Mega Thiruvathira Troll: കാലം കാത്ത് വച്ച 'പാര്‍ട്ടി മെഗാ തിരുവാതിര'; ട്രോളുകള്‍ കാണാം
2021 ജനുവരി 10 നാണ് തളിപ്പറമ്പ് നിന്ന് ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കാനെത്തിയ ധീരജ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ചത്. ധീരജിന്‍റെ മൃതദേഹവുമായി തളിപ്പറമ്പിലേക്ക് ആംബുലന്‍സ് പോകുമ്പോള്‍ തന്നെ കേരളത്തിലങ്ങോളമിങ്ങോളും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അതിനിടയിലും കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ പാറശാലയില്‍ സിപിഐ(എം) ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി 502 സ്ത്രീകള്‍ ഉള്‍പ്പെടുന്ന മെഗാ തിരുവാതിര നടന്നു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളായിരുന്ന ധീരജിന്‍റെ വിലാപയാത്രയ്ക്കിടെ പാര്‍ട്ടി തന്നെ പിണറായി സ്തുതികളോടെ മെഗാ തിരുവാതിരയുമായെത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. വിമര്‍ശനങ്ങളുയര്‍ന്നതോടെ നേതാക്കന്മാര്‍ മെഗാ തിരുവാതിരയ്ക്കെതിരെ രംഗത്തെത്തി. പക്ഷേ, അതിനുമുമ്പേ പാര്‍ട്ടിയുടെ നടപടിയെ വിമര്‍ശിച്ച് ട്രോളന്മാര്‍ അരങ്ങ് കീഴടക്കിയിരുന്നു. കാണാം ആ തിരുവാതിര ട്രോളുകള്‍...
കൊവിഡിന്‍റെ മൂന്നാം തരംഗ ഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജിന്‍റെ കൊലപാതകത്തിനും ഇടയിൽ തിരുവനന്തപുരത്ത് 502 സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെ വലിയ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നത്. ഇടത് അനുഭാവികളടക്കം ഇക്കാര്യത്തിൽ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ തന്നെ സംസ്ഥാന നേതൃത്വത്തോട് സമ്മതിച്ചെന്നാണ് സൂചന.