കനത്ത മഴ, വീശിയടിക്കുന്ന കാറ്റ്, ഒന്നും വകവയ്ക്കാതെ സ്ത്രീയെ കൈകളിലെടുത്തോടി ആംബുലൻസ് ജീവനക്കാരൻ
കനത്ത മഴ പെയ്യുന്നതും ചുറ്റും വെള്ളവും എല്ലാം വീഡിയോയിൽ കാണാം. രണ്ട് കിലോമീറ്ററാണ് യുവാവ് ഈ സ്ത്രീയേയും കൈകളിൽ ചുമന്ന് ഓടിയത് എന്നാണ് പറയുന്നത്.
ഏത് പ്രതിസന്ധിയിലും മറ്റുള്ളവരെ സഹായിക്കാൻ മുന്നുംപിന്നും നോക്കാതെ ഓടിയെത്തുന്ന ചില മനുഷ്യരുണ്ട്. അവരാണ് യഥാർത്ഥ ദൈവം എന്ന് പറയാറുണ്ട്. അത്തരം മനുഷ്യരെ നാം ഏറെയും കാണുന്നത് ഏതെങ്കിലും ദുരിതമുഖങ്ങളിലായിരിക്കും. ദാന ചുഴലിക്കാറ്റ് വീശിയടിച്ച ഒഡീഷയിൽ നിന്നും ദുരിതങ്ങൾക്കിടയിലും അത്തരത്തിലുള്ള ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ദാന ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയ്ക്കിടെ ഒരു ആംബുലൻസ് ജീവനക്കാരൻ രോഗിയായ ഒരു സ്ത്രീയെ 2 കിലോമീറ്റർ താങ്ങിയെടുത്ത് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. പിടിഐ പങ്കുവച്ച വീഡിയോയിൽ, കനത്ത മഴയിൽ ആംബുലൻസ് ജീവനക്കാരൻ തന്റെ ഇരുകൈകളിലും സ്ത്രീയേയും എടുത്തുകൊണ്ട് ഓടുന്നതാണ് കാണുന്നത്. ഒരാൾ സ്ട്രെച്ചറുമായി പിന്നാലെ ഓടി വരുന്നതും കാണാം.
ആംബുലൻസിൽ എത്തിയപ്പോൾ അതിന്റെ അകത്തുണ്ടായിരുന്ന യുവാക്കളും സ്ത്രീയെ ആംബുലൻസിനുള്ളിലേക്ക് കയറ്റാൻ സഹായിക്കുന്നുണ്ട്. കനത്ത മഴ പെയ്യുന്നതും ചുറ്റും വെള്ളവും എല്ലാം വീഡിയോയിൽ കാണാം. രണ്ട് കിലോമീറ്ററാണ് യുവാവ് ഈ സ്ത്രീയേയും കൈകളിൽ ചുമന്ന് ഓടിയത് എന്നാണ് പറയുന്നത്.
അതേസമയം, ഒഡീഷയിലെ ദുരിത നിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞത് ദാന ചുഴലിക്കാറ്റ് ഏകദേശം 35.95 ലക്ഷം ആളുകളെ ബാധിച്ചുവെന്നാണ്. 14 ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. 8,10,896 പേരെ 6,210 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായി മാറ്റി. കേന്ദ്രപാറ, ബാലസോർ, ഭദ്രക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അതേസമയം മരണമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.