ചക്കരപ്പന്തലില്‍ തേന്മഴയായി ഉത്തമന്‍റെ ഡാന്‍സ്; സിപിഎം സമ്മേളന വേദിയിലെ ഈ നൃത്തത്തിന് ആശംസാപൂരം
സമ്മേളനത്തിനെത്തിയ മന്ത്രി പി പ്രസാദിന്‍റെ ആവശ്യപ്രകാരം തോട്ടപ്പള്ളി സ്വദേശിയായ ഉത്തമന്‍ ചെയ്ത നൃത്തത്തെ സമൂഹമാധ്യമങ്ങളും സിനിമാ താരങ്ങടക്കം നൃത്തത്തെ സ്നേഹിക്കുന്ന ഏവരും പ്രശംസിച്ചിരുന്നു
ചക്കരപന്തലില്‍ എന്ന ഗാനത്തിന് സിപിഎം സമ്മേളനവേദിയിൽ നൃത്തം ചെയ്ത അറുപത്തഞ്ചുകാരന്‍ സമൂഹമാധ്യമങ്ങളില്‍ താരമാണ്. സമ്മേളനത്തിനെത്തിയ മന്ത്രി പി പ്രസാദിന്‍റെ ആവശ്യപ്രകാരം തോട്ടപ്പള്ളി സ്വദേശിയായ ഉത്തമന്‍ ചെയ്ത നൃത്തത്തെ സമൂഹമാധ്യമങ്ങളും സിനിമാ താരങ്ങടക്കം നൃത്തത്തെ സ്നേഹിക്കുന്ന ഏവരും പ്രശംസിച്ചിരുന്നു. നൃത്തം ചെയ്യാന്‍ പ്രായവും ലിംഗ വ്യത്യാസവും ഒന്നും തടസമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അറുപത്തിയഞ്ചുകാരന്‍റെ നൃത്തം.
സെമി ക്ലാസിക്കല്‍ ചുവടുകളുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉത്തമന്‍ നൃത്തം അമ്പലപ്പുഴയില്‍ വച്ച് ചെറുപ്പത്തില്‍ നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തത്തില്‍ താല്‍പര്യം തോന്നിയതോടെ സ്കൂള്‍ പഠനം അവിടെ നിര്‍ത്തി ഫുള്‍ ടൈം നൃത്ത പഠനമായി. ഭരതനാട്യം, സെമി ക്ലാസിക്കല്‍ നൃത്ത രൂപങ്ങള്‍, ടപ്പാന്‍കൂത്ത് എന്നിവയും പഠിച്ചിട്ടുണ്ടെന്ന് ഉത്തമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ നിരവധിപ്പേര്‍ക്ക് നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഉത്തമന്‍. സിപിഎം സമ്മേളന വേദിയിലെ നൃത്തത്തിന് മന്ത്രിയുടെ വക പൊന്നാട കിട്ടിയെന്നും ഉത്തമന്‍ പറയുന്നു.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്നും ഉത്തമന്‍ പറയുന്നു. നൃത്തപഠനത്തിന് ശേഷം ബാലെയ്ക്കും മറ്റും പോയാണ് ഉത്തമന്‍ കുടുംബം നോക്കിയിരുന്നത്. ഡാന്‍സ് ഈ പ്രായത്തിലും ആവേശമാണെന്ന് ഉത്തമന്‍ പറയുന്നു. ചെറുപ്പത്തില്‍ പഠിച്ചത് എങ്ങനെ മറക്കാനാണെന്നാണ് ഈ കലാകാരന്‍റെ ചോദ്യം. കഴിഞ്ഞമാസം സിപിഎഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഉത്തമനെ ആദരിച്ചിരുന്നു. അന്ന് മന്ത്രി പി പ്രസാദ് രണ്ട് ചുവട് വയ്ക്കാമോയെന്ന് ചോദിച്ചിരുന്നു. മുന്നൊരുക്കമൊന്നുമില്ലാതെ വച്ച ഈ രണ്ട് ചുവടാണ് ഉത്തമനെ വീണ്ടും വൈറലാക്കിയിരിക്കുന്നത്.