പ്രവചനം കിറുകൃത്യം, റഷ്യക്ക് മുകളില്‍ ഛിന്നഗ്രഹം തീഗോളമായി; ആകാശത്ത് വെള്ളിടിപോലെ തീജ്വാല
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നല്‍കിയ മുന്നറിയിപ്പ് കിറുകൃത്യം, ഛിന്നഗ്രഹം റഷ്യക്ക് മുകളില്‍ തീഗോളമായി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
യക്കൂട്ടിയ: ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം അച്ചട്ടാക്കി കുഞ്ഞന്‍ ഛിന്നഗ്രഹം റഷ്യക്ക് മുകളില്‍ തീഗോളമായി. റഷ്യയുടെ വിദൂരഭാഗത്തുള്ള യക്കൂട്ടിയ പ്രദേശത്തിന് മുകളില്‍ വച്ചാണ് ഛിന്നഗ്രഹം കത്തി ചാമ്പലായത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
70 സെന്‍റീമീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം സൈബീരിയക്ക് മുകളില്‍ വച്ച് കത്തിജ്വലിക്കുമെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ ഉല്‍ക്ക തീഗോളമാകും എന്നായിരുന്നു കൃത്യം സമയം സഹിതം ഇഎസ്എയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് റഷ്യന്‍ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കി. പ്രവചനം അച്ചട്ടാക്കി ഇന്ന് പുലര്‍ച്ചെ ഉല്‍ക്ക തീഗോളമായി ആകാശത്ത് എരിഞ്ഞമരുന്നത് ദൃശ്യമായി. മുന്നറിയിപ്പുണ്ടായതിനാല്‍ ഈ പ്രതിഭാസത്തിന്‍റെ വീഡിയോ പകര്‍ത്താന്‍ നിരവധി പേര്‍ക്കായി. 70 സെന്‍റീമീറ്റര്‍ മാത്രമായിരുന്നു വലിപ്പമെങ്കിലും ഉല്‍ക്കാജ്വലനം അതിമനോഹരമായാണ് ദൃശ്യമായത്. വീഡിയോ എബിസി ന്യൂസ് അടക്കം പുറത്തുവിട്ടു.
ഉല്‍ക്ക വീണ് നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പ്രദേശത്ത് നടത്തിയിരുന്നു. കത്തിയമര്‍ന്ന ഉല്‍ക്കയുടെ ഏതെങ്കിലും ഒരു ഭാഗം ഭൂമിയില്‍ പതിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ഒന്നുമില്ല.
ജ്വലനത്തിന് ഏതാണ് 12 മണിക്കൂര്‍ മുമ്പാണ് ഈ ഉല്‍ക്കയെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും സാധാരണയായി ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിയമരാറാണ് പതിവ്. ചുരുക്കം ചില ബഹിരാകാശ പാറക്കഷണങ്ങളേ ഭൂമിയില്‍ പതിക്കാറുള്ളൂ. ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഇതിലും ചെറിയ ഉല്‍ക്കകളാവട്ടെ പൂര്‍ണമായും കത്തിത്തീരാനാണ് സാധ്യത കൂടുതല്‍. അത്യപൂര്‍മായി മാത്രം ഇവയുടെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാം. റഷ്യക്ക് മുകളിലെത്തിയ ഛിന്നഗ്രഹം മനുഷ്യന് യാതൊരു വിധത്തിലും ഭീഷണിയായില്ല.
Camera online in Lensk, Russia. pic.twitter.com/EUTb3OcVmy
— Galileo de Almería (@GalileoAlmeria) December 3, 2024
Read more: 7 മണിക്കൂറിനുള്ളില്‍ ഛിന്നഗ്രഹം ഭൂമിക്ക് മുകളില്‍ കത്തിയമരും; പ്രത്യക്ഷമാവുന്ന ഇടവും പ്രവചിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം