പിടിമുറുക്കി ന്യൂസിലാൻഡ്, വിസ ഇനി അത്ര എളുപ്പം കിട്ടില്ല; പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അറിയാം
വിസ സ്പോൺസർമാർ ന്യൂസിലാൻഡിന്റെ സാമ്പത്തിക, കുടിയേറ്റ മുൻഗണനകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയാണ് ഈ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലിനോ, വിദ്യാഭ്യാസത്തിനോ വേണ്ടി ന്യൂസിലാൻഡിലേക്ക് പോകാനുള്ള ആലോചനയുണ്ടോ? എന്നാൽ ഇനി സംഗതി അത്ര എളുപ്പമാകണമെന്നില്ല. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്. നിലവിൽ ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന ചില വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിൽ വിസ, സന്ദർശക വിസ, വിദ്യാർത്ഥി വിസ എന്നിവക്കായി ആശ്രിതരെ സ്പോൺസർ ചെയ്യാൻ സാധിക്കില്ല. വിസ സ്പോൺസർമാർ ന്യൂസിലാൻഡിന്റെ സാമ്പത്തിക, കുടിയേറ്റ മുൻഗണനകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയാണ് ഈ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിദേശികൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥി വിസ, തൊഴിൽ വിസ, സന്ദർശക വിസ എന്നിവയ്ക്കായി അപേക്ഷിക്കുന്നതിന് തടസങ്ങളൊന്നുമില്ല.
പങ്കാളിയേയോ, തൊഴില്‍ വിസ തേടുന്നവരേയോ സ്പോണ്‍സണ്‍ ചെയ്യണമെങ്കില്‍ മണിക്കൂറില്‍ കുറഞ്ഞത് 29.66 ന്യൂസിലാന്‍ഡ് ഡോളര്‍ വരുമാനമുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. കുഞ്ഞിനേയോ, ആശ്രിതരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ വിസയോ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 43,322.76 ന്യൂസിലാന്‍ഡ് ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം പങ്കാളി എന്ന നിലയ്ക്കോ ആശ്രിതരായ കുട്ടികളായോ ഇതിനകം വിസകൾ ഉള്ള വ്യക്തികളെ ഈ മാറ്റം ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
നേരത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ രാജ്യത്തേക്കുള്ള കുടിയേറ്റം വർധിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതേ തുടർന്നാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുതകുന്ന നടപടികളുമായി ഇമിഗ്രേഷൻ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന് ശേഷം തൊഴിലാളികളുടെ ക്ഷാമം നേരിട്ടപ്പോഴാണ് ന്യൂസിലാൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് . കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റെക്കോർഡ് കുടിയേറ്റം കണക്കിലെടുത്താണ് തൊഴിൽ വിസയിൽ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉറപ്പാക്കുന്നതും, മിക്ക തൊഴിൽ വിസകൾക്കും മിനിമം വൈദഗ്ധ്യവും പ്രവൃത്തി പരിചയവും നിർബന്ധമാക്കുന്നതും ഉൾപ്പെടെയുള്ള നടപടികളും രാജ്യം പ്രഖ്യാപിച്ചിരുന്നു.