'ഇത് സ്ഥിരം സംഭവം, അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ': പൊട്ടിത്തെറിച്ച് സായി പല്ലവി
തമിഴ് മാധ്യമത്തിലെ വാർത്തയോട് സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിച്ചു സായി പല്ലവി.
ചെന്നൈ: അമരന്‍ എന്ന ചിത്രത്തിന്‍റെ ഗംഭീര വിജയത്തിലാണ് നടി സായി പല്ലവി. പലപ്പോഴും പൊതു വേദികളിലും അഭിമുഖങ്ങളിലും വളരെ ശാന്തമായി പ്രതികരിക്കുന്ന പ്രകൃതമാണ് നടിക്ക്. എന്നാല്‍ ഒരു തമിഴ് മാധ്യമത്തിലെ വാര്‍ത്തയോട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി.
ഇതിഹാസമായ രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു എന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.
ഈ റിപ്പോർട്ട്, സായ് പല്ലവി സാധാരണയായി ഒരു നോൺ വെജിറ്റേറിയൻ ആണെന്നും രാമായണത്തിലെ സീതാദേവിയെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് സായി പല്ലവി സസ്യാഹാരിയായി മാറുന്നതെന്നും ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു തമിഴ് മാധ്യമമായ സിനിമ വികടന്‍റെ പോസ്റ്റ്.
എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച നടി ശക്തമായി തന്നെയാണ് തന്‍റെ ഭാഗം വിശദീകരിക്കുന്നത്. "മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.
എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്‍റെ സിനിമകളുടെ പ്രധാനപ്പെട്ട സമയത്ത്.
അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും "പ്രശസ്ത" പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം"- എക്സ് കുറിപ്പില്‍ സായി പല്ലവി പറയുന്നു.
താനൊരു സസ്യാഹാരിയാണെന്ന് സായ് പല്ലവി നേരത്തെ തന്നെ പലതവണ വ്യക്തമാക്കിയതാണ്. എന്നാൽ സിനിമ വികടന്‍ റിപ്പോർട്ട് സായി ഒരു നോൺ വെജിറ്റേറിയന്‍ കഴിക്കുമെന്നും ഒരു സിനിമയ്ക്ക് വേണ്ടി സസ്യാഹാരിയായി മാറുകയാണെന്നും തോന്നിപ്പിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്.
ഇന്ത്യന്‍ സിനിമയിലെ 1000 കോടി സിനിമകള്‍