'ഏകാന്തതയുടെ നൂറ് വർഷങ്ങൾ': മാർകേസിന്റെ മാസ്റ്റർപീസ് സ്ക്രീനിൽ; മികച്ച പ്രതികരണം
ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ വിഖ്യാത നോവലായ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' നെറ്റ്ഫ്ലിക്സിൽ വെബ് സീരിസായി എത്തി.
തിരുവനന്തപുരം: തലമുറകളെ എഴുത്തിന്‍റെ മാന്ത്രികതയിൽ കുരുക്കിയിട്ട വിഖ്യാത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർകേസിന്‍റെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടുവില്‍ സ്ക്രീനില്‍ എത്തി. ലോകമെങ്ങുമുള്ള വായനക്കാർ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയാണ് വെബ് സീരിസായി കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
സ്പാനിഷ് ഭാഷയിൽ നിർമ്മിക്കുന്ന വെബ് സീരീസ് മാർകേസിന്‍റെ ജൻമദേശമായ കൊളംബിയയിൽ തന്നെയാകും ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യ രചനയോട് നീതി പുലര്‍ത്തുന്നതാണ് വെബ് സീരിസ് എന്നാണ് ആദ്യ റിവ്യൂകള്‍ വരുന്നത്. മാർകേസിന്‍റെ മക്കളായ റോഡ്രിഗോ ഗാർസ്യ, ഗോൺസാലോ ഗാർസ്യ എന്നിവരാണ് വെബ് സീരീസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ലോറാ മോറ, അലക്‌സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 1967ലാണ് മാർകേസിന്‍റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ആദ്യം പ്രസിദ്ധീകരിച്ചത്. 'ലാറ്റിനമേരിക്കയുടെ ഉൽപ്പത്തിപ്പുസ്തകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്‍റെ അഞ്ചുകോടിയിലേറെ പ്രതികളാണ് നാൽപ്പത്തിയാറ് ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്. മാർകേസിനെ വിശ്വവിഖ്യാത സാഹിത്യകാരൻമാരുടെ നിരയിലേക്ക് ഉയർത്തിയ നോവലാണിത്.
കൊളംബിയയിലെ സാങ്കൽപ്പിക ഗ്രാമമായ മക്കോണ്ടയിലെ ഏഴ് തലമുറകളുടെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. നോവലിലെ കേന്ദ്ര കഥാപാത്രമായ ഹോസ് ആര്‍കേദിയോ ബ്വാന്തിയ ഒരു ദിവസം രാത്രി ചില്ലുകൊണ്ട് നിർമ്മിച്ച ഒരു നഗരം സ്വപ്നം കാണുന്നു. പിറ്റേ ദിവസം അയാൾ അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന നദിയുടെ കരയിൽ മക്കോണ്ട നഗരം നിർമ്മിക്കുന്നു. അതിന് ശേഷമുള്ള മക്കോണ്ടയിലെ ഏഴ് തലമുറയുടെ കഥയാണ് നോവലിന്‍റെ പരിസരം. ലാറ്റിനമേരിക്കൻ ജീവിതത്തിൽ കോളനിവൽക്കരണം സൃഷ്ടിച്ച ചിന്താപരവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പാഠപുസ്തകമാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ.
എട്ട് എപ്പിസോഡുകള്‍ ഉള്ള ആദ്യ സീസണ്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്പാനീഷില്‍ തന്നെയാണ് സീരിസ്. ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത് എന്നാണ് വിവരം.