ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ, ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്കിയേക്കാം
തിരിച്ചടവ് വൈകിയാൽ ലേറ്റ് ഫീ ഉൾപ്പെടെയുള്ള അധികചാർജുകൾ നൽകേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതാണ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വലിയ വര്‍ധനയാണ് സമീപ കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ പലർക്കും ക്രെഡിറ്റ് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന് അറിയില്ല, ക്രെഡിറ്റ് കാർഡിന്റെ ന്യായമായ ഉപയോഗം കൂടി മനസിലാക്കേണ്ടതുണ്ട്. ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അത്യാവശ്യമുള്ളതും, അല്ലാത്തതുമെല്ലാം വാങ്ങിക്കൂട്ടുന്നതിന്റെ ഒരു പ്രധാന കാരണം 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതിനാലാണ്. എന്നാൽ തിരിച്ചടവ് വൈകിയാൽ ലേറ്റ് ഫീ ഉൾപ്പെടെയുള്ള അധികചാർജുകൾ നൽകേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതാണ്.
ലേറ്റ് ഫീ ചാർജുകൾ
ഒരാളുടെ പരിധിക്കപ്പുറം ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്‌ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, ലേറ്റ് പേയ്മെന്റ് ചാർജ്ജുകൾ ഈടാക്കും. മൊത്ത കുടിശ്ശിക അടിസ്ഥാനമാക്കിയാണ് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് 2,000 മൊത്ത കുടിശ്ശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ്ജ് ചെയ്യുന്നു. എന്നാൽ 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്കകം ഏറ്റവും മിനിമം ബാലൻസ് എങ്കിലും അടച്ചാൽ, ലേറ്റ് ഫീ ഒഴിവാക്കാം. അതേസമയം അടയ്‌ക്കാത്ത ബാലൻസ് തുകയ്ക്ക് ഫിനാൻസ് ചാർജുകൾ ബാധകമായിരിക്കും.
ഫിനാൻസ് ചാർജ്ജ്സ്/ പലിശ നിരക്ക്
മൊത്തം കുടിശ്ശികയിൽ മിനിമം തുക അടച്ചാൽ മതിയെന്നാണ് മിക്ക കാർഡുടമകളും കരുതുന്നത്. എന്നാൽ, നിങ്ങൾ മൊത്തം കുടിശ്ശികയേക്കാൾ കുറഞ്ഞ തുക അടയ്ക്കുമ്പോൾ, ഫിനാൻസ് ചാർജ്ജ് ഈടാക്കുന്നതിനെപ്പററി പലരും ചിന്തിക്കാറില്ല. 20% മുതൽ 44% വരെ. കാർഡ് അനുസരിച്ച് ഫിനാൻസ് ചാർജ്ജ് ഈടാക്കാറുണ്ട്..
ക്രെഡിറ്റ് കാർഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാൻ, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ
നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക മാത്രം ക്രെഡിറ്റ് കാർഡുപയോഗിച്ച് ചെലവഴിക്കുക
മിനിമം തുക മാത്രമല്ല, ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും നിശ്ചിത തീയതിക്ക് മുൻപ് അടച്ചു തീർക്കുക
കുടിശ്ശിക തുക കൂടുതലാണെങ്കിൽ അത് ഇഎംഐ-കളാക്കി മാറ്റി മാസങ്ങൾക്കുള്ളിൽ അടച്ചുതീർക്കുക
പണം പിൻവലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. കാരണം പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല
ലഭ്യമായ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കാതിരിക്കുക. കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ഭാവിയിൽ ക്രെഡിറ്റ് നേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും .