'ഫോണിലെ ഫോട്ടോകള്‍ വരെ ചോര്‍ത്തുന്നു'; ആപ്പിളിനെതിരെ മുന്‍ തൊഴിലാളിയുടെ ഗുരുതര പരാതി, നിഷേധിച്ച് കമ്പനി
തൊഴിലാളികളെ നിശബ്ദരാക്കുന്നു, ഫോണുകളില്‍ ചാരപ്പണി നടത്തുന്നു... ആപ്പിളിനെതിരെ ഗുരുതര ആരോപണം
കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിളിനെതിരെ അമേരിക്കയില്‍ ഗുരുതര പരാതി. സ്വന്തം ജീവനക്കാരുടെ ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങളിലെയും ഐക്ലൗഡിലെയും വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നതായാണ് ഒരു പ്രധാന ആരോപണം. ജീവനക്കാരെ നിശബ്ദമാക്കുന്നതാണ് ആപ്പിളിന്‍റെ തൊഴില്‍ നയം എന്നും പരാതിയിലുണ്ട്. ആപ്പിളിനെതിരായ പരാതി കാലിഫോര്‍ണിയ സംസ്ഥാനത്തെ കോടതിയുടെ പരിഗണനയ്‌ക്കെത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ആപ്പിള്‍, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് കമ്പനി എന്ന് വ്യക്തമാക്കി.
ജീവനക്കാരുടെ വ്യക്തിപരമായ ഡിവൈസുകളിലെ വിവരങ്ങള്‍ ആപ്പിള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നതായി കാലിഫോര്‍ണിയ സംസ്ഥാന കോടതിക്ക് മുന്നിലെത്തിയ പരാതിയില്‍ പറയുന്നു. ആപ്പിള്‍ കമ്പനിയില്‍ ഡിജിറ്റല്‍ പരസ്യ വിഭാഗത്തിലെ മുന്‍ തൊഴിലാളിയായ അമര്‍ ഭക്ത എന്നയാളാണ് പരാതി സമര്‍പ്പിച്ചത്. 'ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ പേര്‍സണല്‍ ഡിവൈസുകളില്‍ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ജീവനക്കാരുടെ ഇമെയില്‍, ഫോട്ടോ ലൈബ്രറി അടക്കമുള്ള വ്യക്തിവിവരങ്ങളിലേക്ക് ആപ്പിളിന് കടന്നുചെല്ലാന്‍ അനുമതി നല്‍കുന്ന സോഫ്റ്റ്‌വെയറാണിത്'- എന്നും പരാതിയില്‍ പറയുന്നു.
ജോലിസ്ഥലത്തെ സാഹചര്യങ്ങളെ കുറിച്ചും ശമ്പളത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായും മാധ്യമങ്ങളുമായും പങ്കുവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ ആപ്പിള്‍ കമ്പനി നടപ്പാക്കിയിരിക്കുന്നതായും പരാതിയിലുണ്ട്. ജീവനക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് ആപ്പിളിന്‍റെ പോളിസികളെന്ന് പരാതിയില്‍ പറയുന്നു. ആപ്പിളിലെ ജോലിയെ കുറിച്ച് പോഡ്‌കാസ്റ്റില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആപ്പിളിലെ ജോലി സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലിങ്ക്‌ഡ്‌ഇന്‍ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യണമെന്നും കമ്പനി തന്നോട് ആവശ്യപ്പെട്ടതായി അമര്‍ ഭക്ത വാദിക്കുന്നു.
എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിംഗ്, ആപ്പിള്‍ കെയര്‍ ഡിവിഷനുകളില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെന്ന പരാതി നേരത്തെ ആപ്പിളിനെതിരെ ഉയര്‍ന്നിരുന്നു. ലൈംഗിക പക്ഷപാതം, ശമ്പള വിവേചനം തുടങ്ങിയ പ്രശ്‌നങ്ങൾ ജോലിക്കാര്‍ പരസ്പരവും മാധ്യമങ്ങളുമായും ചർച്ച ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെന്ന് ആരോപിക്കുന്ന പരാതികള്‍ ഇതിനകം ആപ്പിളിനെതിരെ യുഎസ് ലേബര്‍ ബോര്‍ഡില്‍ നിന്നുണ്ട്. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് പിഴവുകള്‍ സംഭവിച്ചിട്ടേയില്ല എന്ന നിലപാടാണ് ആപ്പിളിനുള്ളത്.
Read more: ഇത്തവണ ട്രോളാവില്ല, ഇനി കാണപ്പോവത് നിജം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്‍ അപ്‌ഡേറ്റുകളെന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം