Asianet News MalayalamAsianet News Malayalam

അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക; ഗൂഗിള്‍ പിക്‌സലില്‍ സുരക്ഷാ വീഴ്‌ച, യുഎസില്‍ മുന്നറിയിപ്പ്

ഈ പിഴവ് മുതലെടുത്ത് ഇതിനകം ഹാക്കര്‍മാര്‍ ഫോണുകളില്‍ പിടിമുറുക്കിയിരിക്കാം എന്ന് ആശങ്ക

here is why 10 day warning for Google Pixel phone users
Author
First Published Jul 1, 2024, 12:49 PM IST

വാഷിംഗ്‌ടണ്‍: ഗൂഗിള്‍ പിക്‌സല്‍ സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഗുരുതര സുരക്ഷാ വീഴ‌്‌ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ 10 ദിവസത്തിനകം ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാനും അതല്ലെങ്കില്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പിക്‌സൽ ഫോണുകളിൽ ഗൂഗിൾ ഗുരുതരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് ഈ അടിയന്തര മുന്നറിയിപ്പ് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

CVE-2024-32896 എന്നാണ് ഗൂഗിളിന്‍റെ പിക്‌സല്‍ ഫോണുകളില്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ വീഴ്ചയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പിഴവ് മുതലെടുത്ത് ഇതിനകം ചില ഹാക്കര്‍മാര്‍ ഫോണുകളില്‍ പിടിമുറുക്കിയിരിക്കാം എന്നാണ് ഗൂഗിള്‍ തന്നെ പറയുന്നത്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനാണ് പിക്‌സല്‍ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ പൂര്‍ണമായും ഉപയോഗം നിര്‍ത്താനോ അമേരിക്കന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്നത്. അമേരിക്കയിലെ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്‌ച്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഇത് സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി. വലിയ സുരക്ഷാ വീഴ്‌ച ഗൂഗിളിന്‍റെ പിക്‌സല്‍ ഫോണുകളില്‍ കണ്ടെത്തിയതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എല്ലാവരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദേശമുണ്ട്. 

പുതിയ അപ്‌ഡേറ്റോടെ ഫോണുകളിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ നിലവില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാന്‍ വഴിയൊരുക്കുന്ന വീഴ്‌ചയെ മറികടക്കാനാണ് ഗൂഗിള്‍ പ്രധാനമായും അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. അപ്‌ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത ശേഷം പ്രോസസ് പൂര്‍ത്തീകരിക്കാന്‍ ഫോണുകള്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. ആന്‍ഡ്രോയ്‌ഡിലുള്ള മറ്റ് ഫോണുകളിലും സമാന പ്രശ്നം കടന്നുവരാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് 15 പുറത്തുവരും വരെ മറ്റ് ഫോണുകളില്‍ അപ്‌ഡേഷന്‍ നടന്നേക്കില്ല. അതിനാല്‍ തന്നെ ഗൂഗിള്‍ പിക്‌സല്‍ അല്ലാത്ത സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷാ ആശങ്ക മറികടക്കാന്‍ എന്ത് ചെയ്യണം എന്ന് വ്യക്തമല്ല. 

Read more: എല്ലാം അതിവേഗം; അടുത്ത മാറ്റവുമായി യൂട്യൂബ്

ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ ഏറെ സുരക്ഷാ ഭീഷണി നേരിടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പിക്‌സലിലെ പ്രശ്‌നം സംബന്ധിച്ച് വാര്‍ത്ത പുറത്തുവരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 90ലധികം ആപ്പുകള്‍ വലിയ അപകടമാണ് എന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. 55ലക്ഷത്തിലേറെ ഡൗണ്‍ലോഡുകളാണ് ഈ ആപ്പുകള്‍ക്കുള്ളത്. 

Read more: വിലയോ തുച്ഛം, ഗുണമോ മെച്ചം; 108 എംപിയാണ് ക്യാമറ! മറ്റൊരു ചൈനീസ് ഫോണ്‍ കൂടി വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios