ഗൗതം അദാനിക്ക് കഷ്‌ടകാലം: അമേരിക്കയിലെ കേസിന് പിന്നാലെ കെനിയയുടെ കടുത്ത നടപടി: 2 പ്രധാന പദ്ധതികൾ റദ്ദാക്കി

നെയ്റോബി വിമാനത്താവളത്തിൻ്റെ നടത്തിപ്പും രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുമുള്ള അദാനി ഗ്രൂപ്പുമായി ഒപ്പിട്ട പദ്ധതികൾ കെനിയ റദ്ദാക്കി

Kenya cancels two major projects signed with Adani group after US indictement

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച രണ്ട് പ്രധാന പദ്ധതികൾ കെനിയ റദ്ദാക്കി.  കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അദാനിക്കെതിരെ അമേരിക്കയിൽ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കെനിയയിൽ പ്രതിഷേധം ശക്തമായിരുന്നു. നെയ്റോബി വിമാനത്താവളത്തിൻ്റെ നടത്തിപ്പും രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുമുള്ളതായിരുന്നു കെനിയയിലെ പദ്ധതികൾ. ഇവ രണ്ടുമാണ് റദ്ദാക്കിയത്.

കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ അദാനി ഗ്രൂപ്പ് നേരത്തെ സ്വന്തമാക്കിയതാണ്. പദ്ധതിയുടെ ചെലവ്,​ നിർമാണം,​ പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി എന‌ർജി സൊല്യൂഷൻസും കെനിയ സർക്കാരും തമ്മിൽ ഒപ്പുവെച്ചത്. 30 വർഷത്തേക്കായിരുന്നു കരാർ. രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്ന് കരുതിയ പദ്ധതിയായിരുന്നു ഇത്. നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ളതായിരുന്നു ഇതിന് മുൻപ് ഒപ്പുവച്ചെ പദ്ധതി. ഇവ രണ്ടുമാണ് റദ്ദാക്കിയത്.

അമേരിക്കയിൽ നിന്ന് അദാനിയുടെ കമ്പനി നിക്ഷേപം സ്വീകരിച്ചത്  ഇന്ത്യയിൽ 2000 കോടിയിലധികം രൂപ കൈക്കൂലി നൽകി നേടിയ സൗരോർജ്ജ കരാറുകൾ കാട്ടിയാണെന്നാണ് യുഎസ് ഏജൻസിയുടെ കുറ്റപത്രം. ആന്ധ്രപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചു എന്ന് കുറ്റപത്രം പറയുന്നു. ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ തുടങ്ങിയ സർക്കാരുകൾക്കും കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് കേസ്. 2023ൽ തുങ്ങിയ അന്വേഷണത്തിന് ഒടുവിലാണ് അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്.

മൗറീഷ്യസ് ആസ്ഥാനമായുള്ള ഉപകമ്പനി വഴി അദാനി അമേരിക്കൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ സൗരോർജ്ജം വാങ്ങാനുള്ള കരാർ സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടിയെന്ന് കാണിച്ചാണ് അമേരിക്കൻ നിക്ഷേപം സ്വീകരിച്ചത്. കൈക്കൂലിയിലൂടെ കരാർ ഉറപ്പിച്ചത് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് കോടതിയിലെ കേസ്. ഗൗതം അദാനിയാണ് ഒന്നാം പ്രതി. അദാനിയുടെ മരുമകനും ഊർജ്ജ കമ്പനി എംഡിയുമായ സാഗർ അദാനി, സിഇഒ വിനീത് ജയിൻ എന്നിവരാണ് രണ്ടു മൂന്നും പ്രതികൾ.

Latest Videos
Follow Us:
Download App:
  • android
  • ios