ഇപിഎഫ് പലിശ എപ്പോൾ ലഭിക്കും? അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ ഇതാ
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് പലിശ എപ്പോള്‍ ലഭിക്കും. അക്കൗണ്ട് ഉടമകൾ അറിയേണ്ടതെല്ലാം
2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇപിഎഫ് നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് ലഭിക്കുക . 2022-23 സാമ്പത്തിക വർഷത്തിൽ 8.15 ശതമാനം ആയിരുന്നു പലിശ നിരക്ക്.
ഇപിഎഫ് അക്കൗണ്ടിലേക്ക് എപ്പോഴാണ് പലിശ വരുന്നത്?
2023-24 സാമ്പത്തിക വർഷത്തിലെ കുടിശ്ശിക പലിശയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി ധാരാളം ആളുകൾ ഇപിഎഫ്ഒയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, നടപടികൾ പുരോഗമിക്കുകയാണെന്നും പലിശ ഉടൻ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി .
2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം 28.17 കോടി അംഗങ്ങൾക്ക് പലിശ നൽകിയതായി ഇപിഎഫ്ഒ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കണക്കുകൾ 2024 മാർച്ച് വരെയുള്ളതാണ്.
പി എഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?
ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഉപയോഗിച്ച് പിഎഫ് ബാലൻസ് പരിശോധിക്കാം. ഓൺലൈനിൽ ബാലൻസ് പരിശോധിക്കാൻ, അംഗങ്ങൾക്ക് ഇ പി എഫ് പോർട്ടലോ UMANG ആപ്പോ ഉപയോഗിക്കാം. ഓഫ്‌ലൈൻ രീതിയിൽ എസ്എംഎസിലൂടെയും മിസ്ഡ് കോളിലൂടെയും ബാലൻസ് പരിശോധിക്കാം.
ഇ പി എഫ് ഒ പാസ്ബുക്ക് പോർട്ടൽ:
– ഇപിഎഫ്ഒ പാസ്ബുക്ക് പോർട്ടൽ സന്ദർശിക്കുക.
– യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
– പി എഫ് അക്കൗണ്ട് തിരഞ്ഞെടുക്കുക (ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ).
- പഴയ ഇടപാടുകളും നിലവിലെ ബാലൻസും കാണാൻ 'പി എഫ് പാസ്‌ബുക്ക് കാണുക' തിരഞ്ഞെടുക്കുക.
- മൊത്തം പി എഫ് അടവ് പരിശോധിക്കാൻ 'പാസ്ബുക്ക് കാണുക' ഓപ്ഷൻ ഉപയോഗിക്കുക.
ഉമാംഗ് ആപ്പ്:
– ഉമാംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
– ആപ്പിലെ 'ഇപിഎഫ്ഒ' വിഭാഗത്തിലേക്ക് പോകുക.
– ഇപിഎഫ് ബാലൻസ് കാണാൻ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഇപിഎഫ് ബാലൻസ് ഓഫ്‌ലൈനിൽ എങ്ങനെ പരിശോധിക്കാം:
എസ് എം എസ് : EPFOHO UAN എങ്ങനെ എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് ഒരു എസ് എം എസ് അയയ്ക്കുക (ENG എന്നത് ഇംഗ്ലീഷ് ഭാഷാ മുൻഗണനയെ സൂചിപ്പിക്കുന്നതാണ് ). നിങ്ങളുടെ യുഎഎൻ, മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.
മിസ്‌ഡ് കോൾ: ബാലൻസ് അറിയാൻ, നിങ്ങളുടെ യുഎഎൻ-ലേക്ക് ലിങ്ക് ചെയ്‌തിട്ടുള്ള നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക. പി എഫ് ബാലൻസ് വിശദാംശങ്ങൾ കാണിക്കുന്ന എസ് എം എസ് ലഭിക്കും