troll against k rail project
Gallery Icon

K Rail Troll: കെ റെയില്‍ പദ്ധതി; വെട്ടിയിട്ട വാഴത്തണ്ട് പോലെ കെടക്കണ കണ്ടോയെന്ന് ട്രോളന്മാര്‍

കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ 'സ്വപ്നപദ്ധതി'യായിരുന്ന കെ റെയില്‍ പദ്ധതിക്ക് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അതോടെ, സര്‍വ്വേ തടയരുതെന്നും അനുമതി വേണമെന്നും കേരളവും ആവശ്യപ്പെട്ടു. അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും പുറത്ത് വിടാന്‍ പറ്റില്ലെന്നുമായിരുന്നു പദ്ധതിയുടെ ഡിപിആര്‍ ചോദിച്ചവരോട് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അതേ ഡിപിആര്‍ മൊത്തം അപൂര്‍ണ്ണമാണെന്നാണ് പദ്ധതിക്ക് അനുമതി തത്കാലമില്ലെന്നതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ആദ്യം കെ റെയില്‍ കുറ്റികള്‍ പറിച്ചെറിയാന്‍ ആഹ്വാനം ചെയ്ത കെ സുധാകരന്‍ പോലും ഒടുവില്‍ കെ റെയിലിനെതിരല്ലെന്ന നിലപാടെടുത്തു. പക്ഷേ, അപ്പോഴേക്കും ഒരു ഭാഗത്ത് കെ റെയിലിനായി വാദിക്കുന്ന 'വികസന മോഹികള്‍',  മറുഭാഗത്ത് കെ റെയില്‍ വരുദ്ധരായ 'വികസന വിരോധികള്‍' എന്നിങ്ങനെ സാംസ്കാരിക കേരളത്തെ കെ റെയില്‍ രണ്ടായി വിഭജിച്ചു കളഞ്ഞെന്ന സാമൂഹികമാധ്യമ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. അപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയതിനും കമ്പ്യൂട്ടര്‍ കൊണ്ടുവന്നതിനും സ്വാശ്രയ കോളേജിനും എതിരെ സമരം നടത്തിയ പ്രസ്ഥാനത്തിലെ പലരും ഇന്ന് സ്വന്തം വീട്ട് മുറ്റത്ത് സ്ഥാപിച്ച കെ റെയില്‍ കുറ്റികള്‍ പിഴുതെറിയുന്ന കാഴ്ചയും കേരളം കണ്ടു. എല്ലാം കഴിഞ്ഞപ്പോള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിലങ്ങോളം ഇങ്ങോളം നാട്ടിയ കെ റെയില്‍ കുറ്റികള്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ കെടക്കണകെടപ്പ് കണ്ടോയെന്ന് ട്രോളന്മാരും.