'കേരളം വൃത്തിയാക്കണം, പഴഞ്ചൻ സാധനങ്ങൾ തൂത്തെറിയണം', കെ റെയിൽ വരട്ടെ; പിന്തുണച്ച് കവി എസ് ജോസഫ്

പരിസ്ഥിതി കവിതയെഴുതാൻ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ല. പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണം

poet s joseph supports k rail project

കൊച്ചി: കെ റെയിലിനെ പിന്തുണച്ച് കവി എസ് ജോസഫ് രംഗത്ത്. മെട്രോ ട്രെയിൻ, കെ റെയിൽ എന്നീ മോഡേണൈസേഷൻസ് നല്ലതാണെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം കേരളം മൊത്തം ആധുനീകരിക്കണമെന്നും വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. പരിസ്ഥിതി കവിതയെഴുതാൻ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ലെന്നും പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

എസ് ജോസഫിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

മെട്രോ ട്രെയിൻ, കെ.റെയിൽ എന്നീ മോഡേണൈസേഷൻസ് നല്ലതാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. കേരളം മൊത്തം ആധുനീകരിക്കണം. വൃത്തിയാക്കണം. പരിസ്ഥിതി കവിതയെഴുതാൻ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ല. പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണം. ജാതിവ്യവസ്ഥയും മറ്റു പഴഞ്ചൻ സാധനങ്ങളും തൂത്തെറിയണം. മാസ്ക് താടിക്കല്ല ധരിക്കേണ്ടത്.

വിമർശനം കൊണ്ട് തടയാനാവില്ല, വോട്ട് ചെയ്തത് ഇടതിന്, സിൽവർ ലൈനിൽ ആശങ്ക: കവി റഫീഖ് അഹമ്മദ്

അതേസമയം കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ പ്രശസ്ത കവി റഫീഖ് അഹമ്മദിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തുടരുകയാണ്. ഇടത് പ്രൊഫൈലുകളിൽ നിന്നുള്ള സൈബറാക്രമണത്തിനെതിരെ രൂക്ഷ വിയോജിപ്പുമായി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

കെ റെയിൽ; ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

ഇതിന് പിന്നാലെ സിപിഎം അനുയായികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് കവി നേരിടുന്നത്. ഇതിനെതിരെയാണ് എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്.  ഇതിന് പിന്നാലെ തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കി.

റഫീഖ് അഹമ്മദിന്‍റെ കവിത

ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ  പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?

കെ റെയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരെ ആക്രമണം, അപലപിച്ച് പ്രമുഖര്‍

Latest Videos
Follow Us:
Download App:
  • android
  • ios