ഇറാനെ ആക്രമിക്കാൻ വ്യോമാതിർത്തി ലംഘിക്കുന്നു; ഇസ്രായേലിനെതിരെ ഇറാഖ്, യുഎന്നിൽ പരാതി നൽകി

ഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഒക്ടോബ‍ർ 26-ന് പുലർച്ചെ ഇറാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. 

Iraq lodged complaint against Israel at UN for violating airspace to conduct airstrikes in Iran

ബാ​ഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്‌ടോബർ 26-ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു. 

ഈ മാസം ആദ്യം ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഒക്ടോബ‍ർ 26-ന് പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സ്ഫോടനങ്ങളുണ്ടായി. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനിക‍ർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 100-ലധികം ഇസ്രായേൽ വിമാനങ്ങളാണ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തുകയും ഇറാന്റെ എണ്ണപ്പാടങ്ങളെയും ആണവ കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെയും മാത്രം ലക്ഷ്യമാക്കിയത്. 

അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും തിരിച്ചടിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.  

READ MORE: തിരിച്ചടിക്കാൻ ഉറച്ച് ഇറാൻ; ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ മാ‍ർ​ഗങ്ങളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios