എന്തൊക്കെ കാണണം? ഫൂട്പാത്തിലൂടെ ചീറിപ്പാഞ്ഞ് താർ, വീഡിയോ പകർത്തിയത് പിന്നിലെ വാഹനത്തിൽ നിന്ന്, വിമർശനം
വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനത്തിലുണ്ടായിരുന്നയാളാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
വൈറലാവാൻ വേണ്ടി എന്തും ചെയ്യുന്നവർ ഇന്നുണ്ട്. അതിനിടയിൽ മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയോ പരിഗണനയോ ഒന്നും ഇവർ കാണിക്കാറില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവരും ഒരുപാടുണ്ട്. സ്വയം ഹീറോയായി കാണുന്ന ഇങ്ങനെയുള്ളവർ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആളുകൾ വളരെ രൂക്ഷമായിട്ടാണ് വീഡിയോയെ വിമർശിക്കുന്നത്.
വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത് ലോകേഷ് റായ് എന്ന യൂസറാണ്. യുപിയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരാൾ ഫൂട്‍പാത്തിലൂടെ തന്റെ താർ ഓടിച്ചു പോകുന്ന കാഴ്ചയാണ്.
വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനത്തിലുണ്ടായിരുന്നയാളാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 'റോഡ് മാത്രമല്ല ഫൂട്പാത്തും നമ്മുടേതാണ്. ഫൂട്ട്പാത്തിലൂടെ താർ ഓടുന്നതിൻ്റെ വീഡിയോ റീൽ പുറത്തുവന്നിട്ടുണ്ട്. ഇന്ദിരാപുരത്തെ എൻഎച്ച് 9 സർവീസ് റോഡിൽ നിന്നും പകർത്തിയിരിക്കുന്ന വീഡിയോയാണിത്. നമ്പർ പ്ലേറ്റ് കാണാം. നടപടിയെടുത്ത് മാതൃക കാണിക്കണം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്ക് അർഹിക്കുന്ന നടപടികൾ തന്നെ കൈക്കൊള്ളണം എന്നായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം എന്ന് കമന്റ് നൽകിയവരും ഉണ്ട്.
കഴിഞ്ഞ ദിവസം ഇതുപോലെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമുയർത്തിയിരുന്നു. അതിൽ ഒരാൾ താറിന് മുകളിലേക്ക് മണ്ണ് വാരിയിടുന്നതാണ് കാണാൻ സാധിക്കുന്നത്. പിന്നാലെ, തിരക്കേറിയ പാതയിലൂടെ അയാൾ താറുമായി പോകുന്നതും വീഡിയോയിൽ കാണാമായിരുന്നു. തീർത്തും അപകടകരമായിരുന്നു ആ പ്രവൃത്തി. അതിനെയും ഒരുപാടുപേർ വിമർശിച്ചിരുന്നു. പൊലീസിന്റെ ശ്രദ്ധയിലും സംഭവം പെട്ടു.
തനി തോന്ന്യവാസം; മുകളിൽ നിറയെ മണ്ണ്, താറിൽ പാഞ്ഞ് യുവാവ്, ഗുണ്ടായിസമെന്ന് കമന്റ്