പലിശ കുറയ്ക്കില്ല, പക്ഷെ സിആര്‍ആര്‍ കുറച്ചേക്കും; ആര്‍ബിഐ ഈ തീരുമാനമെടുത്താൽ നേട്ടം ആര്‍ക്കൊക്കെ?

ഡിസംബര്‍ 4-6 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് സിആര്‍ആര്‍ കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Will RBI cut key interest rates on December 6? 3 things to know

ലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റതോടെ  വരുന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) കുറച്ചേയ്ക്കുമെന്ന് സൂചന. പലിശ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വരുന്ന ആറാം തീയതി പ്രഖ്യാപിക്കുന്ന  പുതിയ വായ്പാനയത്തിലായിരിക്കും ഇക്കാര്യം പരാമര്‍ശിക്കുക. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ 5.4 ശതമാനമായി കുറഞ്ഞതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കുന്നത്. ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പ വര്‍ദ്ധന, വിനിമയ നിരക്കിലെ സമ്മര്‍ദ്ദം എന്നിവയ്ക്കിടയില്‍  വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഡിസംബര്‍ 4-6 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് സിആര്‍ആര്‍ കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

എന്താണ് കരുതല്‍ ധനാനുപാതം

എല്ലാ ബാങ്കുകളും അവരുടെ മൊത്തം നിക്ഷേപത്തിന്‍റെ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട വിഹിതമാണ് ക്യാഷ് റിസര്‍വ് റേഷ്യോ അഥവാ കരുതല്‍ ധനാനുപാതം . ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുമാണ് ഒരു വിഹിതം ആര്‍ബിഐയില്‍ സൂക്ഷിക്കുന്നത്.. സമ്പദ്വ്യവസ്ഥയില്‍ അധിക പണമുണ്ടെങ്കില്‍, സിആര്‍ആര്‍ വര്‍ദ്ധിപ്പിച്ച് പണചംക്രമണം നിയന്ത്രിക്കപ്പെടും. അതേസമയം, പണത്തിന് ക്ഷാമം ഉണ്ടാകുമ്പോള്‍, സിആര്‍ആര്‍ കുറയ്ക്കുന്നതിനാല്‍ കൂടുതല്‍ പണം ബാങ്കുകളില്‍ എത്തുകയും വായ്പ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തവണ സിആര്‍ആര്‍ കുറച്ചാല്‍ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തുകയും അത് വഴി കൂടുതല്‍ വായ്പ നല്‍കാനുള്ള അവസരമൊരുങ്ങുകയും ചെയ്യും.

വിദഗ്ധരുടെ അഭിപ്രായത്തില്‍, സിആര്‍ആര്‍ അര ശതമാനം വരെ കുറച്ചേക്കും. രൂപ സ്ഥിരത നിലനിര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ദുര്‍ബലമാവുകയും ചെയ്താല്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞതിന് ശേഷം ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരിയില്‍ പലിശ നിരക്കില്‍ ഒരു ശതമാനം വരെ പലിശ കുറക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. 2025 ഓടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ ഇത് വഴിയൊരുക്കും

Latest Videos
Follow Us:
Download App:
  • android
  • ios