റിലയൻസിന്റെ മനസിലിരിപ്പെന്ത്? ജീവനക്കാരുടെ എണ്ണത്തിൽ 42,000 പേരുടെ കുറവ്, വെട്ടിക്കുറച്ചത് 11% തൊഴിലാളികളെ
ഈ വർഷം, റിലയൻസ് പുതിയ നിയമനങ്ങൾ മൂന്നിലൊന്നിൽ കൂടുതൽ വെട്ടിക്കുറവ് വരുത്തി. ഇതിന് പുറമേ പലരും രാജിവയ്ക്കുകയും ചെയ്തു.
മൂന്ന് മാസത്തെ മാത്രം ലാഭം 15,138 കോടി രൂപ! 21 ലക്ഷം കോടി രൂപ വിറ്റുവരവുള്ള രാജ്യത്തെ ആദ്യ കമ്പനി, നികുതിക്ക് മുമ്പുള്ള ലാഭം ഒരു ലക്ഷം കോടി, ഇങ്ങനെയൊക്കെയുള്ള ഒരു കമ്പനി ആകെ ജീവനക്കാരുടെ എണ്ണം 11 ശതമാനം കുറച്ചാലോ? പറഞ്ഞു വരുന്നത് റിലയൻസ് ഇൻഡസ്ട്രീസിനെക്കുറിച്ചാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ 42,000 പേരുടെ കുറവുണ്ടായതായി റിലയൻസ് വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തിൽ റിലയൻസിലെ ജീവനക്കാരുടെ എണ്ണം 389,000 ആയിരുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ 347,000 ആയി കുറഞ്ഞു. കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം പുതിയ നിയമനങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ഈ വർഷം, റിലയൻസ് പുതിയ നിയമനങ്ങൾ മൂന്നിലൊന്നിൽ കൂടുതൽ വെട്ടിക്കുറവ് വരുത്തി. ഇതിന് പുറമേ പലരും രാജിവയ്ക്കുകയും ചെയ്തു.
റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിലാണ് ജീവനക്കാരുടെ എണ്ണം ഏറ്റവും കൂടുതൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസിലെ മൊത്തം ജീവനക്കാരുടെ 60 ശതമാനവും റിലയൻസ് റീട്ടെയിലിലാണ് ജോലി ചെയ്തിരുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 2,45,000 ആയിരുന്നെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ എണ്ണം 2,07,000 ആയി കുറഞ്ഞു.. റിലയൻസ് ജിയോയെയിൽ, 2023 സാമ്പത്തിക വർഷത്തിൽ 95,000 ആയിരുന്ന ജീവനക്കാരുടെ എണ്ണം 2024 ൽ 90,000 ആയി കുറഞ്ഞു. ജോലി വെട്ടിക്കുറച്ചെങ്കിലും കമ്പനിയുടെ ജീവനക്കാർക്ക് വേണ്ടിയുള്ള ചെലവ് 3% വർദ്ധിച്ച് 25,699 കോടി രൂപയിലെത്തി എന്നത് ശ്രദ്ധേയമാണ്.