ബൈക്കുകളോരോന്നായി റോഡിൽ തെന്നിവീഴുന്നു, പൊലീസും സ്ഥലത്തേക്ക്, അപകടം വാതകച്ചോർച്ചയെ തുടർന്ന് , വീഡിയോ വൈറല്‍
ഒന്നും രണ്ടുമല്ല, നിരവധി ബൈക്കുകൾ റോഡിൽ വീണു കിടക്കുന്നത് വീഡിയോയിൽ കാണാം. ഹൈദരാബാദിലെ കുഷൈഗുഡ- നഗരം റോഡിലാണ് സംഭവം നടന്നത്.
ഹൈദ്രാബാദിൽ നിന്നുള്ള ഒരു അമ്പരപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബൈക്ക് യാത്രികർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് 'ഇൻഫോർമ്ഡ് അലർട്ട്സ്' എന്ന അക്കൗണ്ടിൽ നിന്നാണ്.
വാതകച്ചോർച്ചയെ തുടർന്ന് റോഡിലൂടെ പോകുന്ന ബൈക്കുകൾ തെന്നിവീണതായിട്ടാണ് വീഡിയോയിൽ കാണുന്നത്. ഒന്നും രണ്ടുമല്ല, നിരവധി ബൈക്കുകൾ റോഡിൽ വീണു കിടക്കുന്നത് വീഡിയോയിൽ കാണാം. ഹൈദരാബാദിലെ കുഷൈഗുഡ- നഗരം റോഡിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികർക്ക് അപകടത്തിൽ പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അപകടത്തിന് ശേഷം വൈറലായ ഒരു വീഡിയോയിൽ, വീണുകിടക്കുന്ന നിരവധി ബൈക്കുകൾ കാണാം. നിരവധിപ്പേർ ബൈക്കുകൾക്കടുത്തായും മറ്റും നിൽക്കുന്നുണ്ട്. ചിലർ തങ്ങളുടെ വീണുപോയ ബൈക്കുകൾ എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മറ്റ് ചിലർ എന്താണ് സംഭവിച്ചത് എന്ന് നോക്കുന്നതും കാണാം.
“ഡീസൽ ചോർച്ച കാരണം ഇസിഐഎല്ലിനും കീസരയ്ക്കും ഇടയിലുള്ള ഒരു റോഡ് തെന്നുന്നതായി മാറിയിരിക്കുന്നു. വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം വാഹനമോടിക്കാനും അപകടങ്ങൾ ഒഴിവാക്കുന്നതിന് മറ്റ് റൂട്ടുകൾ പരിഗണിക്കാനും അഭ്യർത്ഥിക്കുന്നു” എന്നാണ് നഗരത്തിന് സാധാരണയായി ഇത്തരം മുന്നറിയിപ്പുകൾ നൽകുന്ന എക്സ് യൂസർ ഇൻഫോർമഡ് അലേർട്ട്സ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
"രണ്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റു, അവരിൽ ഒരാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. സംഭവമറിഞ്ഞ് ഉടനെ പൊലീസ് സ്ഥലത്തെത്തി, കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡിൽ മണ്ണിട്ടു" എന്ന് കുഷൈഗുഡ പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി മഹേഷ് TOI -യോട് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് വീണുകിടക്കുന്ന വാഹനങ്ങളെടുത്തു മാറ്റാനും ആളുകളെ സഹായിച്ചു.
വാതകച്ചോർച്ചയെ തുടർന്ന് തിരക്കുള്ള റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. പൊലീസെത്തി വേണ്ട നടപടികൾ കൈക്കൊണ്ടശേഷമാണ് തടസമില്ലാതെ വാഹനങ്ങൾ പോയിത്തുടങ്ങിയത്.