മീശ ട്രിം ചെയ്യാൻ വിസമ്മതിച്ചു, പൊലീസ് കോൺസ്റ്റബിളിനെ സസ്പെന്റ് ചെയ്തു
"ഞാൻ ഒരു രജപുത്രനാണ്, എന്റെ മീശ എന്റെ അഭിമാനമാണ്," എന്നായിരുന്നു റാണയുടെ പ്രഖ്യാപനം.
ഭോപ്പാൽ: മുടി വെട്ടാനും മീശ ട്രിം ചെയ്യാനും വിസമ്മതിച്ച മധ്യപ്രദേശ് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസിന്റെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ഡ്രൈവറായി നിയമിക്കപ്പെട്ട കോൺസ്റ്റബിൾ രാകേഷ് റാണയെയാണ് സസ്പെൻഡ് ചെയ്തത്. മീശ ട്രിം ചെയ്യാൻ നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
മിസ്റ്റർ റാണയുടെ മീശ മറ്റ് ജീവനക്കാരിൽ മോശമായ അഭിപ്രായം സൃഷ്ടിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ മീശ അഭിമാനമാണെന്ന് പറഞ്ഞാണ് റാണ ഉത്തരവ് ലംഘിച്ചത്. "ഞാൻ ഒരു രജപുത്രനാണ്, എന്റെ മീശ എന്റെ അഭിമാനമാണ്," എന്നായിരുന്നു റാണയുടെ പ്രഖ്യാപനം.
വേഷം സംബന്ധിച്ച മുതിർന്ന ഉദ്യോഗസ്ഥന്റെ ഉത്തരവ് പാലിക്കാത്തതിനാലാണ് റാണയെ സസ്പെൻഡ് ചെയ്തതെന്നാണ് ഉത്തരവ് പുറപ്പെടുവിച്ച അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് ശർമ്മ പിടിഐയോട് പ്രതികരിച്ചത്. "രൂപം പരിശോധിച്ചപ്പോൾ, തലമുടിയും കഴുത്ത് വരെ മീശയും വളർത്തിയതായി കണ്ടെത്തി. മുടി വെട്ടാനും മീശ ട്രിം ചെയ്യാനും അദ്ദേഹത്തോട് നിർദ്ദേശിച്ചു, പക്ഷേ അദ്ദേഹം നിർദ്ദേശങ്ങൾ പാലിച്ചില്ല," ശർമ്മ പറഞ്ഞു.
അതേസമയം തന്റെ യൂണിഫോം എല്ലാ കാര്യങ്ങളിലും കൃത്യമാണെന്ന് ഉറപ്പുണ്ടെന്നും എന്നാൽ സസ്പെന്റ് ചെയ്താലും മീശ ട്രിം ചെയ്യില്ലെന്നുമാണ് റാണ പറയുന്നത്. താൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും, സസ്പെൻഷനിലാണെങ്കിലും തന്റെ മീശയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് റാണ പറഞ്ഞു. കാലങ്ങളായി താൻ ഇത്ര നീളത്തിലാണ് മീശ വച്ചിരിക്കുന്നതെന്നും റാണ കൂട്ടിച്ചേർത്തു.