'മകളുടെ കല്യാണമാണ്, സൊസൈറ്റിയിലിട്ട അഞ്ചര ലക്ഷം കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങും', നിക്ഷേപകക്ക് പറയാനുള്ളത്..
ഷീലയെ പോലുള്ള 350 പേരുടെ 13 കോടിയോളം രൂപയാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തിരിച്ച് നൽകേണ്ടത്.
'നവംബർ 12 ന് മകളുടെ കല്യാണമാണ്. സൊസൈറ്റിയിലിട്ട അഞ്ചര ലക്ഷം കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങും'. പലതവണ സൊസൈറ്റി പ്രസിഡന്റിനെ കാണാൻ ചെന്ന് വെറുംകയ്യോടെ മടങ്ങിയ ഷീല വി എസ് ശിവകുമാറിനെ കണാനിത് രണ്ടാം തവണയാണ് വരുന്നത്. ഷീലയെ പോലുള്ള 350 പേരുടെ 13 കോടിയോളം രൂപയാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തിരിച്ച് നൽകേണ്ടത്.
ഒന്നരക്കൊല്ലമായി തങ്ങൾ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നിക്ഷേപകർ കിള്ളിപ്പാലത്തെയും വെള്ളായണിയിലേയും സൊസൈറ്റി ബ്രാഞ്ചുകളിൽ കയറി ഇറങ്ങുകയാണ്. സൊസൈറ്റി പ്രസിഡന്റും ഡിസിസി അംഗവുമായ ശാന്തിവിള രാജേന്ദ്രൻ കൈമലർത്തിയതോടെയാണ് സൊസൈറ്റി ഉണ്ടാക്കാൻ മുൻകൈയെടുത്ത മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിലേക്ക് രാവിലെ നിക്ഷേപകർ സംഘടിച്ചെത്തിയത്.
പണം കിട്ടാതായി സഹികെട്ടതോടെ തുക തിരിച്ച് തരണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെത്തിയ നിക്ഷേപകർ ബഹളംവച്ചു. മ്യൂസിയം പൊലീസെത്തി നിക്ഷേപകരെ പുറത്താക്കി ഗേറ്റടച്ചു. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റിയെന്നാണ് പണം നഷ്ടപെട്ടവർ ആരോപിക്കുന്നത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും പണം നഷ്ടപ്പെട്ടവർ സർക്കാരിന് പരാതി നൽകട്ടേയെന്നുമായിരുന്നു വി എസ് ശിവകുമാറിന്റെ വിശദീകരണം. തനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ല. സൊസൈറ്റിയുടെ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്ത ബന്ധം മാത്രമേ തനിക്ക് ഉള്ളൂവെന്നാണ് വി എസ് ശിവകുമാർ പറയുന്നത്. പണം പോയവർ സർക്കാരിനെ സമീപിക്കണമെന്നും ഉപദേശം. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ തന്റെ ബിനാമിയല്ലെന്നും'' ശിവകുമാർ ആവർത്തിച്ചു. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്.
പ്രസിഡന്റ് എന്റെ ബിനാമിയല്ല, സ്ഥാപനം ഉദ്ഘാടനം ചെയ്തെന്ന ബന്ധം മാത്രമെന്ന് ശിവകുമാർ