'നിന്നെക്കാൾ വേഗത്തില്‍ പന്തെറിയാന്‍ എനിക്കറിയാം'; ഹര്‍ഷിത് റാണയ്ക്ക് മുന്നറിയിപ്പുമായി മിച്ചൽ സ്റ്റാര്‍ക്ക്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹതാരങ്ങളായിരുന്നു ഹര്‍ഷിത് റാണയും മിച്ചല്‍ സ്റ്റാര്‍ക്കും.
പെര്‍ത്ത്: ഇന്ത്യക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് മുന്നറിയിപ്പ് നല്‍കി ഓസീസ് ബാറ്ററായ മിച്ചല്‍ സ്റ്റാർക്ക്. രണ്ടാം ദിനം ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ഹര്‍ഷിത് റാണയായിരുന്നു. രണ്ടാം ദിനത്തിലെ തന്‍റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയയുടെ അവസാന ബാറ്റിംഗ് പ്രതീക്ഷയായ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഓസീസ് 100 കടക്കില്ലെന്ന് കരുതി.
എന്നാല്‍ ആദ്യം നഥാന്‍ ലിയോണിനൊപ്പവും പിന്നീട് അവസാന ബാറ്ററായ ജോഷ് ഹേസല്‍വുഡിനൊപ്പവും പിടിച്ചു നിന്ന സ്റ്റാര്‍ക്ക് ഓസ്ട്രേലിയയെ 100 കടത്തി. ഇതിനിടെയാണ് ബൗണ്‍സറുകളെറിഞ്ഞും തുടര്‍ച്ചയായി ബീറ്റണാക്കിയും വിറപ്പിച്ച ഹര്‍ഷിതിനെ നോക്കി സ്റ്റാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബൗള്‍ ചെയ്തശേഷം തിരിഞ്ഞു നടക്കുകയായിരുന്ന ഹര്‍ഷിതിനെ വിളിച്ച സ്റ്റാര്‍ക്ക് നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം, നിനക്ക് ഓര്‍മയുണ്ടാവുമല്ലൊ എന്നായിരുന്നു ഒരു ചെറു ചിരിയോടെ ഓര്‍മിപ്പിച്ചത്.
രണ്ടാം ദിനം ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ മടക്കി ജസ്പ്രീത് ബുമ്ര; 5 വിക്കറ്റ്; പെര്‍ത്തില്‍ ചരിത്രനേട്ടം
സ്റ്റാര്‍ക്കിന്‍റെ മുന്നറിയിപ്പ് ചിരിയോടെയാണ് ഹര്‍ഷിത് സ്വീകരിച്ചത്. എന്നാല്‍ മത്സരത്തില്‍ അവസാന ചിരി ഹര്‍ഷിതിന്‍റെതായിരുന്നു. സ്റ്റാര്‍ക്കിന്‍റെ വിക്കറ്റ് സ്വന്തമാക്കി ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് ഹര്‍ഷിത് ആയിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹതാരങ്ങളായിരുന്നു ഹര്‍ഷിത് റാണയും മിച്ചല്‍ സ്റ്റാര്‍ക്കും. ഓസീസ് ബാറ്റിംഗ് നിരയില്‍ പ്രമുഖ ബാറ്റര്‍മാരെല്ലാം പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടപ്പോള്‍ പെര്‍ത്തിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 112 പന്തുകളാണ് സ്റ്റാര്‍ക്ക് മാത്രം നേരിട്ടത്. ഇരു ടീമുകളിലുമായി ഏറ്റവും അധികം പന്തുകള്‍ നേരിട്ട ബാറ്ററും സ്റ്റാര്‍ക്കാണ്.
Mitch Starc offers a little warning to Harshit Rana 😆#AUSvIND pic.twitter.com/KoFFsdNbV2
— cricket.com.au (@cricketcomau) November 23, 2024
74 പന്തുകലൾ ക്രീസില്‍ നിന്ന ഇന്ത്യയുടെ കെ എല്‍ രാഹുലാണ് രണ്ടാമത്. ഇന്ത്യയുടെ നിതീഷ് റെഡ്ഡി 59 പന്തുകള്‍ നേരിട്ട് 41 റണ്ണുമായി ടോപ് സ്കോററായപ്പോള്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ 52 പന്ത് നേരിട്ടെങ്കിലും രണ്ട് റണ്‍ മാത്രമെടുത്ത് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക