകികയോട് വിരക്തരായിരിക്കാനും അത് വഴി ജീവിതത്തില്‍ സമാധാനം കണ്ടെത്താനുമാണ് എല്ലാ ആത്മീയ ഗുരുക്കന്മാരുടെയും ഉപദേശം. എന്നാല്‍, പലപ്പോഴും വാക്കും പ്രവര്‍ത്തിയും രണ്ടാകുന്ന കാഴ്ചയാണ് പൊതുവെ കാണാറ്. അത്തരമൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് ചേരിയായി തിരിഞ്ഞ് വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
കൃഷ്ണ ഭക്തയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആത്മീയ മോട്ടിവേഷണൽ സ്പീക്കറും ഭക്ത ഗായികയുമായ ജയ കിഷോരി, 210,000 രൂപ വിലയുള്ള ഡിയോർ ബാഗുമായി നിൽക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. വീണാ ജെയിന്‍ എന്ന എക്സ് ഉപയോക്താവ്, എയര്‍പോർട്ടിലൂടെ ഒരു ബാഗുമായി പോകുന്ന ജിയ കിഷോരിയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' ആത്മീയ പ്രഭാഷകയായ ജയ കിഷോരി 210,000 രൂപ മാത്രം വിലമതിക്കുന്ന ഡിയോർ ബാഗുമായി നിൽക്കുന്ന വീഡിയോ ഡിലീറ്റ് ചെയ്തു. അവർ ഭൗതികതയ്ക്ക് എതിരായി പ്രസംഗിക്കുകയും സ്വയം ശ്രീകൃഷ്ണ ഭക്തയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഒരു കാര്യം കൂടി: കാൾഫ് ലെതർ ഉപയോഗിച്ച് ഡിയോർ ബാഗ് നിർമ്മിക്കുന്നു'
ജയ കിഷോരി പങ്കുവച്ച് പിന്നീട് വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്ത വീഡിയോ അതിനകം വിവിധ സമൂഹ മാധ്യമ ഹാന്‍റിലുകളിലൂടെ പലതവണ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ അതിനകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ ജയ കിഷോരിയുടെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തി. ഒന്ന് പ്രസംഗിക്കുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ശരിയായ കാര്യമാണോയെന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ അവരെന്ത് കൊണ്ട് ബാഗ് പോലുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് നിര്‍മ്മിച്ചത് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ടാണോ എന്ന് പോലും ശ്രദ്ധിക്കാത്തതെന്ന് വിമര്‍ശിച്ചു. അതേസമയം ജയ കിഷോരിയുടെ ആരാധകര്‍ അത്തരം വാദങ്ങളെ എതിർത്ത് കൊണ്ട് രംഗത്തെത്തി. ജയ കിഷോരി ഭൗതികതയോട് വിരക്തയായിരിക്കാന്‍ അവര്‍ സന്ന്യാസിനിയല്ലെന്നും കഥാ വാചക് ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഏഴാം ക്ലാസ് മുതല്‍ ആത്മീയ പ്രഭാഷകയായി പേരെടുത്തവരാണ് ജയ കിഷോരി. നാരായൺ കഥ, ശിവ മഹാപുരാൻ എന്നിങ്ങനെയുള്ള മത-ഭക്തി പ്രഭാഷണങ്ങൾ, ഭജനകൾ, കീർത്തനങ്ങൾ എന്നിവയിലൂടെ ഉത്തരേന്ത്യയിലും വിദേശത്തും ഏറെ ജനപ്രിയയാണ് ജയ കിഷോരി.