വായ്‌പ എടുത്തവർക്ക് സമാധാനിക്കാം, റിപ്പോ നിരക്ക് കൂട്ടാതെ ആർബിഐയുടെ പണനയം
തുടർച്ചയായ ഒമ്പതാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്.
ദില്ലി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒമ്പതാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങേലെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
രാജ്യത്തെ പണപ്പെരുപ്പം മെയ്, ജൂൺ മാസങ്ങളിൽ കുറഞ്ഞിട്ടുണ്ടെന്നും. വരുന്ന മാസങ്ങളിൽ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. ആർബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനം ആണ്. ടോളറൻസ് ബാൻഡ് രണ്ട് ശതമാനവും. 2021 ജനുവരിയിൽ ആണ് പണപ്പെരുപ്പം ആർബിഐയുടെ വരുതിയിലാക്കി 4.06% എങ്കിലും എത്തിയത്. തുടർന്നിങ്ങോട്ട് നിയന്ത്രണത്തിൽ ഉണ്ടെങ്കിലും വീബറും മാസങ്ങളിൽ ലക്ഷ്യത്തിനടുത്തേക്ക് എത്തുമെന്നാണ് സൂചന. ഉപഭോക്തൃ വില സൂചികയെ സ്വാധീനിക്കുന്ന ഭക്ഷ്യവില കുത്തനെ ഉയർന്നതും തിരിച്ചടിയായിട്ടുണ്ട്. മെയ് മാസത്തിലെ 4.75% ൽ നിന്ന് ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 5.08% ആയി ഉയർന്നത് ഈ കാരണം കൊണ്ട് തന്നെയാണ്. ഭക്ഷ്യവിലപ്പെരുപ്പം മേയ് മാസത്തിലെ 8.69 ശതമാനത്തിൽ നിന്ന് ജൂണിൽ 9.55 ശതമാനമായി ഉയർന്നു, പച്ചക്കറി വില 27.33 ശതമാനം ഉയർന്നു. 2023 നവംബർ മുതൽ, ഭക്ഷ്യവസ്തുക്കളുടെ വില വർഷം തോറും 8% വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ ജനങ്ങൾ അവരുടെ വരുമാനത്തിൻ്റെ ഭൂരിഭാഗവും ഭക്ഷണത്തിനായി ചെലവഴിക്കാൻ നിര്ബന്ധിതരാകുന്നുണ്ട്. ഉയർന്ന ഭക്ഷ്യവിലപ്പെരുപ്പം മൊത്തത്തിലുള്ള പണപ്പെരുപ്പം ഗണ്യമായി കുറയുന്നത് തടയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രധാന പച്ചക്കറികളുടെ വില ഉയർന്നു,
ഭക്ഷ്യ വിലക്കയറ്റത്തിന് പുറമേ, പ്രമുഖ മൊബൈൽ സേവന ദാതാക്കൾ സമീപകാലത്ത് ടെലികോം താരിഫ് വർദ്ധപ്ധാപിച്ചത് വിപണിയിൽ സമ്മർദ്ദം ചെലുത്തും. അതേസമയം, അമേരിക്കൻ വിപണിയിലെ മാന്ദ്യ ഭയത്തിനും മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും ഇടയിൽ ക്രൂഡ് ഓയിൽ വില അടുത്തിടെ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് ആശ്വാസമാണ്.